Director : César Augusto Acevedo
Genre : Drama
Rating : 7.1/10
Country : Colombia
Duration : 97 Minutes
🔸കൊളംബിയയിൽ നിന്നും വളരെ മികച്ച ഒരു ഡ്രാമ ചിത്രം കൂടി, നമ്മുടെ ചലച്ചിത്ര മേള ഉൾപ്പെടെ ഉള്ള വേദികളിൽ പ്രദര്ശിപ്പിക്കപ്പെട്ട, മികച്ച നിരൂപക പ്രശംസ നേടിയ ഒരു ചെറിയ മനോഹര ചിത്രമാണ് ലാൻഡ് ആൻഡ് ഷെയ്ഡ്. പല റെപ്യുട്ടഡ് സൈറ്റുകൾ ഉൾപ്പെടെ ഉള്ള മീഡിയസ് രാജ്യത്തെ ഇന്ന് വരെ പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും മികച്ചവയിൽ ഒന്നായി തിരഞ്ഞെടുത്ത ചിത്രത്തിന്റെ നിലവാരം സംബന്ധിച്ച് അധികം സംശയമോ ചർച്ചയോ ആവശ്യമുണ്ട് എന്ന് തോന്നുന്നില്ല, കണ്ടിരിക്കേണ്ട മികച്ചൊരു സിനിമ തന്നെയാണ്.
🔸കൊളമ്പിയയിലെ ഒരു ഗ്രാമ പ്രദേശത്ത് ആണ് ചിത്രം ആരംഭിക്കുന്നത്, വഴിയോരത്ത് മുഴുവൻ മുളകൾ വളർന്ന് പടർന്ന് പന്തലിച്ച് കിടക്കുന്ന ഇവിടം മറ്റ് വിളകൾക്ക് പറ്റിയതല്ലേ എന്ന തോന്നൽ പോലും ഉണ്ടാക്കും. അവിടെ താമസമാക്കിയ സകലമാന ജനങ്ങളും മുള കൃഷിയും ആയി ബന്ധപ്പെട്ട ജോലികളാണ് ചെയ്ത് പോരുന്നത്, ഇതല്ലാതെ അവിടെ ആകെ ഉള്ളത് ജോലിക്കാരെ കൊണ്ടുവിടാനും കൊണ്ടുപോവാനും ഉള്ള ഒരു ബസ് മാത്രമാണ് താനും. അത്രയും ദാരുണമാണ് അവസ്ഥ, ദാരിദ്ര്യം കൊടുമ്പിരി കൊണ്ടിരിക്കുകയാണ്, ദിവസ വേതനക്കാരായ ജോലിക്കാരാണെങ്കിൽ ആകെ പൊറുതി മുട്ടിയിരിക്കുകയാണ്.
🔸അൽഫോൻസോ എന്ന നമ്മുടെ കേന്ദ്ര കഥാപാത്രമായ വൃദ്ധൻ പതിനേഴ് വർഷങ്ങൾക്ക് ശേഷമാണ് മടങ്ങി വരുന്നത്, ഒരുകാലത്ത് തന്റേതായിരുന്ന വീട്ടിലേക്ക്, തന്റേതായിരുന്ന കുടുംബത്തിലേക്ക്. ഭാര്യയുമായി ഉടലെടുത്ത ഒരു വഴക്ക് കാരണമാണ് അയാൾ നാട് വിട്ടത്, പിന്നീട് ഇത്രയും വർഷങ്ങൾ അയാൾ തിരിച്ച് വന്നിട്ടേയില്ല, ഇപ്പോഴത്തെ അൽഫോൻസോയുടെ വരവിന് പിന്നിൽ ഒരു കാരണമുണ്ട്, അയാളുടെ മകനായ ജറാർഡോ. കൃഷി ജോലി ചെയ്ത് പോന്ന ജെറാർഡോ ഇന്ന് വളരെ മോശം അവസ്ഥയിലാണ്, ചാരപ്പൊടി കൊണ്ടാണെന്ന് തോന്നുന്നു നിൽക്കാത്ത പനിയും മറ്റും കാരണം എഴുന്നേറ്റ് നില്ക്കാൻ പോലുമാവാത്ത അവസ്ഥ.
🔸അൽഫോൻസോയുടെ മുൻ ഭാര്യയും ജെറാർഡോയുടെ ഭാര്യയും പാടത്ത് ജോലിക്ക് പോയാണ് ജീവിക്കാനുള്ള വക ഉണ്ടാക്കുന്നത്, അൽഫോൻസോയ്ക്ക് മകനെ പരിചരിക്കുക എന്നതാണ് ജോലി. വർഷങ്ങൾക്ക് മുന്നേ അറത്ത് മാറ്റി പോയ ബന്ധങ്ങൾ ഒന്ന് കൂടി കൂട്ടി യോജിപ്പിക്കേണ്ട ആവശ്യം അവിടെ ഉയരുകയാണ്, അതിന്റെ സാധ്യതകളിലേക്കാണ് ചിത്രം കടന്ന് ചെല്ലുന്നതും. വളരെ മികച്ച, അത്യാവശ്യം വൈകാരികമായ ഒരു സിനിമയാണ് ലാൻഡ് ആൻഡ് ഷെയ്ഡ്, വേറിട്ട ഒരനുഭവം നിങ്ങൾക്ക് ലഭിച്ചേക്കാം, കഴിയുമെങ്കിൽ കാണാൻ ശ്രമിക്കുക.
Verdict : Very Good
DC Rating : 4.25/5
No comments:
Post a Comment