Friday, July 31, 2020

856. Three Colors Red (1994)



Director : Krzysztof Kieślowski

Genre : Drama

Rating : 8.1/10

Country : France

Duration : 100 Minutes


🔸കീസ്ലോവ്സ്കിയുടെ കളേഴ്സ് ത്രിലോഗിയിലെ അവസാന ചിത്രം, നിരൂപകരുടെയും പല സിനിമാ ആസ്വാദകരുടെയും അഭിപ്രായത്തിൽ സീരീസിനെ തന്നെ ഡിഫൈൻ ചെയ്യുന്ന, മൂന്ന് എണ്ണത്തിലെയും ഏറ്റവും മികച്ചത് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം. ഒരു ട്രിലോഗിയെ സംബന്ധിച്ച് മൂന്നാമത്തെ ചിത്രത്തിന് വലിയ പ്രാധാന്യമുണ്ട്, കഥയുടെ കാപ്പിങ് ഓഫിന് കഥയോളം പ്രാധാന്യം ഉണ്ടെന്ന് പറയുന്ന ആ അർത്ഥത്തിൽ തന്നെ. ഈ വസ്തുത കണക്കിൽ എടുത്ത് നോക്കുക ആണെങ്കിൽ തീർച്ചയായും ശക്തമായ ഒരു സിനിമ തന്നെയാണ് ത്രീ കളേഴ്സ് റെഡ്, ഏറ്റവും മികച്ചത് എന്ന പട്ടം വ്യക്തിപരമായി കൊടുക്കില്ലെന്നത് വേറെ കാര്യം.

🔸വാലന്റീന എന്ന യുവതിയാണ് ഈ മൂന്നാം ഭാഗ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം, വാലന്റീന ജനീവയിലെ ഒരു യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിയും മോഡലും ഒക്കെയാണ്, ഇതിന് പുറമെ അല്ലറ ചില്ലറ ബാല്ലേ ക്‌ളാസ്സുകളിലും പങ്കെടുക്കാറുണ്ട്, ആകെ തിരക്കുള്ള ഒരു ജീവിതം. ഇതിന് പുറമെ ഒരു പ്രണയം കൂടിയുണ്ട് അവളുടെ ജീവിതത്തിൽ, ഇംഗ്ലീഷുകാരനായ അത്യാവശ്യം പൊസസീവ് ആയ ഒരു കഥാപാത്രം, ഇരുവരും അടുത്ത് തന്നെ കണ്ട് മുട്ടാൻ പ്ലാൻ ഇടുന്നുണ്ട്. വാലന്റീനയുടെ ജീവിതം മാറി മറിയുന്നത് ഒരുനാൾ അവളുടെ വണ്ടി കാരണം ഒരു നായയ്ക്ക് പരിക്കേൽക്കുമ്പോഴാണ്.

🔸അവൾ നായയുടെ ഉടമയെ കണ്ടെത്തി അവിടേക്ക് ചെന്നെങ്കിലും അയാൾ അതിൽ വലിയ താല്പര്യം ഒന്നും കാണിക്കുന്നില്ല, ആ പറയാൻ വിട്ടുപോയി ഈ ഉടമസ്ഥ കഥാപാത്രമാണ് ചിത്രത്തിലെ രണ്ടാമത്തെ കേന്ദ്ര കഥാപാത്രം, റിട്ടയേഡ് ജഡ്ജി ജോസഫ് കെൺ. കെണിന്റെ പക്കൽ നിന്നും ആശാവഹമായ പ്രതികരണം ഒന്നും കിട്ടാഞ്ഞതിനാൽ വാലന്റീന തന്നെ നായയെ പരിചരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി വൈദ്യസഹായം ഉറപ്പ് വരുത്തുന്നുണ്ട്. പിന്നീട് അതിനെ മടക്കി കൊണ്ട് ചെന്നപ്പോഴാണ് അവൾ ഒരു ഞെട്ടിക്കുന്ന കാര്യം ശ്രദ്ധിക്കുന്നത്.

🔸ജഡ്ജ് കെൻ തന്റെ അയൽക്കാരുടെയും മറ്റും രഹസ്യ,.സ്വകാര്യ സംഭാഷണങ്ങൾ മാറി ഇരുന്ന് കേൾക്കുന്നും വീക്ഷിക്കുന്നും ഒക്കെ ഉണ്ട് എന്ന കാര്യം. തുടക്കത്തിൽ യോജിക്കാൻ കഴിയുന്നില്ല എങ്കിലും പോകെ പോകെ അവളുടെ മനസിലും സംശയങ്ങൾ, ചോദ്യങ്ങൾ എന്നിവ ഉരുത്തിരിഞ്ഞ് വരികയാണ്. വാലന്റീനയ്ക്കും കെന്നിനും ഇടയിൽ ഒരു ബന്ധം പോകെ പോകെ ഉടലെടുക്കുന്നുണ്ട്, ഇത് തന്നെയാണ് ചിത്രത്തിന്റെ സോളും. പേഴ്സണലി ട്രിലോഗിയിൽ മൂന്നാം സ്ഥാനത്ത് മാത്രമേ ഈ ചിത്രത്തെ വെക്കാനാവു, മോശം ആയത് കൊണ്ടല്ല മറിച്ച് ആദ്യ രണ്ടെണ്ണം തന്ന ഇമ്പാക്റ്റ് ഒന്ന് കൊണ്ട്, ക്ലൈമാക്സിനോട് അടുത്ത് ചെറിയ ചില സർപ്രൈസുകൾ ഉണ്ട്, കാണാൻ ശ്രമിക്കുക.

Verdict : Good

DC Rating : 75/100

Thursday, July 30, 2020

855. Three Colors White (1994)



Director : Krzysztof Kieślowski

Genre : Drama

Rating : 7.6/10

Country : France

Duration : 92 Minutes


🔸കീസ്ലോവ്സ്കിയുടെ ത്രീ കളർ ട്രിലോഗിയിൽ പേഴ്സണലി ഏറ്റവും ഇഷ്ട്ടപ്പെട്ട ചിത്രമാണ് വൈറ്റ്, ആദ്യ ഭാഗം സ്വാതന്ത്ര്യം അല്ലെങ്കിൽ വ്യക്തി സ്വാതന്ത്ര്യം ഒക്കെയാണ് ഉയർത്തി കാട്ടിയത് എങ്കിൽ ഈ ഭാഗത്ത് പ്രതികാരവും, അത് കാരണം ഉണ്ടാവുന്ന വ്യക്തി ജീവിതത്തിൽ ഉൾപ്പെടെ ഉള്ള നഷ്ടങ്ങളും ഒക്കെയാണ് പ്രമേയം. ജൂലി ഡെൽപി എന്ന നടിയുടെ ആരാധകൻ ആയത് കൊണ്ട് കൂടി ഈ സിനിമ കൂടുതൽ സ്പെഷ്യൽ ആവുന്നത്, അവരുടെ മികച്ച ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് ത്രീ കളേഴ്സ് വൈറ്റ്. മറ്റ് ചിത്രങ്ങളുമായി താരമത്യം ചെയ്യുമ്പോൾ റിലേറ്റ് ചെയ്യാനും ഇന്റർപ്രെറ്റ് ചെയ്യാനും കുറച്ച് കൂടി എളുപ്പമാണ് ഈ ഭാഗം.

🔸ത്രീ കളേഴ്സ് ബ്ലൂയിൽ നായികയായ ജൂലിയറ്റ് അബദ്ധവശാൽ കേറി പോകുന്ന ഒരു കോടതി മുറിയുണ്ട്, അവിടെ ആ സമയം നടക്കുന്ന വിചാരണയിൽ കൂടിയാണ് വൈറ്റ് ആരംഭിക്കുന്നത്, ആദ്യ ഭാഗത്തെ കഥാപാത്രത്തിന്റെ ഒരു ബ്ലിങ്ക് ആൻഡ് മിസ് കാമിയോ ഇവിടെ കാണാം. അപ്പൊ ആ മുറിയിൽ നടക്കുന്നത് ഒരു ഡിവോഴ്സ് കേസാണ്, ഡൊമിനിക് എന്ന ഫ്രഞ്ച് യുവതി തന്റെ ഭർത്താവായ കരോളിൽ നിന്നും തനിക്ക് വേർപിരിയണം എന്ന് കാണിച്ച് നൽകിയ പരാതിയിന്മേൽ ഉള്ള വിചാരണ. തങ്ങളുടെ വിവാഹബന്ധം പൂർത്തിയായില്ല എന്നും അയാളെ തനിക്ക് സ്നേഹിക്കാൻ കഴിയുന്നില്ല എന്നുമൊക്കെ ആണ് ഡൊമിനിക് പറയുന്ന ന്യായങ്ങൾ.

🔸എന്തായാലും കോടതി ഡിവോഴ്സ് അനുവദിക്കുകയാണ്, പക്ഷെ കരോളിനെ സംബന്ധിച്ച് ഏറ്റവും വലിയ അടി കിട്ടാൻ പോവുന്നെ ഉണ്ടായിരുന്നുള്ളൂ. അയാളുടെയും ഡൊമിനിക്കിന്റെയും പേരിലുള്ള വീട്, സ്ഥാപന ജംഗമ വസ്തുക്കൾ, അയാളുടെ കയ്യിലുള്ള പണം, തുടങ്ങി സകലമാന വകകളും ഡൊമിനിക്കിന്റെ പക്കൽ എത്തുകയാണ്. കയ്യിൽ അഞ്ചിന്റെ പൈസ ഇല്ലാതെ ഒരു രാത്രി തങ്ങാൻ തന്റെ വീട്ടിൽ എത്തിയ കരോളിനെ ഡൊമിനിക്ക് ആട്ടി ഇറക്കി വിടുകയും ചെയ്തു, ഇനിമേൽ ഇങ്ങോട്ട് വന്നാൽ തന്നെ അപായ പെടുത്താൻ ശ്രമിച്ചു എന്ന് കാണിച്ച് പോലീസിൽ പരാതി കൊടുക്കും എന്ന ഭീഷണി കൂടി ആയപ്പോൾ പൂർണം.

🔸മറ്റ് മാർഗങ്ങൾ ഒന്നും ഇല്ലാത്തതിനാൽ കരോൾ പിച്ച എടുക്കാൻ ഒക്കെ തയ്യാറാവുകയാണ്, റെയിൽവേ സ്റ്റേഷനിലും മറ്റും ചില്ലറ തുട്ടുകൾക്കായി പാട്ട് പാടുകയാണ് അയാൾ. പഴയകാല പോളിഷ് ഗാനങ്ങളിൽ ഒന്ന് അയാൾ പാടുന്നത് കേട്ട് ഒരു യാത്രക്കാരൻ അയാളെ സമീപിക്കുന്നിടത്ത് കഥ ട്രാക്ക് മാറി മറ്റൊരു തലത്തിലേക്ക് പോവുന്നു. അപമാനിക്കപ്പെട്ട ശേഷം കരോളിൽ ഉണ്ടാവുന്ന പ്രതികാര മനോഭാവവും അത് അയാളെ എവിടെ കൊണ്ട് ചെന്നെത്തിക്കുന്നു എന്നതും ഒക്കെയാണ് ചിത്രം കാണിച്ച് തരുന്ന കാര്യങ്ങൾ. അടുത്തിടെ കണ്ട ഏറ്റവും പവർഫുൾ എൻഡിങ് ഷോട്ടുകളിൽ ഒന്ന് ഈ ചിത്രത്തിലേതാണ്, അപ്പൊ തീർച്ചയായും കാണാൻ ശ്രമിക്കുക.

Verdict : Must Watch

DC Rating : 90/100

Wednesday, July 29, 2020

854. Three Colors Blue (1993)



Director : Krzysztof Kieślowski

Genre : Drama

Rating : 7.9/10

Country : France

Duration : 100 Minutes


🔸ത്രീ കളേഴ്സ് ട്രിലോഗി ആദ്യമായി കാണുന്നത് കുറച്ച് വർഷങ്ങൾക്ക് മുൻപെയാണ്, സീരിയസ് ആയ രീതിയിൽ അന്ന് സിനിമയെ സമീപിച്ച് തുടങ്ങിയിട്ടില്ലാത്ത കൊണ്ട് തന്നെ ആദ്യ അനുഭവം അത്ര മികച്ചത് ഒന്നും ആയിരുന്നില്ല. ഒരു റീവാച്ച് ആവശ്യമാണ് എന്ന തോന്നൽ ഉണ്ടായത് ക്രിസ്റ്റോഫ് കീസ്ലോവ്സ്കിയുടെ ഡെക്കലോഗ് കണ്ട് കഴിഞ്ഞപ്പോഴാണ്, പിന്നെയും വർഷം ഒന്ന് രണ്ട് കഴിഞ്ഞു, ഇപ്പോഴാണ് അവസരം ഒത്ത് വന്നത്. ചിത്രത്തിന്റെ ടൈറ്റിലിലെ നീല സൂചിപ്പിക്കുന്നത് ഫ്രാൻസിന്റെ കൊടിയിലെ നിറമാണ്, സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്തുന്ന നിറം.

🔸ഇവിടെ സ്വാതന്ത്ര്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് വ്യക്തി സ്വാതന്ത്ര്യമാണ്, കഥയിലേക്ക് വരിക ആണെങ്കിൽ ഒരു അച്ഛനും മകളും നടത്തുന്ന കാർ യാത്ര കാണിച്ച് കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്, എന്നാൽ താമസിയാതെ ഈ കാർ ഒരപകടത്തിൽ പെടുകയും അതിലെ യാത്രക്കാരായ അച്ഛനും മകളും കൊല്ലപ്പെടുകയും ചെയ്യുന്നു. ഈ മരണപ്പെട്ട ആൾ ഒരു സാധാരണക്കാരന് അല്ല, ലോകമറിയുന്ന ഒരു മ്യുസിക് കമ്പോസറാണ്. ഈ ഒരു അപകടത്തിൽ നിന്നും കമ്പോസറായ പാട്രീസിന്റെ ഭാര്യ ജൂലി മാത്രമേ രക്ഷപ്പെട്ടിട്ടുള്ളൂ.

🔸ജൂലിയെ സംബന്ധിച്ചിടത്തോളം ഈ സംഭവം വലിയ ഷോക്ക് ആയിരുന്നെങ്കിലും ചില തിരിച്ചറിവുകൾ അവിടെ ഉടലെടുക്കുകയാണ്, ഭർത്താവും മകളും മാത്രമാണ് തന്നെ തന്റെ പഴയ ജീവിതവുമായി മുന്നോട്ട് പോവാൻ പ്രേരിപ്പിച്ചിരുന്ന ഒരേയൊരു ഘടകം എന്നും ഈ ജീവിതത്തിൽ തനിക്ക് ചേർത്ത് വെക്കാനും മാത്രം മറ്റൊന്നും ഉണ്ടായിരുന്നില്ല എന്നും ജൂലി തിരിച്ചറിയുകയാണ്. അവിടെ നിന്നും ഒരു മാറ്റം ആരംഭിക്കുകയാണ്, സ്വന്തം എന്ന് തോന്നിയ സർവവും വിറ്റ് ഒഴിവാക്കാനും ബന്ധങ്ങൾ എല്ലാം അറുത്ത് മാറ്റി അകന്ന് നിൽക്കാനും അവൾ തയ്യാറാവുകയാണ്, എല്ലാം പുതിയ ഒരു തുടക്കത്തിന് വേണ്ടി.

🔸എന്നാൽ ഇത് അത്ര എളുപ്പമുള്ള കാര്യമല്ല എന്ന തിരിച്ചറിവ് താമസിയാതെ തന്നെ ജൂലിക്ക് ലഭിക്കുകയാണ്, അകത്തി നിർത്താൻ ശ്രമിക്കും തോറും കൂടുതൽ ശക്തമായി ഓർമ്മകൾ അവളെ വേട്ടയാടി കൊണ്ടിരിക്കുകയാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ആദ്യാവസാനം നീല നിറം സ്‌ക്രീനിൽ ആകെ നിറഞ്ഞ് നിൽക്കുന്നുണ്ട്, സ്‌കോർ കാരണവും മികച്ചൊരു അനുഭവമായി മാറുന്നുണ്ട് ത്രീ കളർ ബ്ലൂ. സ്‌ക്രീനിൽ എത്തിയ നടീ നടന്മാരുടെ പ്രകടനം എല്ലാം തന്നെ ഗംഭീരമായിരുന്നു, അപ്പൊ തീർച്ചയായും കാണാൻ ശ്രമിക്കുക.

Verdict : Very Good

DC Rating : 85/100

Tuesday, July 28, 2020

853. Virumandi (2004)



Director : Kamal Haasan

Genre : Thriller

Rating : 8.3/10

Country : India

Duration : 175 Minutes


🔸ഒരു കുറ്റം, അത് എന്ത് തന്നെ ആയാലും വധ ശിക്ഷ വിധിക്കുന്നത് ആവശ്യമായ കാര്യമാണോ എന്ന ചർച്ചയ്ക്ക് വധശിക്ഷയോളം തന്നെ പഴക്കമുണ്ട്, പല രാജ്യങ്ങളും ഈ വിഷയം ഇഴ കീറി പരിശോധിച്ചതും ചിലർ നടപടിയിൽ മാറ്റം വരുത്തിയതുമാണ്, ഈ ഒരു സബ്ജക്റ്റ് തന്നെയാണ് വിരുമാണ്ടി എന്ന ചിത്രം കൈകാര്യം ചെയ്യുന്നതും. വധശിക്ഷ എന്നതിനെ ജുഡീഷ്യറി അനുവാദം നൽകുന്ന, അനുശാസിക്കുന്ന കൊലപാതകം എന്ന് ചിത്രത്തിലെ ഒരു കഥാപാത്രം നൽകുന്ന വിശേഷണം വളരെ പ്രസക്തമായി തോന്നി, അത് വ്യക്തിപരമായ അഭിപ്രായം ആണെന്നും ഓർക്കുക.

