Thursday, November 26, 2020

970. Oru Deshathinte Katha (1971)



Author : S. K. Pottekkatt

Pages : 566

Language : Malayalam

Price : 450

Publisher : D.C Books


🔸ഇത്രയും കാലത്തെ ജീവിതത്തിൽ നല്ലൊരു ഭാഗം സ്വന്തം നാടിന്റെ പുറത്ത് ജീവിച്ച ഒരാളാണ് ഞാൻ, പണ്ടൊരു മഴക്കാലത്ത് തറവാട് മുറ്റത്ത് കളിച്ച് കൊണ്ടിരിക്കെ അപ്രതീക്ഷിതമായി വന്നൊരു വാർത്ത കാരണം നാട്ടിൽ നിന്നും പോവേണ്ടി വന്നതുമാണ്. പിന്നീട് ഒരു പതിറ്റാണ്ടിൽ അധികം കാലത്തിന് ശേഷമാണ് ആ തറവാട്ടിലേക്ക് മടങ്ങി ചെന്നത്, അപ്പോഴേക്ക് അവിടെയും പരിസര പ്രദേശത്തും ഉണ്ടായിരുന്ന പല പരിചിത മുഖങ്ങളും കാലയവനികയ്ക്ക് ഉള്ളിലേക്ക് മറഞ്ഞ് കഴിഞ്ഞിരുന്നു, സമപ്രായക്കാർ ആയിരുന്നവരൊക്കെ മറ്റേതൊക്കെയോ വഴികളിലേക്കും പോയി കഴിഞ്ഞിരുന്നു. ഈ ഒരു കാരണം കൊണ്ട് തന്നെ "ഒരു ദേശത്തിന്റെ കഥ" പകർന്ന് തന്ന അനുഭവം വാക്കുകളാൽ പറഞ്ഞ് അറിയിക്കാൻ കഴിയുന്ന ഒന്നല്ല.

🔸ശ്രീധരൻ എന്ന കഥാപാത്രം നോവലിന്റെ തുടക്കത്തിൽ തന്നെ പറയുന്നുണ്ട്, ഈ കഥ എന്റേത് മാത്രമല്ല മറിച്ച് ഒരു പ്രദേശത്തിന്റേത് തന്നെയാണെന്ന്, അതിരാണിപ്പാടം എന്ന ഗ്രാമത്തിന്റെ ചൂടും ചൂരും അറിഞ്ഞ്, ജനിച്ച് വളർന്ന് കാലത്തിന്റെ കുത്തൊഴുക്കിൽ അവിടെ തന്നെ അവസാനിച്ച ഒട്ടനേകം ജന്മങ്ങളുടെ കഥ. നൂറിലധികം കഥാപാത്രങ്ങൾ കടന്ന് വരുന്ന, കേരളത്തിന്റെ ഒരറ്റത്ത് കിടക്കുന്ന കുഗ്രാമമായ അതിരാണിപ്പാടത്ത് തുടങ്ങി നൈൽ നദിക്കരയിലേക്ക് വരെ കടന്ന് ചെല്ലുന്ന, പതിറ്റാണ്ടുകളോളം നീണ്ട് നിൽക്കുന്ന കഥയ്ക്ക് എപിക് എന്നതിൽ കവിഞ്ഞൊരു വിശേഷണം നല്കാനില്ല.

🔸സത്യസന്ധനും നീതിമാനുമായ കൃഷ്ണൻ മാസ്റ്റർ കന്നിപ്പറമ്പിൽ എത്തുന്നിടത്ത്നി ന്നും അദ്ദേഹത്തിന്റെ മകനും നറേറ്ററുമായ ശ്രീധരൻ വായനക്കാരോട് വിട പറയുന്നത് വരെയുള്ള കഥ വികാരങ്ങളുടെ ഒരു തള്ളിക്കയറ്റം തന്നെയാണ്. തന്റെ ബാല്യ യൗവന കാലം അതിരാണിപ്പാടത്ത് ചിലവിട്ട ശ്രീധരന് പിന്നീട് ചില കാരണങ്ങളാൽ നാട് വിട്ട് പോവേണ്ടി വരുന്നതും, നീണ്ട മുപ്പത്തി നാല് വർഷങ്ങൾക്ക് ശേഷമുള്ള അയാളുടെ മടങ്ങി വരവും എല്ലാമാണ് നോവലിന്റെ കഥ. ഈ കാലയളവിനിടെ അതിരാണിപ്പാടത്ത് വന്ന മാറ്റങ്ങളും തനിക്ക് പരിചിതമായ കഥാപാത്രങ്ങൾക്ക് സംഭവിച്ച കാര്യങ്ങളും എല്ലാം അയാൾ അറിയുന്നത്, അനുഭവിക്കുന്നത് വിശേഷണങ്ങൾക്ക് അതീതമായ മനോഹരമായ നിമിഷങ്ങളാണ്.

🔸അതിരാണിപ്പാടത്തിന്റെ കഥ പറയുമ്പോൾ ചില കഥാപാത്രങ്ങളെ പ്രത്യേകം പറയാതെ വിടുന്നത് എങ്ങനെ? ശ്രീധരന്റെ അച്ഛനായ കൃഷ്ണൻ മാസ്റ്റർ, ജ്യേഷ്ട്ടന്മാരായ ഗോപാലൻ, ഫിറ്റർ കുഞ്ഞാപ്പു, അമ്മാളുവമ്മ, കുടക്കാൽ ബാലൻ, ഞണ്ട് ഗോവിന്ദൻ, ആധാരം ആണ്ടി, ശങ്കുണ്ണി കമ്പോണ്ടർ, കുളൂസ് പറങ്ങോടൻ, കിട്ടൻ റൈറ്റർ, വേലുമൂപ്പർ തുടങ്ങി കടല് പോലെ ഉണ്ടായിരുന്ന കേളഞ്ചേരി തറവാട് കുടിച്ച് വറ്റിച്ച് സ്വയം നശിച്ച കുഞ്ഞിക്കേളു മേലാൻ വരെ ജീവിതമായ കഥയിലേക്ക് കടന്ന് വന്ന് തങ്ങളുടെ വേഷം അവതരിപ്പിച്ച് മണ്മറഞ്ഞ് പോയ ഒട്ടനവധി കഥാപാത്രങ്ങൾ. ഇവിടെ ചെയ്യുന്ന കർമത്തിന്റെ ഫലം ഇവിടെ തന്നെ അനുഭവിക്കേണ്ടി വരുമെന്ന് ആരോ എവിടെയോ പറഞ്ഞത് ഓർത്ത് പോവുന്നു, അപ്പോഴും ബാക്കി ഉള്ളത് നാരായണിയാണ്, അത് ഒരു വേദനയായി അവിടെ കിടക്കും, ചിലത് അങ്ങനെയൊക്കെയാണ്...

"പഴയ കൗതുക വസ്തുക്കൾ തേടി വന്ന ഒരു പരദേശിയുടെ കഥ, അയാളുടെ ദേശത്തിന്റെയും...❤️❤️" 

1 comment:

1329. The Burmese Harp (1956)

Director : Kon Ichikawa Cinematographer : Minoru Yokoyama Genre : War Country : Japan Duration : 116 Minutes 🔸രണ്ടാം ലോക മഹായുദ്ധത്തോളം സിന...