Director : Lazar Stojanović
Genre : Drama
Rating : 6.9/10
Country : Croatia
Duration : 73 Minutes
🔸പ്ലാസ്റ്റിക് ജീസസ്, പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഹൈലി കോണ്ട്രാവെർഷ്യൽ ഐറ്റം. ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒന്നിൽ ഷൂട്ടിങ് പൂർത്തിയായതാണ് ഈ ചിത്രം എങ്കിലും പുറം ലോകം കാണാൻ അല്ലെങ്കിൽ ഒരു പബ്ലിക് സ്ക്രീനിംഗ് നടക്കാൻ മാത്രം രണ്ട് പതിറ്റാണ്ട് എടുത്തു എന്നത് സിനിമ കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ തീവ്രത കണക്കാക്കാൻ ഉള്ള നല്ല ഒരു ഉപാധിയാണ്. തൊണ്ണൂറ്റി ഒന്നിൽ മോണ്ട്രിയൽ ഫിലിം ഫെസ്റ്റിവലിൽ ആദ്യമായി പ്രദർശിപ്പിക്കുന്നത് വരെ ഈ ചിത്രത്തെ കുറിച്ച് ഊഹാപോഹങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ കാഴ്ചക്കാർക്കും മറ്റുള്ളവർക്കും ഇടയിൽ, ആ ഫെസ്റ്റിൽ ചിത്രം ടോപ് പ്രൈസ് കരസ്ഥമാക്കുകയും ചെയ്തിരുന്നു.
🔸ചിത്രം തയാറാക്കി ഉദ്ദേശം ഒരു വർഷം കഴിഞ്ഞപ്പോഴാണ് സംവിധായകൻ ലസാർ സ്റ്റോജെനോവിച്ച് അറസ്റ്റ് ചെയ്യപ്പെടുന്നത്, ഇതിന് ഒരു കാരണവുമുണ്ട്. യുഗോസ്ലോവിയൻ കമ്യുണിസ്റ്റ് നേതാവായ ജോസഫ് ബ്രോസിന്റെ ഭരണം വിമർശനത്തിന്റെ വാൾമുനയിൽ പെട്ട് ഉഴലുമ്പോഴാണ് സ്റ്റോജെനോവിച്ചിന്റെ പ്ലാസ്റ്റിക് ജീസസ് എന്ന ചിത്രം സാന്നിധ്യം അറിയിക്കുന്നത്, ചിത്രത്തിൽ ആണെങ്കിൽ ആന്റി നാസി ആന്റി കമ്യുണിസ്റ്റ് കൊട്ടൊക്കെ അത്യാവശ്യം നന്നായുണ്ട് താനും. അപ്പൊ പിന്നെ സ്വാഭാവികമായും അത്ര നല്ല കാര്യങ്ങൾ പ്രതീക്ഷിക്കേണ്ടതില്ലല്ലോ.
🔸ചിത്രം തയാറായി തൊട്ടടുത്ത വർഷം സ്റ്റോജെനോവിച്ച് അറസ്റ്റ് ചെയ്യപ്പെട്ടു, പേരിനൊരു വിചാരണ എന്ന മട്ടിൽ ഒരു പ്രഹസനത്തിന് ഒടുവിൽ വീണ്ടും ഒരു വർഷത്തിന് ശേഷം അയാൾക്ക് തടവറ വിധിക്കപ്പെടുന്നു. പിന്നീടുള്ള കുറച്ച് വർഷങ്ങൾ സ്റ്റോജെനോവിച്ച് ചിലവഴിച്ചത് ജയിലറകൾക്ക് ഉള്ളിലാണ്. ഈ ഒരു മുഖവര ഉൾപ്പെടുത്തി ചിത്രവും സംവിധായകനും എല്ലാം നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ ഫോക്കസ് ചെയ്ത് കൊണ്ടാണ് പ്ലാസ്റ്റിക് ജീസസ് കഥ പറഞ്ഞ് തുടങ്ങുന്നത്.
🔸ജോസഫ് ബ്രോസിനെയോ അല്ലെങ്കിൽ അയാളുടെ ഭരണത്തെയോ മാത്രമായി ഉള്ള തേജോവധമോ അല്ലെങ്കിൽ വിമർശനമോ അല്ല ചിത്രത്തിന്റെ കാതൽ, നിലനിൽക്കുന്നു എന്ന് പറയുന്ന അല്ലെങ്കിൽ പൊതുവെ വിമർശിക്കപ്പെടുന്ന സിസ്റ്റത്തെ മുഴുവനായി പൊളിച്ചെഴുതുന്നുണ്ട് ഈ ചിത്രം, രാഷ്ട്രീയ സാംസ്‌കാരിക പ്രഹസനങ്ങൾ തൊട്ട് ലൈംഗികത വരെ വിഷയമാവുന്നുണ്ട് ചിത്രത്തിൽ. കഥ എന്ന വസ്തുതയിലേക്ക് മനഃപൂർവം കടക്കാഞ്ഞത് തന്നെയാണ്, ഒരു ക്രൊയേഷ്യൻ അണ്ടർ ഗ്രൗണ്ട് സിനിമ സംവിധായകൻ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ എന്ന് മാത്രം പറഞ്ഞിടാം.
🔸ഈ സൂചിപ്പിച്ച ത്രെഡിലൂടെ കഥ പോവുമ്പോൾ തന്നെ വിവിധ നേതാക്കന്മാരുടെയും ചരിത്രത്തിലെ ചില സംഭവങ്ങളുടെയും എല്ലാം ഫൂട്ടേജുകൾ ചിത്രം കാണിക്കുന്നുണ്ട്. യുഗോസ്ലോവിയയിൽ കാടൻ ഭരണം വീഴുന്നതിന് മുൻപുള്ള കാലഘട്ടത്തിലേക്കുള്ള നല്ലൊരു തിരിഞ്ഞ് നോട്ടം കൂടിയാണ് ഈ ചിത്രം, ചരിത്രാന്വേഷികൾക്കും സിനിമ സ്നേഹികൾക്കും ഒരുപോലെ പരീക്ഷിക്കാവുന്ന ഒരു വർക്. എല്ലാവര്ക്കും നിർദ്ദേശിക്കില്ല ഈ ചിത്രം, മുകളിൽ ചേർത്ത കാര്യങ്ങൾ വായിച്ച് താല്പര്യം ഉണ്ടെങ്കിൽ, തോന്നുന്നെങ്കിൽ മാത്രം പരീക്ഷിച്ച് നോക്കാവുന്നതാണ്.
Verdict : Good
DC Rating : 75/100
No comments:
Post a Comment