🔸അകിര കുറൊസാവ റാഷോമോണിൽ ഉപയോഗിച്ച, പിൽക്കാലത്ത് റാഷോമോൻ ഇഫക്റ്റ് എന്ന പേരിൽ പ്രസിദ്ധി നേടിയ അവതരണ ശൈലിയുടെ മറ്റൊരു മികച്ച ഉദാഹരണമാണ് വിരുമാണ്ടി. ഒരു സംഭവത്തെ രണ്ട് വ്യക്തികൾ കാണുന്നതും മറ്റൊരാളോട് വിശദീകരിച്ച് കൊടുക്കുന്നതും രണ്ട് രീതിയിൽ ആവുന്നതും മറ്റും ഒക്കെയാണ് റാഷോമോൻ ഇഫക്ടിന്റെ ഏറ്റവും ബേസിക് ആയ ഐഡിയ. കൃത്യമായ രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞാൽ മികച്ച ഔട്ട്പുട്ട് ഉറപ്പ് തരുന്ന കാര്യങ്ങളിൽ ഒന്ന്. ഇവിടെ വിരുമാണ്ടിയും കൊത്താല തേവരും പറയുന്നത് രണ്ട് കഥകളാണ്, ഒരേ ഔട്ട്പുട്ട് ഉള്ളവ.

🔸വധശിക്ഷയുടെ ആവശ്യവും പ്രസക്തിയും എല്ലാം തന്റെ റിസേർച്ച് വിഷയമായി പഠിച്ച് കൊണ്ടിരിക്കുന്ന ഏഞ്ചല എന്ന യുവതിയിലൂടെ ആണ് കഥ ആരംഭിക്കുന്നത്. നാരായണൻ എന്ന ജയിൽ പുള്ളിയെ ഇന്റർവ്യൂ ചെയ്യാനായിരുന്നു എയ്ഞ്ചല എത്തിയത് എങ്കിലും പല കാരണങ്ങൾ കൊണ്ടും അവർക്ക് പഠിക്കാനായി കിട്ടുന്നത് കുപ്രസിദ്ധമായ വിരുമാണ്ടി കേസ് ആണ്. കൊലപാതകമാണ് കേസ് അതും ഒന്നും രണ്ടും ഒന്നുമല്ല ഇരുപത്തി ആറോളം കൊലപാതകങ്ങൾ, രണ്ട് പ്രതികൾ, വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിരുമാണ്ടിയും ജീവപര്യന്തം കിട്ടിയ കൊത്തല തേവരും.

🔸എൻജെല ആദ്യം ഇന്റർവ്യൂ ചെയ്യുന്ന കൊത്തല തേവർ പറയുന്നത് ഒരു കഥയാണ്, ഒരു ഗ്രാമത്തിലെ രണ്ട് കമ്യുണിറ്റികൾ തമ്മിൽ നടന്ന വഴക്കും അതിനെ തുടർന്നുണ്ടായ കൈവിട്ട് പോയ ചില സംഭവങ്ങളും, അതിനെല്ലാം കാരണക്കാരനായ ഒരു വിരുമാണ്ടിയും എല്ലാം ചേർന്ന കഥ. വിരുമാണ്ടിക്ക് പറയാൻ ഉണ്ടായതും ഇതേ സംഭവങ്ങളെ പറ്റി തന്നെ ആയിരുന്നു, പക്ഷെ വേറെ തന്നെ ഒരു വേർഷൻ. ചുരുക്കി പറയുക ആണെങ്കിൽ ആദ്യവും അവസാനവും മാത്രം യോജിക്കുന്ന ബാക്കിയെല്ലാം വ്യത്യസ്തമായ രണ്ട് കഥകൾ. ഇതാണ് വിരുമാണ്ടി എന്ന ചിത്രത്തിന്റെ ഒരു പ്ലോട്ട് ലൈൻ, ഒരുപക്ഷെ തമിഴിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന്.

Verdict : Must Watch

DC Rating : 90/100

852. The Wings Of The Kirin (2011)



Director : Nobuhiro Doi

Genre : Mystery

Rating : 6.6/10

Country : Japan

Duration : 129 Minutes


🔸അധികം ആരും പറഞ്ഞ് കേട്ടിട്ടില്ലാത്ത, എന്നാൽ സ്‌ക്രീനിൽ ഉള്ള സമയമത്രയും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന നല്ല, എന്ഗേയ്ജിങ് ആയ ത്രില്ലെർ, അതാണ് ദി വിങ്‌സ് ഓഫ് കിരിൻ. ഒരു മർഡർ മിസ്റ്ററി ആണ് ചിത്രത്തിന്റെ ബാക്ക്ബോൺ, കൊലപാതകി എന്ന് കരുതപ്പെടുന്ന ഒരാൾ കണ്മുന്നിൽ തന്നെ ഉണ്ട്, ഇനി എല്ലാ പോയിന്റുകളും ഒന്ന് കണക്റ്റ് ചെയ്ത് ഒരു വര വരക്കേണ്ട ആവശ്യമേ ഉള്ളൂ, എന്നാൽ അവിടെയാണ് ഒരു പസിൽ കിടക്കുന്നത്. ഈ ഒരു മിസ്റ്ററി നമ്മുടെ നായകനായ അന്വേഷകനും അയാളുടെ സഹായിയും എങ്ങിനെ സോൾവ് ചെയ്യും എന്നതാണ് ചിത്രം ഉന്നയിക്കുന്ന ചോദ്യം.

🔸ജപ്പാനിലെ അത്യാവശ്യം പേര് കേട്ട ഒരു ടൂറിസ്റ്റ് സ്പോട്ട് ആണ് കിരിൻ പ്രതിമയും അത് സ്ഥിതി ചെയ്യുന്ന പുഴയ്ക്ക് കുറുകെ ഉള്ള പാലവും. എല്ലാ ഒഴിവ് ദിവസവും അത്യാവശ്യം ടൂറിസ്റ്റുകൾ വന്ന് പോവുന്ന ഈ സ്ഥലത്ത് അവരെ സഹായിക്കാനും അനുഗമിക്കാനും ഒക്കെയായി കുറച്ച് പോലീസുകാരുമുണ്ട്. അങ്ങനെ അത്യാവശ്യം ടൂറിസ്റ്റുകാർ ഉള്ള ഒരു ദിവസം രാത്രിയാണ് ഒരു പോലീസുകാരൻ അപ്രതീക്ഷിതമായ ഒരു കാഴ്ച കാണുന്നത്, പാലത്തിന്റെ നടുക്ക് ആയിട്ട് ഒരു പുള്ളി ആടി കുഴഞ്ഞ് നടക്കാൻ പോലും കഴിയാതെ വേച്ച് വേച് പോവുന്നു. സ്ഥിരം മദ്യപാനികളിൽ ഒരാൾ ആയിരിക്കുമെന്നാണ് ഗാർഡ് ആദ്യം കരുതിയത്.

🔸പാലത്തിന്റെ കൈവഴിയിൽ ഒക്കെ പിടിച്ച് താങ്ങി അത്യാവശ്യം പണിപ്പെട്ടാണ് പുള്ളി നടക്കുന്നത്, സഹായിക്കാനായി അടുത്തെത്തിയപ്പോഴാണ് ഗാർഡ് ഒരു കാര്യം ശ്രദ്ധിച്ചത്, അയാൾ നടന്ന വഴികളിൽ എല്ലാം ചോര പാടുകൾ, അപ്പോഴേക്കും പുള്ളി വീണ് കഴിഞ്ഞിരുന്നു, താമസിയാതെ മരിക്കുകയും ചെയ്തു. ഇതേ സമയം ആ സിറ്റിയുടെ തന്നെ മറ്റൊരിടത്ത് ഒരാളെ പോലീസ് ഓടിച്ച് കൊണ്ടിരിക്കുകയാണ്, അയാളെ ചേസ് ചെയ്യാനുള്ള കാരണം ഒന്നും വ്യക്തം അല്ലെങ്കിലും ഈ ഓട്ടത്തിനിടെ പുള്ളി ഒരു ആക്സിഡൻറ്റിൽ പെടുകയാണ്,.ഗുരുതരമായി പരിക്കേറ്റ അയാൾ കോമയിലേക്ക് പോവുകയാണ്.

🔸പ്രത്യക്ഷത്തിൽ വലിയ കണക്ഷൻ ഒന്നും ഇല്ലാത്ത ഈ രണ്ട് കേസുകളും കണക്റ്റഡ് ആവുന്നത് കൊല്ലപ്പെട്ട ആളുടെ ചില വസ്തുവകകൾ ആക്സിഡന്റിൽ പെട്ടവന്റെ കയ്യിൽ നിന്നും കണ്ടെടുക്കുമ്പോഴാണ്. പക്ഷെ ഇതിനേക്കാൾ എല്ലാം അന്വേഷകനെ കുഴയ്ക്കുന്ന ചോദ്യം കുത്തേറ്റ വ്യക്തി എന്ത് കൊണ്ട് ആരുടേയും സഹായം തേടാതെ സംഭവം നടന്ന സ്ഥലത്ത് നിന്നും 800 മീറ്റർ അകലേക്ക് കഷ്ടപ്പെട്ട് നടന്നു എന്നതാണ്. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താനായി അന്വേഷകൻ ഇറങ്ങി തിരിക്കുമ്പോൾ അത്യാവശ്യം നല്ലൊരു ത്രില്ലർ ചിത്രമാണ് നമുക്ക് ലഭിക്കുന്നതും.

Verdict : Good

DC Rating : 70/100

Monday, July 27, 2020

851. Wajma, An Afghan Love Story (2013)



Director : Barmak Akram

Genre : Drama

Rating : 7.3/10

Country : Afghanisthan

Duration : 115 Minutes


🔸ശക്തവും വൈകാരികവും ആയ രീതിയിൽ മനുഷ്യ ബന്ധങ്ങളെയും നിസ്സഹായാവസ്ഥയെയും എല്ലാം വരച്ച് കാണിച്ച് ശീലമുള്ള അഫ്ഘാൻ സിനിമാ ഇൻഡസ്ട്രിയിൽ നിന്നും മറ്റൊരു നല്ല ചിത്രം, അതാണ് വാജ്‌മ എൻ അഫ്ഗാൻ ലവ് സ്റ്റോറി. അഫ്‌ഗാനി സിനിമ ചരിത്രത്തിൽ തന്നെ ഏറ്റവും അധികം അംഗീകാരങ്ങളും അക്കോലെഡുകളും എല്ലാം കരസ്ഥമാക്കിയ ചിത്രം റിലീസ് ആയ വർഷത്തെ രാജ്യത്തിൻറെ ഒഫീഷ്യൽ ഓസ്കാർ എൻട്രി കൂടി ആയിരുന്നു. ഒരു സ്ത്രീ പക്ഷ സിനിമയാണ് വാജ്‌മ എങ്കിലും ഡോകിയുമെന്ററി ശൈലിയിലാണ് തയാറാക്കിയിരിക്കുന്നത്.

🔸അഫ്ഗാനിസ്ഥാനിലെ ഭൂരിപക്ഷ കുടുംബങ്ങളും എന്ന പോലെ തന്നെ അങ്ങേയറ്റം യാഥാസ്ഥികരായ കൺസർവേറ്റിവ് ചിന്തകൾ അസ്ഥിക്ക് പിടിച്ചത് പോലെ കൊണ്ട് നടക്കുന്ന ഒരു കുടുംബമാണ് വാജ്‌മയുടേത്, വാജ്‌മ പ്രായം തികഞ്ഞ ഒരു യുവതിയാണ്, വിവാഹിതയല്ല. വാജ്‌മയുടെ അച്ഛൻ പട്ടാളത്തിലാണ്, പോരാത്തതിന് നല്ല ഒന്നാംക്‌ളാസ്സ് ഒരു മുരടനും. കൂടുതൽ സമയവും വീട്ടിൽ നിന്ന് മാറി നിൽക്കുന്ന വാജ്‌മയുടെ അച്ഛനെ ഒഴിച്ച് നിർത്തിയാൽ ഒരു സഹോദരൻ, അമ്മ, മുത്തശ്ശി എന്നിവരാണ് അവൾക്ക് ഉള്ളത്, ഒരു ടിപ്പിക്കൽ ഇടത്തരം കുടുംബം.

🔸ഇപ്പോൾ കഥയിലെ പ്രശനം എന്താണെന്ന് വെച്ചാൽ വാജ്‌മ മുസ്തഫ എന്ന യുവാവുമായി പ്രണയത്തിലാണ്, വാജ്‌മയ്ക്ക് ആത്മാർത്ഥ പ്രണയം ഒക്കെ ആണെങ്കിലും മുസ്തഫയുടെ കാര്യം അങ്ങനല്ല. അങ്ങേയറ്റം കെയർലസ്സ് ആയ, ഒരു യൂസ്‌ലെസ് ആണ് മുസ്തഫ എന്ന് പറഞ്ഞാൽ പോലും തെറ്റില്ല, വാജ്‌മ ആണെങ്കിൽ നിയമ പഠനത്തിന് വരെ പ്രവേശനം നേടിയ കഴിവുള്ള വിദ്യാർത്ഥിയും, സ്ത്രീകൾ വിദ്യാഭ്യാസം നേടുന്നത് പോലും നിഷിദ്ധമായി കരുതുന്ന ഒരു സൊസൈറ്റി ആണെന്ന് മനസിലാക്കണം. എന്തായാലും വരാനുള്ളത് വഴിയിൽ തങ്ങില്ല എന്ന് പറഞ്ഞത് പോലെ ഇതെല്ലാം സംഭവിച്ചു, വാജ്‌മ ഗർഭിണിയുമായി.

🔸കുടുംബത്തിന്റെ അഭിമാനം എന്നതിൽ ഈ കമ്യുണിറ്റിയിൽ വലിയ പ്രാധാന്യമുണ്ട്, ചില പ്രത്യേക സന്ദർഭങ്ങളിൽ ജീവൻ കളഞ്ഞും അത് നിലനിർത്തണം എന്ന് കരുതുന്നവരും ഉണ്ട്, വാജ്‌മയുടെ അച്ഛൻ ആണെങ്കിൽ വെട്ടൊന്ന് മുറി രണ്ട് എന്ന മെന്റാലിറ്റി ഉള്ള വ്യക്തിയും. ഇവിടെ നിന്നുമാണ് വാജ്‌മയുടെ കഥ തുടങ്ങുന്നത്, ഒരു ഡ്രാമ ആണ് ചിത്രം, അത്യാവശ്യം നല്ല തോതിൽ സ്ലോയുമാണ്, എല്ലാവര്ക്കും കാണാനായി നിർദ്ദേശിക്കാനും പറ്റില്ല. അപ്പൊ പറഞ്ഞ് വന്നത് താല്പര്യം ഉണ്ടെങ്കിൽ കാണാവുന്നതാണ്, വലിയ സംഭവം ഒന്നുമല്ല വെറുതെ കണ്ട് പോവാം, പ്രിന്റ് യൂറ്റിയൂബിൽ ലഭ്യമാണ്.

Verdict : Above Average

DC Rating : 60/100

850. Earth And Ashes (2004)



Director : Atiq Rahimi

Genre : Drama

Rating : 7.8/10

Country : Afghanisthan

Duration : 110 Minutes


🔸യുദ്ധം കാരണം ഏറ്റവും ബുദ്ധിമുട്ടിയ ലോക രാജ്യങ്ങളിൽ ഒന്ന് അഫ്ഘാനിസ്ഥാൻ ആയിരിക്കും, പത്തൊൻപതാം നൂറ്റാണ്ടിന്റെ പാതി മുക്കാൽ കാലം വരെയും രാജ ഭരണത്തിന് കീഴിൽ ആയിരുന്ന അഫ്ഘാൻ പിന്നീട് റഷ്യയുടെ കീഴിലും താലിബാന്റെ കീഴിലും ഒക്കെ ആയി ഓരോ ഫേസ് വീതം പൂർത്തിയാക്കിയിട്ടുണ്ട്, അത് കഴിയുമ്പോഴേക്കും യുദ്ധങ്ങളുടെയും തീവ്രവാദി ആക്രമണങ്ങളുടെയും എല്ലാം തുടക്കവും ആയിരുന്നു. ഈ ഒരു കാരണം കൊണ്ട് തന്നെ ഒരു അരക്ഷിതാവസ്ഥ അഫ്ഘാൻ സിനിമകളിൽ പോലും പ്രകടമായി തോന്നിയിട്ടുണ്ട്, എല്ലാത്തിലും ഏതെങ്കിലും ഒരു തരത്തിൽ യുദ്ധം ഒരു വിഷയമായി വന്നിട്ടും കണ്ടിട്ടുണ്ട്, എർത് ആൻഡ് ആഷസ് എന്ന ചിത്രത്തിലും സ്ഥിതി ഗതികൾ വ്യത്യസ്തമല്ല.

🔸അതിക്ക് റഹിമിയുടെ തന്നെ നോവലിന്റെ ദൃശ്യാവിഷ്‌കാരം ആണ് ചിത്രം, അത് എന്ത് കൊണ്ടും നന്നായെന്ന് തോന്നി കാരണം എഴുത്തുകാരന്റെയും സംവിധായകന്റെയും വിഷൻ ഏകീകരിക്കപ്പെട്ടപ്പോൾ എല്ലാം തന്നെ ലഭിച്ചത് കൺസിസ്റ്റന്റ് ആയ മികച്ച സിനിമകളാണ് എന്നാണ് മനസിലായിട്ടുള്ളത്, എർത് ആൻഡ് ആഷസിന്റെ കാര്യത്തിൽ എന്തായാലും അത് സത്യമാണ്. യുദ്ധവും മറ്റും കാരണം തകർന്ന് തരിപ്പണമായ അഫ്ഘാനിലെ ഒരു ഗ്രാമപ്രദേശത്താണ് ചിത്രം ആരംഭിക്കുന്നത്, കാഴ്ചയിൽ തന്നെ ദയനീയർ എന്ന് തോന്നിക്കുന്ന ഒരു കൂട്ടം യാത്രികരെ കാണിച്ച് കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്.

