Director : Álex De La Iglesia
Genre : Comedy
Rating : 7.4/10
Country : Spain
Duration : 104 Minutes
🔸ഒരുപാട് ടീമപ്പ് ചിത്രങ്ങൾ നമ്മൾ പല ഭാഷകളിലും കാലഘട്ടങ്ങളിലും എല്ലാമായി കണ്ടിട്ടുണ്ട്, വളരെ വൈരുധ്യം നിറഞ്ഞ കോമ്പിനേഷനുകൾ ഉൾപ്പെട്ട ടീമപ്പുകൾ. എന്നാൽ ഒരുപക്ഷെ ഇത്രയും അന്തരത്തിൽ നിൽക്കുന്ന കഥാപാത്രങ്ങൾ ഒറ്റ ലക്ഷ്യത്തിനായി ഒന്നിച്ച് വരുന്ന മറ്റൊരു ചിത്രം കാണിച്ച് തരാനാവില്ല. വെറുതെ പറഞ്ഞതല്ല, ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ ഒരു പള്ളി വികാരി, ഒരു ഹെവി മെറ്റൽ റോക്ക് ബാൻഡ് ഫാനായ ജങ്കി, ഒരു തട്ടിപ്പ് തരികിട മജീഷ്യൻ എന്നിവരാണ്, നല്ല ഒന്നാംക്‌ളാസ്സ് കോംബോ തന്നെ.
🔸അത്യാവശ്യം വെയ്ർഡ് ആയ ഈ കോംബോ ഉൾപ്പെട്ട ചിത്രം ഒന്ന് കൂടി വിചിത്രം ആവുന്നത് ഇവർ ഇറങ്ങി തിരിക്കുന്ന കാര്യവും അതിന്റെ ഗൗരവവും കൂടി കണക്കിൽ എടുക്കുമ്പോഴാണ്, സ്പോയ്ലർ പരമാവധി ഒഴിവാക്കി കൊണ്ട് തന്നെ പറയാം, ഭൂമിയിൽ നിന്നും സാത്താനെ എന്നെന്നേക്കുമായി ഒഴിവാക്കാനും അത് വഴി മനുഷ്യ കുലത്തിനെ എന്നെന്നേക്കുമായി രക്ഷിക്കാനും ഒക്കെയാണ് ടീമ്സിന്റെ പ്ലാൻ. അത്യാവശ്യം ഇന്ററസ്റ്റ് തോന്നിക്കുന്ന കൺസപ്റ്റിനെ അർഹിക്കുന്ന വൈചിത്ര്യം കുത്തിവെച്ച് ബ്ലാക്ക് കൊമെടിയിൽ ചാലിച്ചാണ് അവതരണം, അത് കൊണ്ട് തന്നെ നല്ലൊരു ആസ്വാദനാനുഭവം പ്രതീക്ഷിക്കാം.
🔸ഒരു പള്ളിമേടയിൽ വെച്ചാണ് സിനിമ ആരംഭിക്കുന്നത്, അവിടുത്തെ വികാരി പ്രാർത്ഥിച്ച് കൊണ്ടിരിക്കെയാണ് അയാൾക്ക് പരിചിതനായ മറ്റൊരു വികാരി അവിടേക്ക് കടന്ന് വരുന്നത്. അയാളുടെ ചേഷ്ടകളിൽ നിന്നും അത്യന്തം രഹസ്യ സ്വഭാവമുള്ള എന്നാൽ അങ്ങേയറ്റം ഗൗരവമേറിയ ഒരു കാര്യം പള്ളി വികാരിയോട് പറയാൻ ഉണ്ട് എന്ന് വ്യക്തം. ആളൊഴിഞ്ഞ ശേഷം പതിയെ ഇരുവരും കാര്യത്തിലേക്ക് കടക്കുകയാണ്, പ്രസ്തുത കാര്യത്തെ പറ്റി കേട്ട മാത്രയിൽ തന്നെ ആ വൃദ്ധൻ എയ്ഞ്ചൽ എന്ന നമ്മുടെ നായകനോട് ചോദിക്കുന്നത് തികച്ചും സ്വാഭാവികമായ, നിനക്ക് തലയ്ക്ക് വല്ല പ്രശ്നവും ഉണ്ടോ എന്ന മട്ടിലൊരു ചോദ്യമാണ്.
🔸തുടർന്ന് ഒരല്പം വിശദീകരണത്തിനു വ്യക്തത വരുത്തലിനും എല്ലാം ശേഷം ഈ കാര്യത്തിന് ഞാൻ നിന്നെ സഹായിക്കാം എന്നയാൾ തുറന്ന് സമ്മതിക്കുകയാണ്, ഇപ്പോഴും എന്ത് എങ്ങിനെ എപ്പോൾ എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എയ്ഞ്ചൽ വ്യക്തമാക്കിയിട്ടില്ല. അയാളുടെ വാക്കുകളിൽ നിന്നും ഇത് വൺസ് ഇൻ എ ലൈഫ്‌ടൈം ചാൻസ് ആണെന്നും ഇത് വഴി മനുഷ്യ രാശിയെ എന്നെന്നേക്കുമായി ഭീതിയുടെ മറയിൽ നിന്ന് രക്ഷിക്കാൻ പറ്റും എന്നും മാത്രം വ്യക്തമാണ്. സിനിമയുടെ ടോണിന് ചേർന്ന് നിൽക്കും വിധം ഈ സീനിൽ ഒരു ചെറിയ സർപ്രൈസ് കൂടിയുണ്ട്.
🔸ഐഡിയ ഒക്കെ കൊള്ളാം, പക്ഷേങ്കിൽ വകതിരിവ് കുറഞ്ഞ് പോയി എന്നൊക്കെ പറയാവുന്നതാണ് എയ്ഞ്ചേലിന്റെ കാര്യത്തിൽ. ഈ ഉദ്യമത്തിന് പുള്ളിക്ക് കിട്ടുന്നതും ഏറെക്കുറെ അത്തരം കൂട്ടാളികളെ തന്നെയാണ്, ഈ ഒരു ഡൈനാമിക് ആണ് ചിത്രത്തെ കുറച്ച് കൂടി എന്റർറ്റെയിനിങ് ആക്കുന്നത്. കൊമെടി എന്ന് വിശേഷിപ്പിക്കാം എങ്കിലും ഹൊറർ ആസ്‌പെക്റ്റുകൾ ചിത്രത്തിലുണ്ട്, ക്ലൈമാക്സിനോട് അടുക്കുമ്പോൾ ഒരു ഗ്യാങ്‌സ്റ്റർ കം ഗ്യാങ്‌വാർ ലെവെലിലേക്കും പോവുന്നുണ്ട് ഈ ചിത്രം. സ്‌ക്രീനിലുള്ള രണ്ട് മണിക്കൂറിന് അടുത്ത് സമയം അത്യാവശ്യം പിടിച്ചിരുത്തുന്ന, രസിപ്പിക്കുന്ന ഒന്നാണ് ഡേയ്സ് ഓഫ് ബീസ്റ്റ് എന്ന ചിത്രം, താല്പര്യം തോന്നുന്നെങ്കിൽ പരീക്ഷിക്കാവുന്നതാണ്.
Verdict : Very Good
DC Rating : 80/100
No comments:
Post a Comment