Director : Mohammed Ali Talebi
Cinematographer : Farhad Saba
Genre : Drama
Country : Iran
Duration : 63 Minutes
🔸തരില്ലർ ജോണറിന്റെ ഒരു അംശം പോലും ഇല്ലാതിരുന്നിട്ടും വില്ലോ ആൻഡ് ദി വിൻഡ് എന്ന ചിത്രത്തിന്റെ അവസാന ഇരുപത് മിനിറ്റ് നെഞ്ചിടിപ്പ് കൂട്ടിയത് ഒരു ചെറിയ കാര്യം അല്ല, കേന്ദ്ര കഥാപത്രമായ കുശാക് എന്ന കുട്ടിയും അവന്റെ ശ്രമവും കഥയുടെ പേ ഓഫും എല്ലാം കൂടി ആവുമ്പോൾ ഒരു മികച്ച അനുഭവം തന്നെ ആവുന്നുണ്ട് വില്ലോ ആൻഡ് വിൻഡ് എന്ന ഇറാനിയൻ ചിത്രം. വളരെ ലളിതമായ പ്ലോട്ട് പോയിന്റുകളിൽ നിന്നും കാഴ്ചക്കാരനെ അമ്പരപ്പിക്കും വിധമുള്ള സിനിമകൾ സൃഷ്ടിച്ചെടുക്കുക എന്നത് ഒരു ഫോർമുല ആയി തന്നെ കൊണ്ട് പോവുന്ന ഇൻഡസ്ത്രിയിൽ നിന്നും ആ ഒരു ശൈലിക്ക് യോജിച്ച മറ്റൊരു മികച്ച ഉദാഹരണം കൂടിയായി മാറുകയാണ് ഈ ചിത്രം എന്ന് പറയാം.
🔸മന്നേ സൂചിപ്പിച്ചത് പോലെ തന്നെ വളരെ ലളിതമായ കഥയാണ് ചിത്രത്തിന്റേത്, ഒരു മഴക്കാലത്ത് ഇറാനിലെ ഗ്രാമ പ്രദേശങ്ങളിൽ ഒന്നിലെ ഒരു സ്കൂൾ ആണ് നമ്മുടെ കഥാ പശ്ചാത്തലം. കുശാക് എന്ന കുട്ടിക്ക് ഒരുനാൾ കളിച്ച് കൊണ്ടിരിക്കെ ഒരബദ്ധം പറ്റി, ഫുട്ബോൾ കളിയിലെ ആവേശം അങ്ങ് അലതല്ലി നിൽക്കുന്ന സമയം നല്ല ഒരു ഷോട്ട് അങ്ങ് വെച്ച് കൊടുത്തു, പന്ത് പോയത് പോസ്റ്റിലേക്ക് അല്ല മറിച്ച് ക്ലാസ്സ് റൂമിന്റെ ജനാല ലക്ഷ്യം വെച്ചായിരുന്നു എന്നത് വേറെ കാര്യം. ദോഷം പറയരുതല്ലോ, ആ അടിയിൽ തന്നെ ജനാല പൊളിഞ്ഞ് പാളീസായി, കഷ്ടകാലത്തിന് ആണെങ്കിൽ നല്ല മഴക്കാലവും, പൊട്ടിയ ജനാലയിലൂടെ വെള്ളം ക്‌ളാസിലേക്ക് എത്തി കുട്ടികൾക്ക് നേരാവണ്ണം ഇരിക്കാൻ പറ്റാത്ത അവസ്ഥ കൂടി ആയപ്പോ എല്ലാം പൂർത്തിയായി.
🔸വീട്ടീന്ന് കാശ് വാങ്ങി ജനാല നന്നാക്കാൻ രണ്ടാഴ്ച സമയമാണ് അവന് സ്കൂൾ അധികൃതർ കൊടുത്തത്, പൊതുവെ ദരിദ്ര കുടുംബം ആയത് കൊണ്ട് തന്നെ അതൊന്നും നടപടി ആവുന്ന മട്ടില്ല. അങ്ങനെ പ്രിൻസിപ്പാൽ കൊടുത്ത അവസാനത്തെ ദിവസം എത്തുകയാണ്, കുശാകിനെ ആണെങ്കിൽ ടീച്ചർമാർ എടുത്ത് ക്ലാസിന് വെളിയിലും ഇട്ടു, ഈ ദിവസം അവിടെ ചിലതൊക്കെ സംഭവിക്കാനുണ്ട്, ആ സംഭവങ്ങളാണ് ചിത്രം. കഥയുടെ ലാളിത്യം കൊണ്ട് എല്ലാ കാലത്തും ഈ ഇൻഡസ്ട്രി അമ്പരപ്പിച്ചിട്ടേ ഉള്ളൂ, അത് ഇവിടെയും ആവർത്തിക്കുകയാണ്. പ്രകടനം കൊണ്ടായാലും സംഗീതം കൊണ്ടായാലും എല്ലാം നല്ലൊരു അനുഭവം തന്നെയാണ് ചിത്രം, പ്രിന്റ് ലഭിക്കാൻ കുറച്ച് ബുദ്ധിമുട്ടേണ്ടി വന്നേക്കാം, സ്റ്റിൽ കാണാൻ ശ്രമിക്കുക.
Verdict : Very Good
DC Rating : 4/5
No comments:
Post a Comment