🔸ഈ യാത്രികരിൽ രണ്ട് പേരാണ് നമ്മുടെ കേന്ദ്ര കഥാപാത്രങ്ങളായ ദസ്തഗീറും യാസീനും, ഒരു മുത്തച്ഛനും കൊച്ചുമകനും. ഇരുവരുടെയും മട്ടും ഭാവവും ഒക്കെ കണ്ടാൽ തന്നെ വ്യക്തമാവും ദൂരെ പ്രദേശത്ത് നിന്നും യാത്ര തിരിച്ച് വന്നവരാണ് എന്ന്, ഇവരുടെ വരവിന് പിന്നിൽ ഒരുദ്ദേശവും ഉണ്ട്. ദസ്തഗീറിന് തന്റെ കുടുംബത്തെ മുഴുവൻ ഒരു ബോംബ് സ്ഫോടനത്തിൽ നഷ്ടപ്പെട്ടതാണ്, യാസീനിൻ ആണെങ്കിൽ അവന്റെ കേൾവിശക്തിയും. ഇപ്പോൾ ഈ യാത്ര ദസ്തഗീർ യാസീനിന് ഒപ്പം നടത്തുന്നത് തന്റെ മകനെ കാണാനായി ആണ്.

🔸ദസ്തഗീറിന്റെ മകൻ വർഷങ്ങൾക്ക് മുന്നേ വീട് വിട്ട് പോയതാണ്, അന്ന് ചില പ്രശ്നങ്ങളും മറ്റുമൊക്കെ ഉണ്ടായിരുന്നു താനും. എന്തായാലും അവനെ കണ്ട് കാര്യങ്ങളൊക്കെ അറിയിക്കാനാണ് ഈ യാത്ര, രണ്ട് പ്രധാന കഥാപാത്രങ്ങളെ കൂടാതെ വളരെ കുറച്ച് കഥാപാത്രങ്ങൾ മാത്രമേ ചിത്രത്തിൽ ഉള്ളൂ, വൈകാരികമായി കാഴ്ചക്കാരനെ സ്പർശിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് എർത് ആൻഡ് ആഷസ്. നല്ല ദൃശ്യങ്ങളും ലോങ്ങ് ഷോട്ടുകളും എല്ലാം ചിത്രത്തിന്റെ മറ്റ് പ്രത്യേകതകളാണ്, അപ്പൊ പറഞ്ഞ് വന്നത് എന്താണെന്നാൽ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമകളിൽ ഒന്നാണിത് എന്ന് തന്നെ.

Verdict : Must Watch

DC Rating : 90/100

849. Mishima A Life In Four Chapters (1985)



Director : Paul Schrader

Genre : Drama

Rating : 8/10

Country : USA

Duration : 121 Minutes


🔸പൊതുവെ ഈ ബയോപിക് സിനിമകളോട് വലിയ മതിപ്പ് ഒന്നുമില്ല, കാര്യം വേറൊന്നുമല്ല ഒരു തരം വെള്ളപൂശൽ ആണ് ഈ ബയോപ്പിക്കുകളുടെ മിക്കതിന്റെയും ലക്ഷ്യം എന്നത് കൊണ്ട് തന്നെ. സത്യം എന്നത് ഈ സ്‌ക്രീനിൽ കാണിക്കുന്നത് അല്ല എന്ന വ്യക്തമായ ധാരണ ഉണ്ടായിട്ട് കൂടിയും ബ്ലൻഡ് ആയി കള്ളം അടിച്ചിറക്കുന്ന ഈ പരിപാടിയെക്കാൾ മോശം ഒരു കാര്യം സിനിമയ്ക്ക് സംഭവിക്കാനില്ല എന്നാണ് പേഴ്സണലി വിശ്വസിക്കുന്നത്. എന്നാൽ മിഷിമ എ ലൈഫ് ഇൻ ഫോർ ചാപ്‌റ്റേഴ്‌സ് എന്ന ചിത്രത്തിന്റെ കാര്യം കുറച്ച് വ്യത്യസ്തമാണ്.

🔸യുകിയോ മിഷിമ എന്ന എഴുത്തുകാരൻ നമുക്ക് അപരിചിതൻ ആയിരിക്കും, പക്ഷെ ജപ്പാനിൽ ഇത്രമേൽ സെലിബ്രെറ്റ് ചെയ്യപ്പെട്ട, ആളുകൾ ശ്രദ്ധ നൽകിയ മറ്റൊരു എഴുത്തുകാരൻ ഇരുപതാം നൂറ്റാണ്ടിൽ ഉണ്ടായിരുന്നോ എന്നത് സംശയമാണ്. ഒരു എഴുത്തുകാരൻ എന്ന നിലയ്ക്ക് മാത്രമല്ല, മിഷിമ പ്രകടിപ്പിച്ച ഐഡിയോളജി, അയാളുടെ രാഷ്ട്രീയം, നിശിതമായ വിമർശനം എന്നിവയൊക്കെ പുള്ളിയെ പലപ്പോഴും സെന്റർ ഓഫ് ഫോക്കസും സെന്റർ ഓഫ് അറ്റൻഷനും ആക്കി മാറ്റിയിട്ടുണ്ട്. ഐതിഹാസികം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഈ ജീവിതമാണ് പ്രസ്തുത സിനിമയ്ക്ക് ആധാരം.

🔸മിഷിമയെ പോലെ ചെറു പ്രായത്തിൽ തന്നെ വേൾഡ് വൈഡ് റെക്കഗ്നീഷൻ കിട്ടിയ അധികം എഴുത്തുകാർ ജപ്പാന്റെ ചരിത്രത്തിലില്ല, പാശ്ചാത്യ രാജ്യങ്ങളിലേക്ക് ജാപ്പനീസ് ലിറ്ററേച്ചറിന് ആരാധകർ അധികം ഇല്ലാത്ത കാലത്താണ് മിഷിമയുടെ പുസ്തകം അഞ്ച് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടത്, അതിന് ലഭിച്ച വായനക്കാർ ആണെങ്കിൽ പ്രതീക്ഷിച്ചതിലും എത്രയോ അധികം. ജപ്പാന്റെ സോഷ്യോ പൊളിറ്റിക്കൽ പശ്ചാത്തലത്തിനെ ഒക്കെ ഒരു ദാക്ഷണ്യവും ഇല്ലാതെ എടുത്തിട്ട് കുടയാൻ അയാൾ ഒരു മടിയും കാണിച്ചിരുന്നില്ല, എന്നാൽ ഇതിനെല്ലാം മുകളിൽ ഒരു കാര്യമാണ് 1970ൽ അയാൾ ചെയ്തത്, കുപ്രസിദ്ധമായ ആ സംഭവ ദിവസമാണ് ചിത്രം ആരംഭിക്കുന്നത്.

🔸പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നാല് ആക്റ്റുകൾ അല്ലെങ്കിൽ ഭാഗങ്ങളിൽ ആയാണ് സിനിമ കഥ പറയുന്നത്, മിഷിമയുടെ ബാല്യ കാലം ബ്ലാക്ക് ആൻഡ് വൈറ്റിൽ അവതരിപ്പിക്കുന്നു. മിഷിമയുടെ മൂന്ന് മികച്ച വർക്കുകൾ കളർഫുൾ ആയും, മുകൾ ഭാഗത്ത് സൂചിപ്പിച്ച സംഭവ ദിവസത്തെ പരിപാടികൾ റിയലിസ്റ്റിക് ടോണിലും ചിത്രം അവതരിപ്പിക്കുന്നുണ്ട്, ഈ മൂന്ന് ആക്റ്റുകളും ഇന്റർകണക്റ്റഡ് ആയാണ് ചിത്രത്തിൽ കാണിക്കുന്നത്. മികച്ച ഒരു സിനിമയാണ് മിഷിമ എ ലൈഫ് ഇൻ ഫോർ ആക്റ്റ്സ്, ബയോഗ്രഫിക്കൽ ജോണറിൽ പെട്ട സിനിമകൾ കാണിക്കാറുള്ള ഏച്ചുകെട്ടൽ ഒന്നും തന്നെയില്ല, കഴിയുമെങ്കിൽ കാണാൻ ശ്രമിക്കുക.

Verdict : Must Watch

DC Rating : 90/100

Sunday, July 26, 2020

848. Playtime (1967)



Director : Jacques Tati

Genre : Comedy

Rating : 7.9/10

Country : France

Duration : 120 Minutes


🔸പ്ലെ ടൈം എന്ന ജാക്വസ് ടാറ്റി ചിത്രത്തെ കുറിച്ച് എന്ത് പറയുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്, കാരണം വേറൊന്നുമല്ല ഒരല്പം യുണീക് ആയ ഒന്നാണ് ഈ ചിത്രവും അതിന്റെ അവതരണവും എല്ലാം. ചിത്രത്തെ കുറിച്ച് എന്ത് പറഞ്ഞാലും അത് മറ്റേതെങ്കിലും കാര്യമായി തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത ഉള്ളതും, ആ ഒരു കാരണം കൊണ്ട് ആസ്വദിക്കാൻ കഴിയാതെ പോയേക്കാവുന്നതുമാണ്. അത് കൊണ്ട് തുടർന്ന് വായിക്കണം എന്ന് ഒരു നിർബന്ധവുമില്ല, ഇവിടെ നിന്നും മടങ്ങിപോവാം. ഇനി വായിച്ചാൽ തന്നെ, അതൊരു വ്യക്തിയുടെ വ്യൂ പോയിന്റ് മാത്രമാണ് എന്ന കാര്യം മറക്കാതിരിക്കാൻ ശ്രദ്ധിക്കുക.

🔸പ്ലെ ടൈമിനെ പറ്റി പറയുമ്പോൾ ആദ്യമേ തന്നെ പറയേണ്ടത് ചിത്രത്തിന്റെ സെറ്റിനെ പറ്റിയും സംവിധായകന്റെ അധ്വാനത്തെ പറ്റിയുമാണ്. എയർപോർട്ട്, വലിയ ബിൽഡിങ്, അപ്പാർട്ട്മെന്റ്, സ്കൈസ്ക്രാപ്പർ തുടങ്ങിയ സംവിധാന സംഗതികൾ ഒക്കെയുള്ള ഒരു ചെറിയ നഗരം തന്നെയാണ് ടാറ്റി തന്റെ ചിത്രത്തിനായി തയാറാക്കിയത്. ആവശ്യത്തിന് വൈദ്യുതിക്കും മറ്റുമായി സ്വന്തം പവർ പ്ലാന്റ് വരെ ഇവിടെ ഉള്ളതായി പറഞ്ഞ് കേട്ടിട്ടുണ്ട്, ടാറ്റിവിൽ എന്ന ഓമനപ്പേര് ഇട്ട് വിളിച്ച ഈ സെറ്റിന് അന്ന് ചെലവായത് ഏറെക്കുറെ പതിനേഴ് മില്യൺ ഡോളറായിരുന്നു.

🔸ഈ ചിലവിന് അനുസരിച്ചുള്ള ലാഭം ചിത്രത്തിന് നേടാൻ കഴിഞ്ഞില്ല, അത്യാവശ്യം നല്ലൊരു പരാജയം ആയിരുന്നു പ്ളേടൈം ബോക്സ് ഓഫീസിൽ. ഈ കനത്ത പരാജയം കാരണം തന്റെ മുൻകാല ചിത്രങ്ങളുടെ റൈറ്റ്സ് ഉൾപ്പെടെ ടാറ്റിക്ക് വിൽക്കേണ്ടി വന്നെങ്കിലും ഒരിക്കൽ പോലും അദ്ദേഹം ഈ ചിത്രത്തിൽ പശ്ചാത്താപമോ വിഷമമോ അറിയിച്ചതായി കേട്ടിട്ടില്ല, അത് ആവശ്യവുമില്ല, കാരണം പ്ളേ ടൈം ഒരു റെയർ ഫീറ്റ് ആണ്, നമ്മൾ കണ്ട് ശീലിച്ച ഒരു രീതിയിൽ നിന്നും മാറി കാര്യങ്ങളെ അവതരിപ്പിച്ച ഒരു വേറിട്ട ശ്രമവും നല്ലൊരു സിനിമയും.

🔸ടാറ്റിയുടെ വ്യക്തിത്വത്തിന്റെ തന്നെ ഭാഗമായ കഥാപാത്രം മോൺസിയർ ഹ്യൂലോട്ടിന്റെ തിരിച്ചുവരവാണ് ഈ ചിത്രത്തിൽ, ഒരു വലിയ കോർപറേറ്റ് ബിൽഡിങ്ങിൽ വ്യക്തമാക്കാതെ ആവശ്യത്തിനായി ഹ്യൂലോട്ട് എത്തുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്, പിന്നീട് അരങ്ങേറുന്നതെല്ലാം ആ ഫ്ലോയിൽ അങ് സംഭവിക്കുകയാണ്, ഹ്യുലോട്ടിന് പുറമെ ബാര്ബറയേ പോലുള്ള വേറെയും പരാമർശം അർഹിക്കുന്ന കഥാപാത്രങ്ങൾ ചിത്രത്തിലുണ്ട്. പറഞ്ഞ് വന്നത് എന്താണെന്നാൽ എല്ലാവർക്കും ഇഷ്ടപ്പെടാൻ സാധ്യത ഉള്ള ഒന്നല്ല ഈ ചിത്രം, പ്രത്യേകിച്ച് ടാറ്റിയുടെ മുൻകാല ചിത്രങ്ങൾ കണ്ടിട്ടില്ലാത്ത, അതിന്റെ ഒരു രീതി അറിവില്ലാത്തവർക്ക്, അത്കൊണ്ട് എല്ലാവർക്കും നിർദ്ദേശിക്കുന്നില്ല.

Verdict : Good

DC Rating : 75/100

847. Blind Detective (2013)



Director : Johnnie To

Genre : Thriller

Rating : 6.5/10

Country : Hong Kong

Duration : 131 Minutes


🔸സീരിയസ് ആയ രീതിയിൽ ഉള്ള അവതരണം അല്ലാതെ ലൈറ്റ് ആയി, ഒരു ഹ്യുമർ ടച്ച് എല്ലാമുള്ള കൊറിയൻ സിനിമയാണ് ആവശ്യമെങ്കിൽ പറ്റിയ ഒരു സജഷനാണ് ബ്ലൈൻഡ് ഡിറ്റക്ടീവ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു ഇന്വെസ്റ്റിഗേറ്റിവ് ത്രില്ലർ എലമെന്റ് ഉള്ള കഥയാണ് ചിത്രത്തിന്റേത്, പ്രധാന കഥാപാത്രം ആയ ഡിറ്റക്ടീവ് ആണെങ്കിൽ റെറ്റിനൽ ഡിസ്പാച് കാരണം അന്ധനായ ഒരാളും. ഒരു മിസ്റ്ററി സോൾവിങ് ആണ് തീം എങ്കിലും കൊമെടി എലെമെന്റുകൾ നല്ലവണ്ണം ഉണ്ട് കഥയിൽ, കഥ നടക്കുന്ന സമയം അത്രയും എന്ജോയ് ചെയ്ത് കാണാനാവും എന്ന് ചുരുക്കം.

🔸നായക കഥാപാത്രമായ ജോൺസ്റ്റൻ ഒരു മുൻകാല പോലീസ് ഡിറ്റക്ടീവ് ആയിരുന്നു, പുള്ളി കേസ് അന്വേഷണത്തിൽ ഒരു നിഘണ്ടു ആയിരുന്നു എന്ന് പറയാം കാരണം സ്വതസിദ്ധമായ ശൈലിയും അപാരമായ കഴിവും ശ്രദ്ധയും എല്ലാം വെച്ച് ഏറ്റെടുത്ത ഒരുവിധപ്പെട്ട കേസ് എല്ലാം അദ്ദേഹം സർവീസിൽ ഇരുന്ന കാലത്ത് തെളിയിച്ചിട്ടുണ്ട്. ഒരു അന്വേഷണത്തിന് ഇടയിലാണ് പുള്ളിക്ക് ആദ്യമായി കണ്ണിൽ ചില പ്രശ്നങ്ങൾ അനുഭവപ്പെട്ട് തുടങ്ങുന്നത്. കരട് പോലെ തോന്നിയ കറുത്ത പാട് താമസിയാതെ കാഴ്ചയെ മൊത്തം ഇരുട്ടിലാക്കി കഴിഞ്ഞു എന്ന് പറയാം. ഇതോട് കൂടി സർവീസിൽ നിന്നും വിരമിക്കേണ്ടി വരികയും ചെയ്തു.

🔸ജോലി ഒഴിഞ്ഞെങ്കിലും പുള്ളി അന്വേഷണം നിർത്തിയില്ല, പ്രതിക്ക് മേലെ സർക്കാരും പോലീസും പ്രഖ്യാപിച്ച ബൗണ്ടി ആണ് ഇപ്പോൾ ജോൺസ്റ്റണിന്റെ സ്ഥിരം വേട്ടമൃഗം. പോലീസ് സേനയിൽ ചീഫ് ഇൻസ്പെക്ടറായ സെറ്റോ ജോൺസ്റ്റണിന്റെ അടുത്ത സുഹൃത്ത് കൂടിയാണ്, മിക്കപ്പോഴും അവർ ഒരുമിച്ചാണ് പ്രവർത്തിക്കുന്നതും. ഇങ്ങനെ ഒരു കേസ് അന്വേഷണത്തിനിടെ ആണ് ജോൺസ്റ്റൻ, ഹോ എന്ന റുക്കി ഡിറ്റക്ടീവിനെ പരിചയപ്പെടുന്നത്, അന്ധനായിട്ട് കൂടിയും അയാൾ കാണിക്കുന്ന കഴിവ് സത്യത്തിൽ അമ്പരപ്പിക്കുന്നതായിരുന്നു.

🔸ജോൺസ്റ്റണിനോട് ഹോ ഒരു കാര്യം ആവശ്യപ്പെടുന്നിടത്ത് ആണ് ചിത്രം ട്രാക്കിൽ കയറുന്നത്, ഈ ആവശ്യം എന്താണെന്ന് പറയുന്നില്ല പക്ഷെ അത്യാവശ്യം കോംപ്ലക്സ് ആയ ഒരു കേസിലേക്ക് പിന്നീട് കഥ മാറുകയാണ്, ഇതാണ് ബാക്കിയുള്ള കഥ, ഇത്രയും പറഞ്ഞത് ചിത്രത്തിന്റെ ഒരു ആദ്യ പത്ത് മിനിറ്റ് മാത്രമാണ്. അത്യാവശ്യം സീരിയസ് ആയ ക്രൈം ആണ് കഥയിലേത് എങ്കിലും രണ്ട് പ്രധാന കഥാപാത്രങ്ങളുടെയും ഇടയിലുള്ള ബന്ധവും ഇടപഴകലുകളും എല്ലാം ഹ്യുമരിലൂടെ ആണ് അവതരിപ്പിച്ചിരിക്കുന്നത്, ജോൺസ്റ്റൻ കാണിക്കുന്ന പോസിറ്റിവ് എനർജിയും നന്നായി തോന്നി. അങ്ങനെ ചുരുക്കി പറയുക ആണെങ്കിൽ വർത്ത് ആയ ഒരു എന്റർടെയ്‌നർ, ആസ്വദിച്ച് കാണാനുള്ള ഒരു നല്ല സിനിമ അതാണ് ബ്ലൈൻഡ് ഡിറ്റക്ടീവ്.

