Developer : Ryan Murphy
Genre : Thriller
Rating : 7.6/10
Seasons : 01
Episodes : 08
Duration : 45 - 62 Minutes
🔸വൺ ഫ്ലൂ ഓവർ ദി കുക്കൂസ് നെസ്റ്റ് എന്ന ജാക്ക് നിക്കോൾസൻ ചിത്രം കണ്ടവർ ആരും തന്നെ നേഴ്‌സ് റേച്ചഡ് എന്ന കഥാപാത്രത്തെ മറക്കാൻ ഇടയില്ല. ഇത്രയും വെറുപ്പ് തോന്നിയ, സ്‌ക്രീനിൽ ഉള്ള സമയം മുഴുവൻ ഒരു കമാൻഡിങ് ശൈലിയിൽ മറ്റ് കഥാപാത്രങ്ങൾക്ക് മേൽ തന്റെ അധീശത്വം കാണിച്ച അധികം കഥാപാത്രങ്ങളെ കണ്ട ഓർമയില്ല. ഇവരോട് മുട്ടാൻ നിൽക്കരുത് അപകടമാണ് എന്ന് വാക്കാൽ അല്ലാതെ തെളിയിച്ച വില്ലന്മാരും അപൂർവമാണ്, ആ ജനുസ്സിൽ പെടുന്ന ഒന്നാണ് നേഴ്‌സ് റേച്ചഡ് മിൽഡ്രഡ്. ഇതെല്ലാം കൊണ്ട് തന്നെ ഈ കഥാപാത്രത്തിന്റെ ഒറിജിൻ പ്രമേയമാക്കി ഒരു സീരീസ് വരുന്നു എന്നത് വളരെ താല്പര്യം ഉണർത്തിയ ഒരു കാര്യമായിരുന്നു.
🔸ആദ്യമേ തന്നെ പറയാം, സിനിമയും സീരീസും കണ്ട് തീർന്ന അനുഭവത്തിൽ നിന്നും, രണ്ട് കഥാപാത്രങ്ങൾ രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്ന പ്രതീതിയാണ്, അത് കൊണ്ട് തന്നെ ഈ ഒരു സീരീസ് നേരിട്ട് സിനിമയിലേക്ക് ടൈ അപ്പ് ആവും എന്ന പ്രതീക്ഷ ഒന്നും വേണ്ട, അത് സംഭവിക്കുകയും ഇല്ല, കുറഞ്ഞത് ഈ ഒരു സീസണിൽ എങ്കിലും. ഒരു രണ്ടാമത്തെ സീസണിന് സീരീസ് റിന്യു ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്, ഒരുപക്ഷെ അവിടെ ക്യാരക്റ്റർ ഡെവലപ്മെന്റ് പൂർണം ആയേക്കാം, അതിനുള്ള സാദ്ധ്യതകൾ ഒക്കെ തുറന്നിടുന്നുണ്ട് ഈ സീസണിൽ പ്രത്യേകിച്ചും സീസൺ ഫിനാലെയിൽ.
🔸ഒരു പ്രത്യേക ഉദ്ദേശം വെച്ച് മിൽഡ്രഡ് ലൂസിയ മെന്റൽ ഹോസ്പിറ്റലിൽ നേഴ്‌സ് ആയി ജോലിക്ക് കേറുന്നിടത്താണ് സീരീസ് ആരംഭിക്കുന്നത്, അതിനായി അവർ തിരഞ്ഞെടുത്ത വഴിയൊക്കെ കൗശലം നിറഞ്ഞതും സമർത്ഥവും ആയിരുന്നു താനും. ഇത്രയും ബുദ്ധിമുട്ടി അവർ അവിടെ വരണമെങ്കിൽ സ്വാഭാവികമായും അതിന് ശക്തമായ കാരണവും കാണും, അതുണ്ട് താനും. ലൂസിയ ഹോസ്പിറ്റൽ അടുത്തായി വാർത്തയിൽ ഇടം പിടിച്ച ഒന്നാണ്, വളരെ കുപ്രസിദ്ധനായ ഒരു കൊലയാളിയെ അവിടേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്, ടിയാന്റെ പേരിലുള്ള കേസ് ഒരല്പം വിവാദം സൃഷ്ട്ടിച്ചതുമാണ്. ഈ രണ്ട് സംഭവങ്ങളിൽ നിന്നുമാണ് സീരീസ് കഥ പറഞ്ഞ് തുടങ്ങുന്നത്.
🔸ടൈറ്റിൽ കാരക്റ്റർ ആയി സാറാ പോൾസൺ നന്നായിരുന്നു, പക്ഷെ സിനിമാറ്റിക് വേര്ഷനുമായുള്ള താരമത്യം ഒക്കെ അപ്രസക്തമാണ്, ആദ്യമേ സൂചിപ്പിച്ച രണ്ട് ധ്രുവങ്ങളിൽ ഉള്ള രീതികളും ചേഷ്ടകളും ഒക്കെ കൊണ്ട് തന്നെ. സിന്ധ്യ നിക്‌സൺ, ഫിൻ വിട്രോക്ക് എന്നിവരും നന്നായിരുന്നപ്പോൾ വിൻസെന്റ് ഓണാഫ്രിയോ വന്ന് പോയി, ഒരുപക്ഷെ തുടർ ഭാഗങ്ങളിൽ പ്രാധാന്യം വർധിച്ചേക്കാം. ലോബൊട്ടമി പോലുള്ള ഡിസ്റ്റർബിങ് ആയ വിഷയങ്ങൾ സീരീസ് കൈകാര്യം ചെയ്യുന്നുണ്ട്, അവ എല്ലാം അതേപടി കാണിക്കുന്നുമുണ്ട്, ആ കാരണം കൊണ്ട് തന്നെ ചില ഭാഗങ്ങൾ കണ്ടിരിക്കാൻ പാടായിരുന്നു. ഇന്റെരെസ്റ്റിംഗ് ആയ തുടക്കത്തിന് ശേഷം പാതി വഴി വെച്ചെവിടെയോ കെട്ടുറപ്പ് പോയ ഒന്നായാണ് സീരീസ് അനുഭവപ്പെട്ടത്, എങ്കിലും കാണാവുന്നതാണ്.
Verdict : Watchable
DC Rating : 2.75/5
No comments:
Post a Comment