Verdict : Good

DC Rating : 70/100

846. Thousand Rupee Note (2014)



Director : Shrihari Sathe

Genre : Drama

Rating : 7.3/10

Country : India

Duration : 86 Minutes


🔸മെയിന്റസ്ട്രീമിന് പുറത്ത് നിൽക്കുന്ന ചില ഇന്ത്യൻ സിനിമകൾ കണ്ട് അമ്പരന്ന് പോയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്, ഇവ മിക്കതും അപ്രതീക്ഷിതമായി ലഭിച്ച അനുഭവങ്ങളാണ് എന്നതാണ് ഈ വസ്തുതയെ കൂടുതൽ മനോഹരമാക്കുന്നത്. ഏക് ഹസാരച്ചി നോട്ട് അഥവാ തൗസണ്ട് റുപീ നോട്ട് എന്ന മറാത്തി ചിത്രത്തെയും ഈ ഒരു വിഭാഗത്തിൽ ഉൾപ്പെടുത്താം. വെറും ഒന്നര മണിക്കൂറിൽ താഴെ ദൈർഘ്യം വെച്ച് ഈ ചിത്രം പറയുന്ന കഥ, കൈകാര്യം ചെയ്യുന്ന മെസ്സേജ്, പരാമർശിക്കുന്ന വിഷയം എന്നതൊക്കെ വളരെ പവർഫുൾ ആയ കാര്യങ്ങളാണ്.

🔸ബുധി എന്ന വൃദ്ധയാണ് ചിത്രത്തിന്റെ സോൾ, അവർക്ക് ബന്ധുക്കളോ അടുപ്പക്കാരോ ആയി അങ്ങനെ പറയാൻ മാത്രം ആരുമില്ല. ഭർത്താവ് ഒക്കെ എന്നോ മരിച്ച് പോയതാണ്, ആകെ ഉള്ള മകൻ ആണെങ്കിൽ ആത്മഹത്യയും ചെയ്തു. ബുദ്ധിയുടെ മകന്റേത് ഒരു കർഷക ആത്മഹത്യ ആയിരുന്നു, കൃഷിക്കും മറ്റും ഒക്കെ ധാരാളം രൂപ കടം എടുത്തത് തിരികെ നൽകാൻ കഴിയാതെ ഒരു മുഴം കയറിൽ അയാൾ എല്ലാം അവസാനിപ്പിക്കുക ആയിരുന്നു. ഒരു കുഗ്രാമത്തിൽ അടച്ച് ഉറപ്പ് പോലും ഇല്ലാത്തൊരു വീട്ടിൽ ഇന്ന് ബുധി ഒറ്റയ്ക്കാണ് താമസം.

🔸പണക്കാരായവരുടെ വീട്ടിൽ അടുക്കളപ്പണിയും അലക്കും വൃത്തിയാക്കലും ഉൾപ്പെടെ ഉള്ള വീട്ട് ജോലികൾ ചെയ്താണ് അവർ അന്നത്തിന് ഉള്ള വക കണ്ടെത്തുന്നത്. ഈ സ്ഥലങ്ങളിൽ നിന്നെല്ലാം മിക്കപ്പോഴും നേരിടേണ്ടി വരുന്നത് വളരെ മോശം പ്രതികരണങ്ങളും അനുഭവങ്ങളുമാണ് എന്നത് വേറെ കാര്യം. ബുദ്ധിക്ക് ഗ്രാമത്തിൽ ഏറ്റവും അടുപ്പം ഉള്ളത് തന്റെ അയൽക്കാരനായ സുദാമയോടും കുടുംബത്തോടുമാണ്, അയാൾക്ക് തിരിച്ച് അവരോടും ഒരു അമ്മയോട് എന്ന നിലയ്ക്കുള്ള ബഹുമാനവും അടുപ്പവുമുണ്ട്.

🔸ഇങ്ങനെ പോയി കൊണ്ടിരുന്ന കഥയിൽ ഒരു ടെർനിങ് പോയിന്റ് വരുന്നത് ആ പ്രദേശത്ത് ഇലക്ഷൻ വരുമ്പോഴാണ്. സ്ഥാനാർത്ഥികളുടെ സ്ഥിരം പ്രഹസനങ്ങൾക്കും വാരിപുണരലുക്കുകൾക്കും ഇടയിൽ ബുദ്ധിക്ക് ആയിരത്തിന്റെ കുറച്ച് നോട്ടുകൾ കിട്ടുകയാണ്. മകന്റെ കാര്യം അറിഞ്ഞ സ്ഥാനാർഥി ഒരു മുഴം നീട്ടി എറിഞ്ഞതാണ് ഈ നോട്ടുകൾ എന്ന് പറയാം, എന്തായാലും ഇത് ബുദ്ധിയെ സംബന്ധിച്ച് വലിയൊരു തുക തന്നെയാണ്. ഈ തുക വെച്ച് എന്ത് ചെയ്യണം എന്നറിയാതെ അവർ ആകെ ബുദ്ധിമുട്ടുകയാണ് എന്ന് പറയാം. സിമ്പിൾ ആയ സ്റ്റോറിയുടെ ശക്തമായ അവതരണമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്, പ്രകടനങ്ങളും, തീര്ച്ചയായും കാണാൻ ശ്രമിക്കുക.

Verdict : Very Good

DC Rating : 85/100

Saturday, July 25, 2020

845. Djam (2017)



Director : Tony Gatlif

Genre : Drama

Rating : 7.2/10

Country : France

Duration : 92 Minutes


🔸ഒരു മൂന്ന് വർഷം മുന്നേ കേട്ടതാണ് ഡ്ജാം എന്ന ചിത്രത്തിന്റെ പേര്, കുറച്ച് കൂടി വ്യക്തമായി പറയുക ആണെങ്കിൽ ആ വർഷത്തെ കേരള അന്താരാഷ്ട്ര ചലച്ചിത്ര ഫെസ്റ്റ് തൊട്ട്. പുരസ്‌കാരം ലഭിച്ചു എന്നതിന് പുറമെ പൊതുവെ കണ്ടവരെല്ലാം നല്ല അഭിപ്രായം ആയിരുന്നു ചിത്രത്തെ കുറിച്ച് പറഞ്ഞത്. സ്വാഭാവികമായും നല്ലൊരു പ്രിന്റ് ലഭിക്കാൻ കാത്തിരുന്നു എങ്കിലും അത് വന്നപ്പോൾ സബ് ഇല്ലാതെ വീണ്ടും കാത്തിരിക്കാനുള്ള അവസരമായി. പിന്നീട് ഒരുപാട് കാലം മറന്ന് പോയിരുന്ന ചിത്രം രണ്ട് മൂന്ന് ദിവസം മുന്നേ കളക്ഷൻ അരിച്ച് പെറുക്കവെയാണ് മുന്നിലേക്ക് എത്തിയത്.

🔸ടോണി ഗാറ്റ്ലിഫ് എന്ന സംവിധായകന്റെ അധികം ചിത്രം ഒന്നും കണ്ടിട്ടില്ല, ട്രാൻസിൽവാനിയ ക്രേസി സ്റ്റേഞ്ചർ പോലുള്ള സിനിമകൾ കൈവഴി മറഞ്ഞിട്ടുണ്ട് എങ്കിലും പൂർണമായി കണ്ടത് ലാച്ചോ ഡ്രോം അഥവാ സേഫ് ജേർണി മാത്രമാണ്. ജിപ്സികളുടെ ജീവിത പശ്ചാത്തലവും യാത്രയും ഒക്കെ പ്രമേയമാക്കി വന്ന ചിത്രം നല്ലൊരു അനുഭവം ആയിരുന്നു, ഡ്ജാമിൽ ലാച്ചോയുടെ ചെറിയ ചില എലെമെന്റുകൾ കാണാം എന്നതാണ് പ്രത്യേകത. ഈ ചിത്രവും ഒരു യാത്ര തന്നെയാണ് പശ്ചാത്തലം ആക്കിയിരിക്കുന്നത്, ഇംഗ്ലീഷ് പേര് തന്നെ ജേർണി ടു ഗ്രീസ് എന്നാണ്.

🔸ഡ്ജാം എന്ന ടൈറ്റിൽ കാരക്ടറിനെ അവതരിപ്പിച്ചിരിക്കുന്നത് തുടക്കകാരി നടിയായ ഡാഫ്‌നെ പത്താക്കിയ ആണ്, ഓപ്പണിങ് സീനിൽ പാട്ടിനൊപ്പം നൃത്തം വെക്കുന്ന സീൻ തൊട്ട് അവസാന രംഗം വരെ അവർ പ്രകടിപ്പിച്ച ഒരു അനായാസത ഉണ്ട് അഭിനയത്തിൽ, ഒരേ സമയം ഇഷ്ടവും അത്ഭുതവും തോന്നിപ്പിച്ച ഒന്നായിരുന്നു. തന്റെ വളർത്തച്ഛനായ കക്കോർഗസ് ഡ്ജാമിനെ ഗ്രീസിലേക്ക് അയക്കുകയാണ്, വേറൊന്നിനുമല്ല തനിക്ക് ആവശ്യമായ ചില പണി ആയുധങ്ങളും കാര്യവും ഒക്കെ വാങ്ങാനായിട്ട്, ഒരു ബോട്ടിന്റെ ഉടമയായ അയാൾക്ക് മാറി നിൽക്കാൻ പറ്റാത്ത സാഹചര്യമാണ്, അതാണ് അവളെ അയക്കാൻ കാരണം.

🔸ഡ്ജാം വളരെ കെയർ ഫ്രീ ആയ കഥാപാത്രമാണ്, ഏറ്റവും കുറഞ്ഞത് കാഴ്ചയിൽ എങ്കിലും പോരാത്തതിന് ഒരു ടോംബോയ് ആറ്റിറ്റിയൂടും. ഗ്രീസിലേക്ക് ഉള്ള യാത്രയിൽ അവൾ അവ്രിൽ എന്ന യുവതിയെ പരിചയപ്പെടുന്നതും തുടർന്ന് അവർക്കിടയിൽ ഉടലെടുക്കുന്ന സൗഹൃദവും എല്ലാമാണ് ഈ ചിത്രത്തിന്റെ കഥ. ചെറിയ തോതിൽ ന്യുഡിറ്റി ഒക്കെ ഉണ്ട്, ഒരു ഡ്രാമ ചിത്രമാണ് ഡ്ജാം, ആയതിനാൽ തന്നെ അത്യാവശ്യം സ്ലോ ആയാണ് കഥ പുരോഗമിക്കുന്നത്, പറഞ്ഞ് വന്നത് എന്താണെന്നാൽ എല്ലാവർക്കും പറ്റിയ ചായക്കപ്പ് അല്ല എന്ന് തന്നെ, ഡ്രാമ ജോണറിൽ താല്പര്യം ഉണ്ടെങ്കിൽ കാണാം.

Verdict : Good

DC Rating : 70/100

Friday, July 24, 2020

844. Dune (1984)



Director : David Lynch

Genre : Sci Fi

Rating : 6.5/10

Country : USA

Duration : 137 Minutes


🔸എപിക് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരു സിനിമ സൃഷ്ട്ടിക്കാൻ ഉള്ള വകുപ്പുണ്ട് ഡ്യൂൺ എന്ന നോവലിന്, അതിനും മാത്രം മികച്ച കഥാപാത്രങ്ങളും സെറ്റപ്പും കിടിലൻ ഒരു കഥയും എല്ലാമുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ പാതി കാലത്താണ് നോവൽ പുറത്തിറങ്ങിയതും പ്രേക്ഷക ശ്രദ്ധ, പ്രശംസ പിടിച്ച് പറ്റിയതും. എഴുപതുകൾ തൊട്ട് തന്നെ റിഡ്ലി സ്‌കോട്ട് ഉൾപ്പെടെയുള്ള സംവിധായകർ ഡ്യൂൺ സിനിമയാക്കാൻ ഉള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു എങ്കിലും നറുക്ക് വീണത് ഡേവിഡ് ലിഞ്ചിനാണ്. എൺപതുകളുടെ ആദ്യ പകുതിയിൽ പുറത്തിറങ്ങിയ ചിത്രത്തെ ലിഞ്ച് തന്നെ പിന്നീട് തള്ളി പറഞ്ഞത് ചരിത്രം.

🔸പോൾ അറ്ററെഡിസിന്റെ കഥയാണ് ഡ്യൂൺ, പ്രശസ്തനും എമ്പറർ ഷധാം നാലാമന്റെ കീഴിൽ ഉന്നത പദവി വഹിക്കുന്ന ലെറ്റോ അറ്ററെഡിസിന്റെ മകൻ. ഒരു ചെറിയ ഇൻട്രോ നൽകിക്കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്, പ്രധാനമായും നാല് പ്ലാനറ്റുകളാണ് ഡ്യൂൺ യുണിവേഴ്സിൽ ഉള്ളത്, അറ്ററെഡിസ് കുടുംബത്തിന്റേത്, ബദ്ധവൈരികളായ ഹാർക്കോനെൻസിന്റേത്, എമ്പറർ സദ്ദാമിന്റെത്, പിന്നെ ആരാകിസും. എമ്പററേയും മറ്റുള്ള നേതാക്കന്മാരെയും അപേക്ഷിച്ച് ലെറ്റോ കുറച്ച് കൂടി ജനപ്രീതിയുള്ള നീതിമാനായ നേതാവും ഭരണാധികാരിയുമാണ്.

🔸ലെറ്റോയുടെ വർധിച്ച് വരുന്ന ജനപ്രീതിയും, പോരാതെ ഹാർക്കോനെൻസിന്റെ കുബുദ്ധിയും കൂടി ചേർന്നപ്പോൾ ഷധാം ഒരു കടുത്ത തീരുമാനത്തിൽ എത്തുകയാണ്, വേറൊന്നുമല്ല മരുഭൂമി ഗ്രഹമായ ആരാകിസിന്റെ മേൽനോട്ടം ലെറ്റോയെ ഏല്പിക്കുക എന്നത് തന്നെ. ഇത് വഴി അയാളെ ഭരണ സിരാ കേന്ദ്രങ്ങളിൽ നിന്നും നയതന്ത്ര കാര്യങ്ങളിൽ നിന്നുമെല്ലാം മാറ്റി നിർത്താം, അതും പോരെങ്കിൽ ഒരവസരം കിട്ടിയാൽ അങ് തീർത്തും കളയാം. ഈ അറാകിസ് എന്ന ഗ്രഹത്തിന് ഒരു പ്രത്യേകത ഉണ്ട്, മുഴുവൻ മരുഭൂമി ആണെങ്കിലും സ്‌പൈസ് എന്ന വളരെ ആവശ്യമായ വസ്തുവിന്റെ വിളനിലമാണ് ഇവിടം.

🔸സ്‌പൈസ് ഉണ്ടെങ്കിൽ മാത്രമേ സ്‌പെയ്‌സ് ട്രാവലിംഗും മറ്റും സുഗമമായി നടത്താൻ കഴിയു, അത് പോരാതെ മറ്റ് ചില കഴിവുകൾ കൂടിയുണ്ട് ഇതിന്. അറാകിസ് മറ്റൊരു പ്രതിഭാസത്തിന്റെ കൂടി വിളനിലമാണ്, സാൻഡ്‌വേർംസ് എന്ന പേരിൽ പ്രസിദ്ധമായ ജീവി വിഭാഗത്തിന്റെ സാന്നിധ്യം ഉണ്ട് ആ മരുഭൂമിയിൽ, ചുരുക്കി പറഞ്ഞാൽ അറാകിസ് നരകതുല്യമാണ്. ഡ്യൂൺ ഡേവിഡ് ലിഞ്ചിന്റെ ഏറ്റവും മോശം ചിത്രങ്ങളിൽ ഒന്നാണ്, ഇഫക്ടുകൾ പലതും കൊമെടി ആയി അനുഭവപ്പെട്ടത് കാലഘട്ടം കണക്കിൽ എടുത്ത് വിടാം, എന്തിരുന്നാലും നല്ലൊരു മെറ്റിരിയൽ ഇത്രയും ബോർ ആയി അവതരിപ്പിച്ചതിന് ന്യായീകരണങ്ങൾ ഒന്നുമില്ല, ഈ വർഷാവസാനം വരുന്ന സിനിമയിൽ നല്ല പ്രതീക്ഷയുണ്ട്, നന്നാവട്ടെ.

Verdict : Avoidable

DC Rating : 40/100

Thursday, July 23, 2020

843. Ip Man 4 - The Finale (2019)



Director : Wilson Yip

Genre : Action

Rating : 7.2/10

Country : Hong Kong

Duration : 105 Minutes


🔸ഇപ് മാൻ സീരീസിലെ അവസാന ചിത്രം എന്ന ലേബലിലാണ് ഈ നാലാം ഭാഗ ചിത്രം പൊതുവെ മാർക്കറ്റ് ചെയ്യപ്പെട്ടത്, അത് ശെരിയുമാണ് കാരണം ഡോണി യെൻ അവതരിപ്പിച്ച കഥാപാത്രത്തിനും ആ കഥാപാത്രത്തിന്റെ ആർക്കിനും ഒരു വ്യക്തമായ എൻഡിങ് ചിത്രം നൽകുന്നുണ്ട്. സീരീസിലെ മറ്റ് ചിത്രങ്ങളെ അപേക്ഷിച്ച് ആക്ഷൻ രംഗങ്ങൾ ഒരല്പം ടോൺ ഡൗൺ ചെയ്തത് പോലെ അനുഭവപ്പെട്ടു എങ്കിലും നിലവാരത്തിൽ എല്ലാ പ്രതീക്ഷയും ആസ്ഥാനത്താക്കി മികച്ച രീതിയിൽ തന്നെ ചിത്രം ആദ്യാവസാനം മുന്നേറുന്നുണ്ട്.

🔸ഇപ് മാന്റെ ആരോഗ്യാവസ്ഥ ഇന്ന്, അതായത് സിനിമ തുടങ്ങുന്ന കാലഘട്ടത്തിൽ ഒരല്പം മോശമാണ്. അയാളുടെ ശരീരത്തിൽ കാൻസറിന്റെ സാന്നിധ്യം ഡോക്ടർമാർ തിരിച്ചറിഞ്ഞ് കഴിഞ്ഞിരിക്കുന്നു, പ്രാരംഭ ഘട്ടത്തിലാണ് രോഗമെങ്കിലും കാൻസർ സെല്ലുകൾ പെരുകുന്നത് വലിയ തോതിലും അളവിലുമാണ്, വലിയ പ്രതീക്ഷയ്ക്ക് വക നൽകുന്ന വാർത്ത ഒന്നും തന്നെ ഡോക്ടർ ഇപ് മാന് അതിനാൽ നൽകുന്നില്ല. മാർഷ്യൽ ആർട്സിന്റെ ലോകത്ത് ഇതിഹാസ പരിവേഷമുള്ള വ്യക്തി ആണെങ്കിലും വ്യക്തിജീവിതത്തിൽ ഇപ് മാന് കാര്യങ്ങൾ കുറച്ച് കൂടി പ്രശ്നങ്ങൾ നിറഞ്ഞതാണ്.

🔸ഭാര്യയുടെ മരണം ഉൾക്കൊള്ളാൻ അയാൾക്കും മകനും കഴിഞ്ഞിട്ടില്ല, അച്ഛൻ മകൻ ബന്ധം അല്ലെങ്കിലേ മോശം ആണെങ്കിലും ഇടനിലക്കാരിയായ അവരുടെ വിയോഗം അതിനെ കൂടുതൽ മോശമായി ബാധിക്കുകയാണ്. മകന് നല്ല രീതിയിൽ വിദ്യാഭ്യാസം, അതും പാശ്ചാത്യ നാടുകളിൽ ഒന്നിൽ കൊടുക്കണം എന്ന് ഇപ് മാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിലും അയാളുടെ മകന് ലവലേശം താല്പര്യമില്ല. എന്തിരുന്നാലും ഇങ്ങനെ ചില ലക്ഷ്യങ്ങൾ മനസ്സിൽ വെച്ച് കൊണ്ട് ഇപ് മാൻ അമേരിക്കയിൽ എത്തുകയാണ്.

🔸അമേരിക്കയിൽ ചൈനീസ് കോൺസുലേറ്റും പ്രവർത്തകരും എല്ലാം ഉണ്ടെങ്കിലും ഇപ് മാന്റെ വരവ് അവരെ ഉത്സാഹ ഭരിതരാക്കുന്നില്ല, അതിന് ഒരു കാരണമുണ്ട്. ആ കാരണമാണ് ബ്രൂസ് ലീ, അഥവാ ഇപ് മാന്റെ ഏറ്റവും പ്രശസ്തനായ ശിഷ്യൻ. ഈ ഒരു പ്ലോട്ട് ലൈനിന് പുറമെ റേസിസം പോലുള്ള വിഷയങ്ങളും ചിത്രം കൈകാര്യം ചെയ്യുന്നുണ്ട്, കഥയിലും മറ്റും നിലവാരം കാത്ത് സൂക്ഷിക്കുന്നുണ്ടെങ്കിലും ആക്ഷൻ രംഗങ്ങൾക്ക് ഇന്റെന്സിറ്റി കുറവായ പോലെ തോന്നിച്ചു പലയിടത്തും, എന്തിരുന്നാലും കാണാൻ ഉള്ളതെല്ലാം ചിത്രത്തിലുണ്ട്, ചിലവഴിക്കുന്ന സമയം മുതലായിരിക്കും എന്ന് സാരം.

Verdict : Good

DC Rating : 70/100

Wednesday, July 22, 2020

842. A Whisker Away (2020)



Director : Junichi Sato

Genre : Animation

Rating : 6.8/10

Country : Japan

Duration : 104 Minutes


🔸ജാപ്പനീസ് അനിമേ സിനിമകളോട് എന്നും വലിയ താല്പര്യം വെച്ച് പുലർത്തിയിരുന്നു, ലൈവ് ആക്ഷൻ സിനിമകൾക്ക് പോലും തരാൻ കഴിയാത്ത ഒരു ഫീൽ അല്ലെങ്കിൽ അനുഭവം സമ്മാനിച്ച അനവധി അനിമേ സിനിമകൾ കാണിച്ച് തരാൻ കഴിയും, ഈ ഒരു കാരണം കൊണ്ട് തന്നെ പുതിയ ഒരു അനിമേ സിനിമ നല്ല അഭിപ്രായം കേട്ട് തുടങ്ങിയാൽ പിന്നൊരു കാത്തിരിപ്പ് ആണ്, നല്ല പ്രിന്റ് കയ്യിൽ കിട്ടുന്നത് വരെ. എ വിസ്‌കർ എവേ എന്ന ചിത്രത്തിന്റെ കാര്യത്തിലും ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു കാര്യങ്ങൾ, ഫാന്റസി ജോണറിൽ പൊതിഞ്ഞ ഒരു ഇമോഷണൽ റിലേഷൻഷിപ്പ് ഡ്രാമ എന്ന പ്രേമിസ്‌ ഒക്കെ ടിപ്പിക്കൽ അനിമേ ഐറ്റം തന്നെ ആയിരിക്കും എന്ന ഉറപ്പ് നൽകിയിരുന്നു.

🔸ആദ്യം തന്നെ പറയട്ടെ, ഒന്നാം നിരയിൽ ചേർത്ത് വെക്കാവുന്ന അനിമേ ക്‌ളാസ്സിക്കുകൾക്ക് ഇടയിൽ ഒന്നും വിസ്‌കർ എവെയ്ക്ക് സ്ഥാനമില്ല, അർഹിക്കുന്നില്ല എന്ന് തന്നെ പറയാം. ഈ വിഭാഗത്തിൽ പെട്ട മറ്റ് പല സിനിമകളും സമ്മാനിച്ച പോലെ ഒരു ലാസ്റ്റിങ് ഇമ്പ്രെഷെനോ അല്ലെങ്കിൽ സിനിമ അവസാനിച്ച് കഴിഞ്ഞ ശേഷവും വിടാതെ മനസ്സിൽ നിൽക്കുന്ന ചോദ്യങ്ങളോ ഒന്നും തന്നെ ഈ സിനിമ നൽകുന്നില്ല, ഒരു തവണ കണ്ട് ഒഴിവാക്കാവുന്ന ചിത്രം എന്നൊക്കെ ചില സിനിമകളെ നമ്മൾ പ്രോട്ടോടൈപ്പ് കണക്കെ വിശേഷിപ്പിക്കാറില്ലേ, അത് തന്നെ കഥ.

🔸കഥയിലേക്ക് വരിക ആണെങ്കിൽ മിയോ എന്ന പെൺകുട്ടിക്ക് തന്റെ സഹ പാഠിയായ ഹെനോടെയോട് ഇഷ്ട്ടം തോന്നുന്നതും തുടർന്ന് അരങ്ങേറുന്ന സംഭവങ്ങളും ഒക്കെയാണ് പ്രമേയം. മിയോയെ സംബന്ധിച്ച് വെറുമൊരു ഇഷ്ടമല്ല മറിച്ച് ഒബ്സഷനാണ്, അവൻ തിരിച്ച് ഇഷ്ടമാണ് എന്ന് പറയേണ്ട ആവശ്യം ഒന്നുമില്ല മറിച്ച് നോക്കിയാലോ ചിരിച്ചാലോ പോലും മിയോയെ സംബന്ധിച്ച് സ്വർഗം കിട്ടിയ അവസ്ഥയാണ്. ഹെനോടെ ഇന്നേവരെ മിയോയെ പരിഗണിച്ചിട്ട് കൂടിയില്ല, ഒരുവേള അങ്ങനൊരാൾ തനിക്ക് ചുറ്റും വട്ടമിട്ട് പറക്കുന്നത് അവൻ ശ്രദ്ധിക്കുന്നതായി ഭാവിക്കുന്നുകൂടിയില്ല.

🔸ഇങ്ങനെ ഒരു നേർ രേഖയിൽ പോയി കൊണ്ടിരിക്കുന്ന കഥയിലേക്ക് ഒരു ചെറിയ ട്വിസ്റ്റ് വരികയാണ്, ഫാന്റസിയുടെ രൂപത്തിൽ. ട്വിസ്റ്റ് എന്താണെന്നോ അതിന് മിയോയുടെയും ഹെനോടെയുടെയും ജീവിതത്തിൽ ഉള്ള പ്രാധാന്യം എന്താണെന്നോ, ഈ കഥാപാത്രങ്ങളുടെ ഭാവി എന്താണെന്നോ ഒന്നും തല്ക്കാലം പറയുന്നില്ല, അത് കണ്ടറിയാൻ ഉള്ളതാണ്. അപ്പൊ പറഞ്ഞ് വന്നത് എന്താണെന്നാൽ ഒരു തവണ കണ്ട് ഒഴിവാക്കാനുള്ള ചിത്രമാണ് എ വിസ്‌കർ എവേ എന്നാണ് വ്യക്തിപരമായി തോന്നിയത്, നല്ല രീതിയിൽ കഥ തുടങ്ങിയെങ്കിലും പിന്നീട് എവിടെയോ കെട്ടുറപ്പ് നഷ്ടപ്പെട്ടത് പോലെയാണ് അനുഭവപ്പെട്ടത്, എന്തായാലും കണ്ട് തന്നെ തീരുമാനിക്കുന്നത് നന്നാവും.

Verdict : Watchable

DC Rating : 65/100

841. Gundala (2019)



Director : Joko Anwar

Genre : Action

Rating : 6.8/10

Country : Indonesia

Duration : 120 Minutes


🔸ചിത്രത്തെ കുറിച്ച് പറയുന്നതിന് മുന്നേ ഒരു ചെറിയ മുന്നറിയിപ്പ്, സീരിയസ് ആയി സിനിമയെ കണ്ട് വിശകലനം ചെയ്യുന്ന ഒരു മെന്റാലിറ്റിയോടെ ഈ സിനിമയെയും നിങ്ങൾ സമീപിച്ചാൽ അത് വൻ കൊമെടി ആയി മാറിയേക്കും. ഒരു ആക്ഷൻ കം സൂപ്പർഹീറോ ചിത്രമാണ്, ലോജിക്ക് സെൻസ് പോലെയുള്ള കാര്യങ്ങളെ ഒക്കെ ചിലയിടത്ത് ചോദ്യം ചെയ്തേക്കാം, അതൊക്കെ സിനിമ വിഷയമാക്കിയ മെറ്റിരിയലിന്റെ ഒരു രീതി ആയി കണ്ട് ഒഴിവാക്കിയാൽ അത്യാവശ്യം എന്ജോയ് ചെയ്ത് കാണാനുള്ള വക ഗുന്താല എന്ന ഇന്തോനേഷ്യൻ ചിത്രം തരുന്നുണ്ട്.

🔸ഇന്തോനേഷ്യൻ സിനിമയെ സംബന്ധിച്ച് വൈഡ് റീച് വെച്ചും, സാമ്പത്തികപരമായും വലിയ പ്രാധാന്യമുള്ള, ഭാവിയിൽ വരെ നിർണ്ണായകമായ ഒരു ചുവട് വെപ്പ് ആകാൻ സാധ്യത ഉള്ള ഒന്നാണ് ഈ ചിത്രം. കാരണം വേറൊന്നുമല്ല ഇന്തോനേഷ്യൻ കോമിക്സുകളിലൂടെ വലിയ ആരാധക പിന്തുണ നേടിയ ഒരുപറ്റം സൂപ്പർഹീറോ കഥാപാത്രങ്ങളെ ഒന്നിച്ച് ചേർത്ത് ഒരു സൂപ്പർഹീറോ യുണിവേഴ്‌സ് സൃഷ്ടിച്ച് എടുക്കുന്നതിന്റെ ആദ്യ പടി ആണ് ഗുന്താല എന്ന ചിത്രം, നമ്മുടെ മാർവെൽ സിനിമാറ്റിക് യുണിവേഴ്സിന് അയേൺ മാൻ എന്തായിരുന്നോ, അത്രയും പ്രാധാന്യം ഉണ്ട് ഈ ഇന്തോനേഷ്യൻ സിനിമാറ്റിക് യുണിവേഴ്സിൽ ഗുന്തലയ്ക്ക്.

🔸അത്യാവശ്യം നല്ലൊരു ബാക്ക്സ്റ്റോറിയും, സൂപ്പർഹീറോ ആവാനുള്ള മോട്ടിവേഷനും പ്രത്യേക കഴിവുമുള്ള സൂപ്പർഹീറോ, ചെക്ക്. നായകന്റേതിന് സാമ്യമുള്ള ബാക്ക്സ്റ്റോറി ഉള്ള എന്നാൽ കൈക്കൊണ്ട തീരുമാനവും അടക്കിവെച്ച ദേഷ്യവും പകയും എല്ലാം കാരണം നായകന്റേതിന് നേർ വിപരീതമായി മാറിയ വില്ലൻ കഥാപാത്രം, ചെക്ക്. വില്ലന് സ്വന്തമായി കൊല്ലാനും ചാവാനും ഉള്ള ഒരു ആർമി, അതിൽ തന്നെ പ്രത്യേക ആയോധന കഴിവുകൾ സ്വന്തമായുള്ള ആറ് അംഗ പോരാളി സംഗം, ചെക്ക്. നായകന് കരുത്തും സപ്പോർട്ടുമായി കൂടെ നിൽക്കുന്ന കൂട്ടാളികളും അഭ്യുദയകാംക്ഷികളും, ചെക്ക്. ഇവരെ എല്ലാം നേരിട്ട് കോൺഫ്ലിക്റ്റിലേക്ക് എത്തിക്കുന്ന ഒരു പ്ലോട്ടും, ആ കോൺഫ്ലിക്റ്റിനെ ആസ്വാദ്യകരം ആക്കുന്ന മുട്ടൻ അടിയും, ചെക്ക്. അങ്ങനെ ആകെ മൊത്തം ഒരു സൂപ്പർഹീറോ കം ഒറിജിൻ സ്റ്റോറിക്ക് ആവശ്യമായ വെടിക്കോപ്പ് ഒക്കെ ഈ ചിത്രത്തിലുണ്ട്.

🔸ഒരു യുണിവേഴ്സിലെ ആദ്യ ചിത്രം ആയത് കൊണ്ടും, ഈ കഥാപാത്രത്തിന് തന്നെ രണ്ടാം ഭാഗം വരുന്നത് കൊണ്ടും ചില പ്ലോട്ട് പോയിന്റുകൾ ഒഴിച്ചിട്ട ഫീലുണ്ട്, പ്രത്യേകിച്ചും അവാങ് പോലെയുള്ള കഥാപാത്രങ്ങളുടെ കാര്യത്തിൽ, എന്നാൽ ഇവരെല്ലാം തുടർ ഭാഗങ്ങളിൽ നിർണ്ണായക കഥാപാത്രങ്ങളായി മാറും എന്ന അറിവാണ് ലഭിച്ചത്. ആക്ഷൻ രംഗങ്ങളിൽ ചിലയിടത്ത് അശ്രദ്ധ കാരണം സംഭവിച്ച പിഴവുകളും മറ്റും സീരിയസ് ആയ രംഗങ്ങളിൽ പോലും ചിരി വരുത്തുന്നുണ്ട്, പ്രത്യേകിച്ചും റോപ് ഉപയോഗിച്ചുള്ള ചില ഐറ്റംസ്. ഒരു കംപ്ലീറ്റ് പ്രൊഫഷണൽ വർക്ക് എന്നൊന്നും പറയാനാവില്ല, പലയിടത്തും ഇത് പ്രകടവുമാണ്. എന്തിരുന്നാലും ഇത് പോലുള്ള ചെറിയ കാര്യങ്ങൾ ഒഴിവാക്കി വിട്ടാൽ എന്റർടെയ്‌ൻമെന്റ്‌ ഉറപ്പ് തരുന്നുണ്ട് ഈ ചിത്രം, അത് വലിയ കാര്യവുമാണ്.

Verdict : Watchable

DC Rating : 60/100

Tuesday, July 21, 2020

840. The King Of Staten Island (2020)



Director : Judd Apatow

Genre : Drama

Rating : 7.2/10

Country : USA

Duration : 137 Minutes


🔸നമുക്ക് ചുറ്റും കാണാവുന്ന ചിലരുടെ അല്ലെങ്കിൽ നമ്മുടെ തന്നെ ചില മാനറിസങ്ങൾ കാണാനാവും ദി കിംഗ് ഓഫ് സ്റ്റേറ്റൻ അയലൻഡ് എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സ്‌കോട്ട് കാർലൈനിൽ. സ്‌കോട്ടിന് പ്രായം ഇരുപത്തി നാല് കഴിഞ്ഞു, ജീവിതത്തിൽ ഒരു കരയ്ക്ക് എത്തേണ്ട അല്ലെങ്കിൽ കരയ്ക്ക് എത്താൻ ശ്രമിച്ച് കൊണ്ടിരിക്കേണ്ട ഒരു പ്രായം, പക്ഷെ അവന്റെ കാര്യത്തിൽ സ്ഥിതി ഗതികൾ ലേശം വ്യത്യസ്തമാണ്, ആശാൻ ഹൈസ്‌കൂൾ വിദ്യാഭ്യാസം പോലും പൂർത്തിയാക്കിയിട്ടില്ല. ഗ്രാഡുവേഷൻ പോലുള്ള കാര്യങ്ങളെ പറ്റി പിന്നെ ചിന്തിക്കേണ്ട കാര്യമേ ഇല്ലല്ലോ.

🔸സ്‌കോട്ടിന് സ്വന്തം എന്ന് പറയാൻ അമ്മയും ഒരു അനിയത്തിയും മാത്രമേയുള്ളൂ, അവന്റെ അച്ഛൻ കുറച്ച് വർഷങ്ങൾക്ക് മുന്നേ മരണപ്പെട്ടതാണ്. സ്കോട്ടിന്റെ അച്ഛന്റെ മരണം ഒരു സാധാരണ മരണമായിരുന്നില്ല, ഫയർ ഫൈറ്റർ ആയിരുന്ന പുള്ളി ഒരു രക്ഷാപ്രവർത്തനത്തിന് ഇടയിൽ അപകടത്തിൽ പെട്ട് മരിക്കുക ആയിരുന്നു. ഉദ്ദേശം ഈ സംഭവം കഴിഞ്ഞിട്ട് പത്ത് പതിനെട്ട് വർഷം കഴിഞ്ഞെങ്കിലും ആ ഷോക്കിൽ നിന്നും സ്‌കോട്ട് കര കയറിയിട്ടില്ല. സ്‌കോട്ടിന് ഈ പ്രായത്തിൽ ആവശ്യമായ ഒരു പക്വതയും പാകതയും ഒന്നും വന്നിട്ടില്ല, ഇപ്പോഴും കുട്ടികളുടെ ഒരു പ്രകൃതമാണ്.

🔸ഇതൊന്നും പോരെങ്കിൽ ചെറിയ ചില മാനസിക പ്രശ്നങ്ങൾ കൂടിയുണ്ട് പുള്ളിക്ക്, ഭ്രാന്ത് എന്നൊന്നും തെറ്റിദ്ധരിക്കരുത്, ചില സോഷ്യൽ അംക്സൈറ്റിയും മറ്റുമൊക്കെ. ഇതാണ് സ്കോട്ടിന്റെ ഒരു ബാക്ക് ഗ്രൗണ്ട്, ഇതല്ലാതെ ഒരു പ്രണയം കൂടിയുണ്ട് അയാളുടെ കഥയിൽ, തല്ക്കാലം അതിലേക്ക് കടക്കുന്നില്ല. അമ്മയോടൊപ്പം സമയം ചിലവഴിക്കുക, കൂട്ടുകാരോടൊപ്പം വെറുതെ കറങ്ങി നടക്കുക എന്നതൊക്കെ ആണ് പുള്ളിയുടെ ദൈനം ദിന കലാപരിപാടികൾ. ഇതിൽ ഒരു മാറ്റം കൊണ്ടുവരണം എന്നൊക്കെ സ്കോട്ടിന്റെ അമ്മയ്ക്ക് ആഗ്രഹമുണ്ട്, പക്ഷെ എങ്ങനെ ബോധ്യപ്പെടുത്തും എന്ന കാര്യം വലിയ പിടിയില്ല.

🔸ഇങ്ങനെ പോയി കൊണ്ടിരിക്കുന്ന കഥ ഒന്ന് ട്രാക്ക് മാറുന്നത് സ്കോട്ടിന്റെ അമ്മ റേ എന്ന വ്യക്തിയുമായി അടുപ്പത്തിൽ ആവുകയും, ഡേറ്റിങ്ങിന് പോവുകയും ചെയ്യുമ്പോഴാണ്. റേ ഒരു ഫയർ ഫൈറ്ററാണ്, അച്ഛന്റെ ഓർമകൾ സ്‌കോട്ടിൽ ഉള്ളത് കൊണ്ട് തന്നെ അയാൾക്ക് ഈ ബന്ധം അംഗീകരിക്കാം ബുദ്ധിമുട്ടാണ്, തുടർന്ന് അരങ്ങേറുന്ന രസകരമായ മനോഹരമായ സംഭവങ്ങളാണ് ഈ ചിത്രത്തിന്റെ ഒരു പ്രെമിസ്. നല്ല ചിത്രമാണ് ദി കിംഗ് ഓഫ് സ്റ്റേറ്റൻ അയലൻഡ്, ട്രെയ്‌ലർ കണ്ടപ്പോൾ വെച്ച പ്രതീക്ഷ ഒട്ടും അസ്ഥാനതയില്ല. നിങ്ങൾക്കും കാണാവുന്നതാണ്, സമയനഷ്ടം അനുഭവപ്പെടില്ല എന്നുറപ്പ്.

Verdict : Very Good

DC Rating : 80/100

Monday, July 20, 2020

839. Duvar (1983)



Director : Yılmaz Güney

Genre : Drama

Rating : 8.1/10

Country : Turkey

Duration : 117 Minutes


🔸എഴുപതുകളിൽ തുർക്കി കണ്ട പട്ടാള അട്ടിമറിയും അതിനെ തുടർന്നുണ്ടായ കിരാത ഭരണവും എല്ലാം പ്രമേയമാക്കി അനവധി സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്, അതിൽ തന്നെ ഈ സംഭവങ്ങളെ നിശിതമായി വിമർശിക്കുന്ന ചിത്രങ്ങളും ഉണ്ട്, യോൾ പോലെ. ഈ ഒരു വിഭാഗത്തിൽ പെട്ട മറ്റൊരു സിനിമയാണ് ദുവാർ അഥവാ ദി വാൾ. ഒരുപക്ഷെ യോളുമായി തട്ടിച്ച് നോക്കുമ്പോൾ കുറച്ച് കൂടി ഡാർക്ക്, ഡിപ്രസിങ് ആയ ചിത്രമാണ് ദുവാർ. രണ്ട് മണിക്കൂറിൽ താഴെ ദൈർഘ്യമുള്ള ചിത്രം ഏറെക്കുറെ മുഴുവൻ സമയവും ഒരു ജയിലിനകത്താണ് കഥ പറയുന്നത്.

🔸അത്യാവശ്യം കുപ്രസിദ്ധമായ ഒരു ജയിലറയാണ് നമ്മുടെ കഥാ പശ്ചാത്തലം, സ്ത്രീകൾ പുരുഷന്മാർ കുട്ടികൾ തുടങ്ങി എല്ലാ വിഭാഗങ്ങളിൽ പെട്ട തടവുകാരും ഇവിടുണ്ട്, ഇവരെയെല്ലാം പ്രായത്തിനും ജെൻഡറിനും അനുസരിച്ച് വെവ്വേറെ ബ്ലോക്കുകളിലായി തരം തിരിച്ച് നിർത്തിയിരിക്കുന്നു, പരസ്പരം കാണാം എന്നതൊഴിച്ചാൽ അവർക്കിടയിലുള്ള ഇടപഴകലുകൾക്ക് ശക്തമായ വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കൊല കൊള്ള റേപ്പ് പിടിച്ചുപറി ഭരണകൂട വിമർശനം തുടങ്ങിയ കുറ്റങ്ങൾ എല്ലാം ചുമത്തപ്പെട്ടവരാണ് ഈ കൂട്ടത്തിൽ ഉള്ളത്, പലരും വർഷങ്ങളായി തടവിൽ കഴിയുന്നവർ.

🔸അച്ചടക്കത്തിന് പേര് കേട്ടതാണ് പ്രസ്തുത തടവറയും അവിടുത്തെ പോലീസ് ഉദ്യോഗസ്ഥരും, മൂന്നാം മുറ ഉൾപ്പെടെ ഉള്ള കൈക്രിയകളുടെ സഹായത്തിൽ ആണ് ഈ സ്ട്രാറ്റജി അവർ നിലനിർത്തി പോവുന്നത്. മനുഷ്യപ്പറ്റ് എന്നത് തൊട്ട് തീണ്ടിയിട്ടില്ലാത്ത മനോഭാവമാണ് പോലീസ് ഉദ്യോഗസ്ഥരിൽ മിക്കവരുടെയും, തടവ് പുള്ളികളെ ഒരു തരം അടിമകളെ കാണുന്നത് പോലെയാണ് അവർ കാണുന്നത്, നീചമായ രീതിയിലാണ് അവരോടുള്ള പെരുമാറ്റം. ഇഷ്ട്ടാനുസരണം തല്ലുക എന്നതിനോടൊപ്പം വീട്ടുകാർ മാസാമാസം കാണാൻ വരുമ്പോൾ തരുന്ന തുകയിൽ കയ്യിട്ട് വാരുന്നത് ഉൾപ്പെടെയുള്ള ഉളുപ്പില്ലാത്ത പ്രവർത്തികളാണ് ഇവരുടെ ഒരു രീതി.

🔸ഈ ഒരു പശ്ചാത്തലത്തിലാണ് ദുവാർ എന്ന ചിത്രം കഥ പറഞ്ഞ് തുടങ്ങുന്നത്, ക്രൂരമായ ഒരുവേള സ്‌ക്രീനിൽ നിന്നും മുഖം തിരിക്കാൻ പ്രേരിപ്പിക്കുന്ന രംഗങ്ങൾ ഒരുപാടുണ്ട് ചിത്രത്തിൽ, എല്ലാവര്ക്കും കാണാൻ പറ്റുന്ന, നിർദ്ദേശിക്കാൻ കഴിയാത്ത ഒരു ചിത്രമാണിത്, അത്യാവശ്യം നല്ല തോതിൽ ഡിസ്റ്റർബിങ്ങും ആണ് ചിത്രം. റിലീസ് ആയ ടൈമിലും മറ്റും അത്യാവശ്യം കോളിളക്കം സൃഷ്ട്ടിച്ച ചിത്രമാണ് ദുവാർ, നല്ല നിലവാരമുള്ള ഒരു പ്രിന്റ് ഇപ്പോൾ പോലും ലഭ്യമാണ് എന്ന് തോന്നുന്നുമില്ല, എന്തായാലും താല്പര്യം തോന്നുന്നെങ്കിൽ, തോന്നുന്നെങ്കിൽ മാത്രം കാണാൻ ശ്രമിക്കുക.

Verdict : Very Good

DC Rating : 85/100

Saturday, July 18, 2020

838. The ABC Murders (2018)



Director : Alex Gabassi

Genre : Mystery

Rating : 6.6/10

Seasons : 01

Episodes : 03

Duration : 54 - 56 Minutes


🔸അഗതാ ക്രിസ്റ്റിയെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല, ക്രൈം മിസ്റ്ററി ജോണറിൽ പെട്ട അനവധി ക്‌ളാസിക്കുകൾ ലോകത്തിന് സമ്മാനിച്ചവരാണ്‌ അവർ, ഈ വർക്കുകളിൽ തന്നെ പലതും സിനിമയോ സീരീസോ ആയി സ്‌ക്രീനിൽ എത്തിയിട്ടും ഉള്ളതാണ്. അത്തരത്തിൽ ഉള്ളൊരു അഡാപ്റ്റേഷനാണ് എബിസി മെർഡേഴ്സ്. ആഗതയുടെ കഥാപാത്രങ്ങളിൽ ലെജൻഡറി സ്റ്റാറ്റസ് സ്വന്തമായുള്ള ഹെൻറി പൊയ്‌റോ ആണ് ഈ കഥയിലെയും ഫോക്കൽ പോയിന്റ്. പൊയ്‌റോ ഒരു കേസ് അന്വേഷിക്കാൻ വരുന്ന സ്ഥിരം പാറ്റേണിൽ നിന്ന് മാറി ഇവിടെ കേസിന്റെ ഫോക്കസ് തന്നെ അയാളായാണ് കാണിക്കുന്നത്.

🔸ഹെൻറി പൊയ്‌റോ എന്ന വ്യക്തിക്ക് കുറ്റാന്വേഷണ ചരിത്രത്തിൽ ഉള്ള സ്വാധീനം വളരെ വലുതാണ്, പ്രത്യേകിച്ചും ബ്രിട്ടനിൽ. തന്റെ പ്രതാപ കാലത്ത് അയാൾ മുട്ട് മടക്കിയ കേസോ അല്ലെങ്കിൽ അയാളുടെ കയ്യിൽ നിന്ന് രക്ഷപ്പെട്ട കുറ്റവാളിയോ ഇല്ല എന്ന് തന്നെ പറയാം. ഈ കാരണങ്ങൾ കൊണ്ട് തന്നെ അദ്ദേഹത്തിന് ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് സ്വന്തമായി ഉണ്ടായിരുന്നു, ആരാലും ബഹുമാനിക്കപ്പെട്ടിരുന്ന ഒരു വ്യക്തിത്വം കൂടി ആയിരുന്നു പൊയ്‌റോ. എന്നാൽ ഇന്ന് സ്ഥിതി ഗതികൾ വളരെ വ്യത്യസ്തമാണ്, പൊയ്‌റോ എന്ന പേര് ആഘോഷിക്കപ്പെടുന്നതിന് പകരം പലരും പരിഹാസത്തോടെ ഉച്ചരിക്കുന്ന ഒന്നായി മാറിയിരിക്കുന്നു.

🔸ഈ മാറ്റത്തിന്റെ കാരണം എന്ത് എന്ന് തല്ക്കാലം പറയുന്നില്ല. സ്വന്തം ജീവിതത്തിലും ജീവിത ചര്യയിലും പോലും പൊയ്‌റോയുടെ കാര്യത്തിൽ ഈ മാറ്റം പ്രകടമാണ്. അയാൾ ഒരു വൃദ്ധനായി മാറിയിരിക്കുന്നു, കൂടുതൽ സമയവും പ്രാർത്ഥനയും പശ്ചാത്താപവും സ്വയം പഴിക്കലും ഒക്കെ ആയാണ് അയാൾ സമയം കളയുന്നത്. അങ്ങനെ ഇരിക്കെയാണ് പൊയ്‌റോയെ തേടി ഒരു കത്ത് വരുന്നത്, പൊതുവെ തനിക്ക് വരുന്ന കത്തുകളെല്ലാം കുത്തി നോവിക്കലുകൾ ആയതിനാൽ അയാൾ ഒഴിവാക്കാറാണ് പതിവ്, എന്നാൽ ഇതിന് എന്തോ ഒരു പ്രത്യേകത അയാൾ കണ്ടിരിക്കണം.

🔸കത്ത് അയച്ചിരിക്കുന്ന വ്യക്തിയുടെ ആഗ്രഹം മറ്റൊന്നുമല്ല, അയാൾക്ക് പൊയ്‌റോയോട് ഒരാവർത്തി മത്സരിക്കണം, പൊയ്‌റോയുടെ കഴിവും ബുദ്ധിയും എല്ലാം ഒന്ന്കൂടി അളക്കണം, അതിനായി ഒരു പസിൽ ആരംഭിക്കുകയാണ്. എ എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്ന ഒരു വ്യക്തി എ കൊണ്ട് തുടങ്ങുന്ന ഒരു സ്ഥലത്ത് വെച്ച് തികച്ചും റാൻഡം ആയി കൊല്ലപ്പെടുകയാണ്, അത് ഒരു സീരീസിന്റെ ആരംഭം ആയിരുന്നു. ഒരു ഭാഗത്ത് കൊലയാളിയും മറുഭാഗത്ത് പൊയ്‌റോയും നിൽക്കുന്ന ഗെയിം അവിടെ തുടങ്ങുകയാണ്, ആഗതയുടെ മികച്ച സൃഷ്ടികളിൽ ഒന്നാണ് എന്ന വിലയിരുത്തൽ പൊതുവെ ഉള്ള നോവലാണെങ്കിലും സീരീസ് അത്ര മികച്ചതായി തോന്നിയില്ല, ഇടക്കെപ്പോഴോ കെട്ടുറപ്പ് നഷ്ട്ടപ്പെട്ട പോലെ ആയിരുന്നു കഥാഗതി, എന്തിരുന്നാലും കൂടുതൽ ബോധവാനാവാതെ കാണാനുണ്ട്.

Verdict : Watchable

DC Rating : 60/100

Friday, July 17, 2020

837. Driveways (2019)



Director : Andrew Ahn

Genre : Drama

Rating : 7.5/10

Country : USA

Duration : 83 Minutes


🔸കഴിഞ്ഞ ഒരു രണ്ട് വർഷത്തിനിടെ പുറത്തിറങ്ങിയ ഏറ്റവും നല്ല ഡ്രാമ ചിത്രങ്ങളിൽ ഒന്നായിരിക്കും ഡ്രൈവ് വെയ്‌സ്, സിമ്പിൾ ആയ സ്റ്റോറിയെ അത്യാവശ്യം സ്ലോ ആയി ആണെങ്കിൽ കൂടിയും മനോഹരമായ രീതിയിൽ അവതരിപ്പിക്കാനും ഉദ്ദേശിച്ച കാര്യത്തെ അർഹിക്കുന്ന ഗൗരവത്തിൽ കൺവെ ചെയ്യിക്കാനും കഴിഞ്ഞത് സംവിധായകന്റെ കഴിവ് വിളിച്ചോതുന്ന ഒരു വസ്തുതയാണ്. പ്രധാനമായും മൂന്ന് കഥാപാത്രങ്ങളിൽ കൂടിയാണ് ചിത്രം പുരോഗമിക്കുന്നത്, ഒരു പക്ഷെ മൂന്ന് കഥകളായി തന്നെ കാണാനുള്ള മെറ്റിരിയൽ ഇവരിൽ സൃഷ്ടിച്ച് എടുത്തിട്ടുള്ളതായി കാണാം.

🔸ഡെൽ എന്ന വൃദ്ധനാണ് ഈ മൂന്ന് കഥാപാത്രങ്ങളിൽ ഒരാൾ. ഡെല്ലിനെ അവതരിപ്പിച്ചിരിക്കുന്നത് ഈയിടെ മരണമടഞ്ഞ ബ്രയാൻ ഡെൻനേഹിയാണ്, അദ്ദേഹത്തിന് ആദരാഞ്ജലികൾ. ഡെൽ ഒരു റിട്ടയേർഡ് പട്ടാളക്കാരനാണ്, കൊറിയൻ യുദ്ധം ഉൾപ്പെടെ രാജ്യത്തിന് വേണ്ടി സേവനം അനുഷ്ഠിച്ച വ്യക്തിത്വം. ഡെല്ലിനെ ഇന്ന് പ്രായാധിക്യം പിടി കൂടിയിരിക്കുന്നു, അദ്ദേഹത്തിന്റെ ഇരിപ്പും മട്ടും എല്ലാം മരണം അല്ലാതെ മറ്റൊന്നും തന്നെ അന്വേഷിച്ച് വരാനില്ല എന്ന് തോന്നിപ്പിക്കും വിധം ഡിപ്രസ്ഡ് ആയാണ്, അത് തന്നെയാണ് സത്യവും. ഉറ്റവർ എന്ന് പറയാവുന്നവരെല്ലാം എന്നോ അയാളെ വിട്ട് മരണത്തിലേക്ക് നടന്ന് അകന്ന് കഴിഞ്ഞിരുന്നു.

🔸തന്റെ ഒപ്പം സേവനം അനുഷ്ഠിച്ച മറ്റ് ചില മുൻകാല പട്ടാളക്കാരാണ് ഡെല്ലിന് ആകെ ഒരാശ്വാസം. ഉറക്കം ഉണരുക, തിന്നുക, വിശ്രമിക്കുക എന്നതിന് അപ്പുറം അയാൾക്ക് ആകെ ഉള്ളൊരു ആശ്വാസം ഇവരോടൊപ്പം ചിലവഴിക്കുന്ന നിമിഷങ്ങളും ക്ലബ്ബിലെ കളിയും ഒക്കെയാണ്. ഇങ്ങനെ പോയി കൊണ്ടിരുന്ന ഡെല്ലിന്റെ ജീവിതത്തിൽ ഒരു ഒച്ചയും അനക്കവും ഒക്കെ ഉണ്ടാകുന്നത്, തൊട്ടപ്പുറത്തെ വീട്ടിലേക്ക് കാത്തിയും മകൻ കോഡിയും എത്തുന്നതോടെ ആണ്. കാത്തിയുടെ അനുജത്തി ഏപ്രീലിന്റേത് ആണ് ആ വീട്, ആയിരുന്നു എന്ന് പറയേണ്ടി വരും കാരണം ഏപ്രിൽ മരണമടഞ്ഞിട്ട് കുറച്ച് നാളായി.

🔸സഹോദരിയുടെ വീട് ഒന്ന് വൃത്തിയാക്കി മറിച്ച് വിൽക്കാം എന്ന ഉദ്ദേശത്തിലാണ് കാത്തി അവിടേക്ക് വരുന്നത്, എന്നാൽ ഇവിടെ നിന്നും അവൾക്ക് ചില തിരിച്ചറിവുകൾ ലഭിക്കുകയാണ്, അതാണ് കാത്തിയുടെ കഥ. കോഡി ഒരു ഇൻട്രൊവർട്ട് ആണ്, അധികം ആളുകളോട് ഇടപഴകുന്നതും മറ്റും അവന് ഇഷ്ട്ടമല്ല, എന്നാൽ തൊട്ടപ്പുറത്തെ വീട്ടിലുള്ള ഡെല്ലിനും കോഡിക്കും ഇടയിൽ ഒരു പ്രത്യേക ബന്ധം ഉടലെടുക്കുകയാണ്. പിന്നീട് ഈ കഥാപാത്രങ്ങൾക്ക് സംഭവിക്കുന്ന കാര്യങ്ങളും മറ്റും ഒക്കെയാണ് ചിത്രത്തിന്റെ പ്ലോട്ട്, ഡ്രാമ ജോണറിൽ പെട്ട സിനിമകളോട് താല്പര്യം ഉള്ളവർക്ക് പരീക്ഷിച്ച് നോക്കാവുന്നതാണ്.

Verdict : Very Good

DC Rating : 80/100

Thursday, July 16, 2020

836. The Chaos Class (1975)



Director : Ertem Eğilmez

Genre : Comedy

Rating : 8.7/10

Country : Turkey

Duration : 86 Minutes


🔸നമ്മൾ എല്ലാവരും തന്നെ ജീവിതത്തിൽ സ്‌കൂളിന്റെ പടി നടന്ന് കയറിയിട്ടുള്ളവരാണ്, നമ്മളിൽ മിക്കവരും കോളേജ് വിദ്യാഭ്യാസം നേടിയവരും, നമ്മളിൽ ചിലരെങ്കിലും അതിന് മുകളിലേക്ക് പഠിച്ചവരുമാണ്. ഈ കാലഘട്ടങ്ങൾ പോലെ മനോഹരമായ വേറൊന്ന് പിന്നീട് ഉണ്ടാവില്ല എന്നത് മുന്നേ പോയ പലരുടെയും അനുഭവങ്ങളിലൂടെയും അഭിപ്രായങ്ങളിലൂടെയും അറിഞ്ഞതുമാണ്. ഒരുപാട് നല്ല ഓർമകളും രസകരമായ കഥാപാത്രങ്ങളും എല്ലാം നമ്മളീ കാലഘട്ടത്തിൽ കണ്ട് പരിചയിച്ചിട്ടുണ്ടാവും, ഇതൊക്കെ തന്നെയാണ് ഹബാബൻ സിനിഫി അഥവാ കായോസ് ക്‌ളാസ്സിന്റെ പ്രമേയവും.

🔸ഒരു ക്‌ളാസ് മുറിയിൽ കാമറ കൊണ്ടുവെച്ച് ടീച്ചറും വിദ്യാർത്ഥികളും ഒന്നും അറിയാതെ ഷൂട്ട് ചെയ്‌താൽ എങ്ങനെ ഇരിക്കുമോ അത്രയും സ്വാഭാവികതയോടെ ആണ് കായോസ് ക്ലാസ് തയാറാക്കിയിരിക്കുന്നത്. ടീച്ചറും വിദ്യാർത്ഥികളും തമ്മിലുള്ള ഇടപഴകലുകളും കൊമെടികളും എല്ലാം തന്നെ ഒട്ടും ഫോസ്ഡ് ആയി തോന്നാത്ത രീതിയിലാണ് ചിത്രത്തിൽ ഉള്ളത്, പല സീനുകളും നന്നായി റിലേറ്റ് ചെയ്യാൻ പറ്റിയതുമാണ്. ചില രംഗങ്ങളിൽ വിദ്യാർഥികൾ എടുക്കുന്ന നമ്പറുകൾ കാണുമ്പോഴാണ് ഇവയെല്ലാം എഴുപതുകൾ മുതലേ ഉണ്ടായിരുന്നോ എന്ന തോന്നൽ ഉടലെടുക്കുന്നത്, അവയെല്ലാം ഒരിക്കൽ എങ്കിലും സ്വന്തം ക്‌ളാസ് മുറിയിൽ പയറ്റിയവർ ആയിരിക്കും നമ്മൾ ഓരോരുത്തരും.

🔸കഥയിലേക്ക് കടക്കുക ആണെങ്കിൽ ഒരു കോളേജ് ആണ് കഥാ പശ്ചാത്തലം, പിന്നെ ഈ കോളേജിന് ഉള്ള പ്രത്യേകത എന്താണെന്നാൽ സകലമാന ഉഡായിപ്പും, തക്കിട തരികിട പരിപാടികളിലും കഴിവ് തെളിയിച്ച ഒരുകൂട്ടം വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്, ആരോ മനഃപൂർവം തിരഞ്ഞെടുത്തത് പറഞ്ഞയച്ചത് പോലെ, പഠിക്കാനായി വരുന്നവർ ഒന്നോ രണ്ടോ മാത്രം അവർ ആണെങ്കിൽ നമ്മളീ പഠിപ്പിസ്റ്റ് എന്ന പട്ടം ചേർത്ത് പറയുന്ന സ്റ്റീരിയോ ടൈപ്പിന്റെ ഉത്തമ ഉദാഹരണങ്ങളും. ഇവന്മാരെ കൊണ്ട് സത്യത്തിൽ മാഷന്മാർ ആകെ പൊറുതി മുട്ടിയിരിക്കുകയാണ്. ഈ ഒരു പശ്ചാത്തലത്തിലാണ് അവിടേക്ക് പുതിയൊരു അധ്യാപകൻ കടന്ന് വരുന്നത്.

🔸ഈ പുതുതായി വന്ന അധ്യാപകനും വിദ്യാർത്ഥികൾക്കും ഇടയിലെ ചെറിയ ചില തമാശകളും കാര്യങ്ങളും ഒക്കെയായി നല്ല രസകരമായ രീതിയിലാണ് കഥ മുന്നോട്ട് പോവുന്നത്. ഈ ക്‌ളാസ് റൂം രംഗങ്ങൾ തന്നെയാണ് ചിത്രത്തിന്റെ സിംഹ ഭാഗവും, ഒന്നേമുക്കാൽ മണിക്കൂറിൽ താഴെ ഉള്ള ചിത്രം ഒരിടത്ത് പോലും ബോർ അടിപ്പിക്കുന്നില്ല. തുർക്കിഷ് സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമകളിൽ ഒന്നാണ് കായോസ് ക്‌ളാസ്, പിന്നീട് അഞ്ചോളം തുടർ ഭാഗങ്ങൾ വന്നിട്ടുണ്ട് എങ്കിലും എണ്ണം കൂടും തോറും നിലവാരം താഴോട്ട് ആയിരുന്നു, അപ്പൊ താല്പര്യം ഉള്ളവർക്ക് കണ്ട് നോക്കാവുന്നതാണ്.

Verdict : Good

DC Rating : 75/100

Wednesday, July 15, 2020

835. First Cow (2019)



Director : Kelly Reichardt

Genre : Drama

Rating : 7.2/10

Country : USA

Duration : 122 Minutes


🔸കഴിഞ്ഞ വർഷം അവസാനം ടിഫ് ഫെസ്റ്റിൽ പ്രദര്ശിപ്പിക്കപ്പെട്ട ചിത്രങ്ങളുടെ കൂട്ടത്തിലാണ് ഫസ്റ്റ് കൗ എന്ന ചിത്രത്തിന്റെ പേര് ആദ്യമായി കേട്ടത്. മേളയിൽ മികച്ച പ്രതികരണങ്ങൾ സ്വന്തമാക്കിയ ചിത്രം നോട്ട് ചെയ്ത് വെച്ചിരുന്നു എങ്കിലും സിനോപ്സിസും മറ്റും കേട്ടതിൽ നിന്ന് വലിയ താല്പര്യം ഒന്നും തോന്നിയിരുന്നില്ല. പോകെ പോകെ ചിത്രത്തിന് യൂണിവേഴ്സൽ അക്ലെയ്ം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന റെസ്പോൺസ് ലഭിച്ചെങ്കിലും ഈ പതിറ്റാണ്ടിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി പ്രസ്തുത ചിത്രത്തെ തിരഞ്ഞെടുത്ത ഒരു റെപ്യുട്ടഡ് സൈറ്റിന്റെ പോസ്റ്റ് ആണ് ചിത്രത്തിനായി കാത്തിരിക്കാൻ ഒരു കാരണമായത്.

🔸ചിത്രത്തെ പറ്റി കൂടുതലായി പറയുന്നതിന് മുന്നേ ഒരു ചെറിയ മുന്നറിയിപ്പ് തരാം, അത്യാവശ്യം സ്ലോ ആയ രീതിയിൽ കഥ പുരോഗമിക്കുന്ന ഒരു ഡ്രാമാ ചിത്രമാണ് ഫസ്റ്റ് കൗ. ത്രില്ലിംഗ് മോമെന്റുകളോ ഞെട്ടിക്കുന്ന രംഗങ്ങളോ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല, കിട്ടാനും പോവുന്നില്ല. ക്യാപിറ്റലിസം പോലെയുള്ള വിഷയങ്ങളിൽ ഉൾപ്പെടെ പ്രത്യക്ഷമായും പരോക്ഷമായും പരാമർശിച്ച് പോവുന്ന സീരിയസ് ആയൊരു ചിത്രം തന്നെയാണ് ഫസ്റ്റ് കൗ, എല്ലാ വിഭാഗത്തിൽ പെട്ട കാഴ്ചക്കാർക്കും പറ്റിയത് അല്ല എന്ന് സ്പഷ്ടം. അത്രയും പറഞ്ഞ സ്ഥിതിക്ക് കഥയിലേക്ക് കടക്കാം.

🔸പ്രസന്റ് ടൈമിലാണ് ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത്, ഒരു ഔറ്റ്ഹൗസ് ഫാമിലൂടെ തന്റെ നായയോടൊപ്പം ഉലാത്തുകയാണ് പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഒരു യുവതി. ഈ നടത്തത്തിന് ഇടയിലാണ് നായ തൊട്ടടുത്തുള്ള ഒരു നിലത്തിൽ വിചിത്രമായ എന്തോ കാണുന്നതും അതിന് പിറകെ പാഞ്ഞതും. നായയ്ക്ക് പിറകെ പോയ യുവതി കാണുന്നത് ഒരു മനുഷ്യന്റെ തലയോട്ടിയാണ്, തുടർന്ന് അവിടെ തന്നെ ഒന്നലധികം മനുഷ്യരുടെ അസ്ഥികൂടങ്ങൾ അവിടെ നിന്നും കണ്ടെടുക്കുകയാണ്. ഇതിന്റെ ഒരു ബാക്ക് സ്റ്റോറി എന്ന നിലയ്ക്കാണ് ബാക്കി കഥ പറഞ്ഞ് പോവുന്നത്.

🔸ഈ ഫ്ലാഷ് ബാക്കിന്റെ പശ്ചാത്തലം പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ പാതിയാണ്, അതായത് വ്യാവസായിക വിപ്ലവം ഒക്കെ പിച്ച വെച്ച് തുടങ്ങിയ സമയം. ഈ സമയത്ത് പല ദിക്കുകളിൽ നിന്നും വന്ന് വിധി കാരണം ഒരുസ്ഥലത്ത് ഒത്തുചേരേണ്ടി വന്ന് അല്ലറ ചില്ലറ കച്ചവടങ്ങളും കൂലിപ്പണിയും ഒക്കെ ചെയ്ത് ജീവിച്ച് പോവുന്ന ഒരു കമ്യുണിറ്റിയെ നമ്മൾ പരിചയപ്പെടുകയാണ്, പിന്നീടുള്ള കഥ അവരുടേതാണ്. മുന്നേ പറഞ്ഞ വാണിങ് മനസ്സിൽ വെച്ച്, താല്പര്യം തോന്നുന്നെങ്കിൽ മാത്രം കാണാൻ ശ്രമിക്കുക.

Verdict : Good

DC Rating : 75/100

Tuesday, July 14, 2020

834. A Long Story (2012)



Director : Osman Sınav

Genre : Drama

Rating : 7.6/10

Country : Turkey

Duration : 121 Minutes


🔸ലോങ്ങ് സ്റ്റോറി, പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു നീണ്ട കഥയാണ് ചിത്രത്തിന്റേത്, നമ്മുടെ നറേറ്റർ ആയ മുസ്‌തഫയുടെ വാക്കുകൾ കടം എടുക്കുക ആണെങ്കിൽ ഒരു സിനിമയ്ക്ക് വേണ്ടി പറഞ്ഞ് തീർക്കാവുന്ന എന്നാൽ മൂന്ന് തലമുറകളും പതിറ്റാണ്ടുകളും നീണ്ട് നിന്ന ഒരു എപിക് സ്റ്റോറി. തുർക്കയിലെ ഒരു ഗ്രാമ പ്രദേശത്തെ റെയിൽവേ സ്റ്റേഷനിൽ അമ്പതുകളിൽ ഒരു ട്രെയിൻ വന്ന് നിർത്തുന്നതിൽ തുടങ്ങി എഴുപതുകളിൽ മറ്റൊരു ട്രെയിൻ സ്റ്റേഷൻ വിട്ട് പോവുന്നത് വരെയുള്ള രണ്ട് മണിക്കൂർ മനോഹരമായ രീതിയിൽ കഥ പറയുന്നുണ്ട് ഈ ചിത്രം.

🔸ലോങ്ങ് സ്റ്റോറി എന്ന സിനിമയുടെ ഫോക്കസ് മകൻ അച്ഛൻ ബന്ധമാണ്, അതിന് രണ്ട് മികച്ച ഉദാഹരണങ്ങൾ ചിത്രത്തിലുണ്ട്. സുലൈമാൻ, അലി, മുസ്തഫ എന്നിവർ യഥാക്രമം മുത്തച്ഛൻ, അച്ഛൻ മകൻ എന്നിങ്ങനെ പരസ്പരം ബ്ലഡ് റിലേഷൻ ഉള്ളവരാണ്. ഇതിൽ തന്നെ സുലൈമാൻ എന്ന കഥാപാത്രം ഒരു നിമിഷം പോലും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നില്ല, അലിയുടെ വാക്കുകളിലൂടെയാണ് അയാളെ നമ്മൾ അറിയുന്നത്. തന്റെ അച്ഛൻ ബൾഗേറിയയിലെ ഏറ്റവും മികച്ച ഗുസ്തിക്കാരിൽ ഒരാളും, സകലരും ബഹുമാനിച്ചിരുന്ന വ്യക്തിത്വവും, അതിലും ഉപരി നല്ലൊരു മനുഷ്യനും ഒക്കെ ആയിരുന്നു എന്ന് പറയുമ്പോൾ ഉള്ള അലിയുടെ മുഖത്തെ അഭിമാനം ആ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്.

🔸സുലൈമാൻ മറ്റുള്ള കഥാപാത്രങ്ങളുടെ വാക്കുകളിലൂടെ തന്റെ പ്രസൻസ് അറിയിക്കുന്നുണ്ട് എങ്കിലും അലി, മുസ്തഫ ബന്ധമാണ് ചിത്രത്തിന്റെ സിംഹ ഭാഗവും ചർച്ച ചെയ്യുന്നത്. അലി മനിരയെ വിവാഹം കഴിച്ചത് സ്വന്തം നാട്ടിൽ ഒരല്പം ഒച്ചയും ബഹളവും ഒക്കെ സൃഷ്ടിച്ചാണ്, വലിയ സാമൂഹിക സാമ്പത്തിക അന്തരം ഒക്കെയുള്ള അവർ വിവാഹം കഴിഞ്ഞ ശേഷം തുർക്കിയിലേക്ക് പലായനം ചെയ്യുക ആയിരുന്നു. പിന്നീട് അപരിചിതമായ ഒരു സ്ഥലത്ത് വന്നെത്തുന്ന ആ കുടുംബം അല്ലറ ചില്ലറ ചെറിയ ജോലികൾ ഒക്കെ ചെയ്ത് മുന്നോട്ട് പോവുകയാണ്. അലിയെ കുറിച്ച് മകൻ മുസ്തഫ ഓർമ്മകൾ നറേറ്റ് ചെയ്യുന്ന പോലെയാണ് സിനിമ പുരോഗമിക്കുന്നത്.

🔸തന്റെ തൊഴിൽ മേഖലയിലും മറ്റും സഹ തൊഴിലാളികളുടെ ആവശ്യത്തിനും അവകാശത്തിനും ഒക്കെയായി ശബ്ദം ഉയർത്തുന്ന സ്വഭാവക്കാരാണ് ആണ് അലി, സോഷ്യലിസ്റ്റ് അലി എന്ന വിളിപ്പേര് സ്വന്തമായുള്ള പുള്ളി എല്ലാ കാലത്തും ഒരു റിബല്ല്യസ് മനോഭാവം വെച്ച് പുലർത്തിയ ആളാണ്. അലിയെ ഫോക്കസ് ചെയ്ത് കാണിക്കുന്നതിനോടൊപ്പം തന്നെ മുസ്‌തഫയുടെ ജീവിതവും ചിത്രം വിഷയമാക്കുന്നുണ്ട്, ഇവയെല്ലാം ഇടകലർത്തിയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതും. സ്‌ക്രീനിൽ വരാത്ത സുലൈമാൻ തൊട്ട് ഏറ്റവും ഒടുവിൽ കഥയുടെ ഭാഗമാവുന്ന ഫരീദ വരെ മികച്ച ഒരുപിടി കഥാപാത്രങ്ങളും, നല്ല ദൃശ്യങ്ങളും, കഥയും എല്ലാം ചിത്രത്തിന്റെ പ്ലസ് പോയിന്റുകളാണ്.

Verdict : Very Good

DC Rating : 80/100

Monday, July 13, 2020

833. Greyhound (2020)



Director : Aaron Schneider

Genre : War

Rating : 7.5/10

Country : USA

Duration : 91 Minutes


🔸കോവിഡ് വ്യാപനം കാരണം ലോകത്താകമാനം ഉള്ള സിനിമാ കൊട്ടകകളും പ്രദർശന വേദികളും എല്ലാം അടച്ചപ്പോൾ ഏറ്റവും കൂടുതൽ അതിന്റെ പരിണിതഫലങ്ങൾ അനുഭവിക്കേണ്ടി വന്ന ചിത്രങ്ങളിൽ ഒന്ന് ഗ്രെയ്‌ഹോണ്ട് ആയിരിക്കും. തിയേറ്റർ റിലീസ് തീരുമാനിച്ചിരുന്ന പ്രസ്തുത ചിത്രം ഒടുവിൽ ഒട്ടീട്ടി പ്ലാറ്റ്‌ഫോമുകളിൽ അഭയം പ്രാപിക്കുക ആയിരുന്നു. സത്യത്തിൽ ഇതൊരു നഷ്ടമാണ് കാരണം നല്ലൊരു സൗണ്ട് സിസ്റ്റത്തിന്റെ അകമ്പടിയോടെ വലിയൊരു സ്‌ക്രീനിൽ കാഴ്ച അർഹിച്ചിരുന്നൊരു ചിത്രമാണിത്. അങ്ങനെ ഒരു അനുഭവം ആയിരുന്നെങ്കിൽ ഒരുപക്ഷെ മികച്ചൊരു സിനിമാറ്റിക് എക്സ്പീരിയൻസ് നൽകാൻ ചിത്രത്തിന് കഴിഞ്ഞേനെ.

🔸രണ്ടാം ലോക മഹായുദ്ധ സമയമാണ് നമ്മുടെ കഥാ പശ്ചാത്തലം, യുറോപ്പിൽ യുദ്ധം കനത്ത രീതിയിൽ പുരോഗമിക്കുകയാണ്. യുദ്ധഭൂമിയിൽ ഉള്ള പട്ടാളക്കാർക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങളും മറ്റ് വസ്തു വകകളും എല്ലാം ലോകത്തിന്റെ പല ഭാഗത്ത് നിന്നും വരുന്നുണ്ട്, ഇവയിൽ വളരെ പ്രധാനപ്പെട്ട ഒരു മാർഗമാണ് നോർത്ത് അമേരിക്കയിൽ നിന്നും പുറപ്പെട്ട് ബ്ലാക്ക് പിറ്റ് വഴി ഇംഗ്ലണ്ടിലെ ലിവർപൂളിൽ എത്തുന്ന മാർഗം. വർഷങ്ങളായി ഇതുവഴി കപ്പൽ സഞ്ചാരം ഉണ്ടെങ്കിലും ഇപ്പോൾ, ഈ യുദ്ധ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ കുറച്ച് വ്യത്യസ്തമാണ്, അതാണ് കഥയുടെ പ്രസക്തിയും.

🔸നോർത്ത് അമേരിക്കയിൽ നിന്നും വരുന്ന കപ്പലുകൾക്ക് സുരക്ഷയൊരുക്കി മുന്നിൽ നിൽക്കുന്നത് ഗ്രേഹോണ്ട് എന്ന പടക്കപ്പലാണ്, അതിന്റെ അമരത്ത് പരിചയസമ്പന്നനായ ക്യാപ്റ്റൻ ഏർനെസ്റ്റ് ക്രുസും. അമേരിക്കയിൽ നിന്നും ഇംഗ്ലണ്ടിലേക്കുള്ള വഴിയേ ഏറെക്കുറെ തൊണ്ണൂറ് ശതമാനം സമയവും കപ്പലുകൾക്ക് വായുമാർഗം സുരക്ഷ ഉറപ്പ് വരുത്താൻ എയർ ഫോഴ്സിന് കഴിയുമെങ്കിലും ഒരു ചെറിയ പ്രശനം ഉണ്ട്, ബ്ലാക്ക് പിറ്റിന്റെ രൂപത്തിൽ. ഈ പ്രദേശത്ത് എയർ മാർഗം ഉള്ള വിഹാരം അസാധ്യമാണ്, അതായത് സുരക്ഷാ കവചം ഇല്ലാതെയാണ് ഇതുവഴി പോവുന്ന കപ്പലുകളുടെ സഞ്ചാരം.

🔸ഗ്രെയ്‌ഹോണ്ടിന്റെ മിഷൻ പരാജയപ്പെട്ടാൽ, അത് കാരണം ശത്രുക്കൾക്ക് ലഭിക്കാൻ സാധ്യതയുള്ള മുൻ‌തൂക്കം ഊഹിക്കാൻ പോലും കഴിയാത്തതാണ്, ഒരുപക്ഷെ യുദ്ധത്തിന്റെ ഗതി വരെ മാറി മറിഞ്ഞേക്കാം, അങ്ങനെ ബ്ലാക്ക്പിറ്റിൽ വെച്ച് എന്ത് വേണമെങ്കിലും സംഭവിക്കാം എന്ന നിലയിൽ കഥ മുന്നോട്ട് പോവുകയാണ്. ടോം ഹാങ്ക്സ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ ലവ് ലൈഫ് അനാവശ്യമായി തോന്നി എന്നതൊഴിച്ചാൽ അത്യാവശ്യം എന്ജോയ് ചെയ്ത് കണ്ട സിനിമ തന്നെയാണ് ഇത്, നല്ല ഒരു എന്റർടെയിനർ. തൊണ്ണൂറ് ശതമാനത്തോളം ഇഫക്ടുകളാണ് എങ്കിലും അവയൊന്നും തന്നെ മോശമായി തോന്നിച്ചതേ ഇല്ല, നിലവാരം പുലർത്തിയിരുന്നു. ആകെ മൊത്തം ഒരു തവണ കാണാനുള്ളതെല്ലാം ഈ ചിത്രത്തിലുണ്ട്.

Verdict : Good

DC Rating : 70/100

Sunday, July 12, 2020

832. Somersault In A Coffin (1996)



Director : Derviş Zaim

Genre : Drama

Rating : 7.8/10

Country : Turkey

Duration : 76 Minutes


🔸മുഹ്‌സിൻ ഒരു റിട്ടാർഡ് ആണ്, സാധാരണ ഉള്ള മനുഷ്യരുടെ ബുദ്ധി വളർച്ചയോ കാര്യങ്ങൾ എക്സ്പ്രസ് ചെയ്യാനുള്ള കഴിവോ, വസ്തുതകൾ ഗ്രഹിക്കാനുള്ള ശേഷിയോ ഒന്നും അയാൾക്കില്ല. മറ്റുള്ളവരോട് നേരാംവണ്ണം സംസാരിക്കാറ് പോലുമില്ല അയാൾ, അത് എത്ര പരിചയം ഉള്ള ആളാണെങ്കിലും. സോമേഴ്‌സോൾട്ട് ഇൻ എ കോഫിൻ എന്ന ചിത്രം മുഹ്‌സിന്റെ കഥയാണ്, ഒരല്പം ഡിപ്രസിങ് ആയ കണ്ട് കഴിയുമ്പോൾ ഹോണ്ട് ചെയ്യുന്ന ഒരു കഥ. ട്രാജിക്കൽ ടോണിലാണ് ചിത്രം ആദ്യം തൊട്ട് അവസാനം വരെ കഥ പറഞ്ഞ് പോവുന്നത്, ഒടുവിൽ ഒരല്പം പെയിൻഫുൾ ആയൊരു എൻഡിങ്ങും കൂടി ആവുമ്പോൾ പൂർണം.

🔸തുർക്കിയിലെ ഗ്രാമ പ്രദേശങ്ങളിൽ ഒന്നിൽ മീൻ പിടുത്തക്കാരായ ഒരു വിഭാഗം ആളുകളോടൊപ്പമാണ് മുഹ്‌സിൻ ജോലി ചെയ്യുന്നത്, ഒരു അസിസ്റ്റന്റിനെ പോലെ. പ്രത്യക്ഷത്തിൽ അവൻ വലിയ പണി ഒന്നും എടുക്കുന്നില്ല, പുഴയിലേക്ക് പോവുന്നു പോലുമില്ല, പക്ഷെ വല കെട്ടുക മീൻ കൊട്ടയിലേക്ക് കേറ്റുക പോലെയുള്ള നിർദോഷകരമായ പരിപാടികളിൽ അവന്റെ കയ്യുണ്ട്, ഈ അണ്ണാറക്കണ്ണനും തന്നാൽ ആയത് പോലെ എന്നൊക്കെ പൊതുവെ പറയില്ലേ, അത് തന്നെ. കാര്യമായ വരുമാനം ഒന്നും മുഹ്സിന് ഈ പരിപാടിയിലൂടെ ലഭിക്കാറില്ല, കച്ചവടം കഴിഞ്ഞ് പോണ പോക്കിൽ മുതലാളി ഒരു തുക കയ്യിൽ കൊടുത്താലായി, ചിലപ്പോ കിട്ടിയെന്നും വരില്ല.

🔸പിന്നെ മുഹ്സിന് ഒരു ചെറിയ സ്വഭാവമുണ്ട്, ഈ സ്വഭാവമേന്മ കാരണം കൈ നിറയെ തല്ല് പല ഭാഗത്ത് നിന്നും പല ആളുകളിൽ നിന്നും അവൻ വാങ്ങി കൂട്ടിയിട്ടുണ്ട്. സ്വഭാവം മറ്റൊന്നുമല്ല, മോഷണം തന്നെ, ഇത് കാരണം ഒട്ടനവധി തവണ അവൻ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിയും വന്നിട്ടുണ്ട്. ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വാക്ക് കടം എടുക്കുക ആണെങ്കിൽ ഇവനെ ശിക്ഷിച്ചിട്ട് ജഡ്ജിക്കും, തല്ലിയിട്ട് പോലീസുകാർക്കും, ഒപ്പം താമസിച്ച ജയിൽ പുള്ളികൾക്കും വരെ മടുത്തു, എന്നിട്ടും ഇവൻ നിർത്തിയതേ ഇല്ല. ഈ ഒരു പശ്ചാത്തലമാണ് കഥയുടെ ടെർനിങ് പോയിന്റ് എന്ന് പറയാം.

🔸കഥ നടക്കുന്ന സമയം ഒരു മഞ്ഞുകാലമാണ്, തുർക്കിയിൽ ആണെങ്കിൽ ഇത് ഏറ്റവും തണുത്ത മാസങ്ങളിൽ ഒന്നും. പൊതുവെ വഴിവക്കിലും കൺസ്ട്രക്ഷൻ സൈറ്റിലും ഒക്കെ കിടന്നുറങ്ങി പതിവുള്ള മുഹ്‌സിൻ ഒരു നാൾ തണുപ്പ് സഹിക്കാതായപ്പോൾ ഒരു കടുംകൈ ചെയ്യുകയാണ്, തന്റെ മുന്നിൽ വന്ന് നിർത്തിയ ഒരു കാർ അവൻ അടിച്ചോണ്ട് പോവുകയാണ്, ആ വണ്ടി ആണെങ്കിൽ ഒരു പ്രമുഖ വ്യക്തിയുടെയും. ഇവിടെ നിന്നും പിന്നീട് കഥ ചൂട് പിടിച്ച് പോവുകയാണ്, നല്ല അഭിനയവും ദൃശ്യങ്ങളും ഒക്കെ ചിത്രത്തിന്റെ സവിശേഷതയാണ്, ഒരല്പം സ്ലോ ആയി തോന്നിയേക്കാം എങ്കിലും നല്ലൊരു കഥയാണ് ചിത്രത്തിന്റേത്, താല്പര്യം തോന്നുന്നെങ്കിൽ കാണാം.

Verdict : Good

DC Rating : 75/100

831. When Pigs Have Wings (2011)



Director : Sylvain Estibal

Genre : Comedy

Rating : 7/10

Country : France

Duration : 99 Minutes


🔸അധികം സീരിയസ് ആയി കാര്യങ്ങളെ സമീപിക്കേണ്ട ആവശ്യം ഇല്ലാതെ വളരെ കൂൾ ആയി കണ്ട് പോകാവുന്ന ഒരു ചിത്രമാണ് നിങ്ങളുടെ മൂഡ് ആവശ്യപ്പെടുന്നത് എങ്കിൽ വെൻ പിഗ്സ് ഹാവ് വിങ്‌സ് എന്ന ചിത്രം ധാരാളമാണ്. ഒന്നേമുക്കാൽ മണിക്കൂറിൽ താഴെ മാത്രം ദൈർഘ്യം ഉള്ള ചിത്രമാണ് ഇത്, ശക്തമായ അല്ലെങ്കിൽ ഗൗരവം അർഹിക്കുന്ന പല വിഷയങ്ങളും സൈഡിലൂടെ മെൻഷൻ ചെയ്ത് പോവുന്നുണ്ട് എങ്കിലും സ്ട്രെസ് ഫ്രീ ആയ അവതരണമാണ് ഹൈലൈറ്റ്. കഥയെ പറ്റി ഒന്നും അറിയാതെ കാണുന്നതാണ് ഒരുകണക്കിന് നല്ലത്, അത് കൊണ്ട് ഇവിടെ നിന്നും മടങ്ങിപ്പോയി സിനിമ കാണാൻ നിർദ്ദേശിക്കുന്നു.

🔸മീൻ പിടുത്തക്കാരനാണ് നമ്മുടെ കഥാനായകനായ ജാഫർ, ഇസ്രായേൽ പലസ്തീൻ അതിർത്തി പ്രദേശത്താണ് ജാഫറും ഭാര്യയും താമസിക്കുന്നത്. രണ്ട് വിഭാഗക്കാരും തമ്മിലുള്ള ബന്ധം കുപ്രസിദ്ധം ആയത് കൊണ്ട് തന്നെ സദാ സമയം പട്ടാളക്കാരുടെ സാന്നിധ്യം അവിടുണ്ട്, എന്തിനധികം പറയുന്നു പട്ടാളക്കാർ പട്രോളിംഗിന് ഇരിക്കുന്ന സ്ഥലങ്ങളിൽ ഒന്ന് ജാഫറിന്റെ വീടിന്റെ തൊട്ട് മുകളിലാണ്. കടലിൽ പോയി മീൻ പിടിച്ച് മാർക്കറ്റിൽ കൊണ്ട് വന്ന് വിൽക്കുന്ന മീൻ പിടിത്തക്കാരനാണ് ജാഫർ, അതിനെ കുറിച്ച് പറയുക ആണെങ്കിൽ സ്ഥിതി ദാരുണമാണ്.

🔸നിയമപ്രകാരം കരയിൽ നിന്നും നാല് കിലോമീറ്റർ പരിധിയിൽ മാത്രമേ മീൻ പിടിക്കാൻ ജാഫറിനും മറ്റുള്ളവർക്കും അനുമതിയുള്ളൂ, ഈ കാരണം കൊണ്ട് തന്നെ ലഭ്യത എന്നത് വലിയൊരു പ്രശ്നമാണ്, ഇനി അതും പോരെങ്കിൽ ഭാഗ്യം എന്ന സാധനം ജാഫർ നിൽക്കുന്നതിന്റെ ഒരു പത്ത് കിലോമീറ്റർ പരിധിയിൽ കൂടിയും പോയിട്ടില്ല. അങ്ങനെ മിക്ക ദിവസവും ദാരിദ്ര്യമാണ് ജാഫറിന്റെ വീട്ടിൽ, കടം കയറി കടം കയറി ആണെങ്കിൽ ഇനി അങ്ങോട്ട് മുടിയാൻ ഒന്നും തന്നെയില്ല എന്ന അവസ്ഥയും. കടക്കാർ വീട്ടിൽ കേറി വന്ന് തെറി പറയുന്ന അവസ്ഥ, പോരെങ്കിൽ വീട്ടുപടിക്കൽ നിൽക്കണ പട്ടാളക്കാരുടെ വെറുപ്പിക്കൽ വേറെ.

🔸ഇങ്ങനെ പോയി കൊണ്ടിരുന്ന ദിവസങ്ങളിൽ ഒന്നിലാണ് ഒരു അത്ഭുതം സംഭവിച്ചത്, വേറൊന്നുമല്ല മീൻ പിടിക്കാൻ പോയ ജാഫറിന്റെ വലയിൽ കുരുക്കിയത് ഒരു വിയറ്റ്നാമീസ് പന്നിയാണ്. മതാചാര പ്രകാരം പന്നി ജാഫറിന് നിഷിദ്ധമാണ്, പക്ഷെ ഒരു വരുമാനം അല്ലെങ്കിൽ പണം അയാൾക്ക് അത്യാവശ്യവുമാണ്, അതിനായി അയാളൊരു ഉപാധി കണ്ടെത്തുകയാണ്. പണികൾക്ക് ചിറക് മുളയ്ക്കുമ്പോൾ എന്ന ടൈറ്റിൽ തന്നെ പ്രതീക്ഷയുടെ സൂചനയാണ്, ഈ സിനിമയും അങ്ങനൊക്കെ തന്നെ.

Verdict : Very Good

DC Rating : 80/100

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...