Director : Leninbharathi
Genre : Drama
Rating : 8.8/10
Country : India
Duration : 122 Minutes
🔸മെയിന്റസ്ട്രീമിന് പുറത്തുള്ള കുറെ അധികം ഇന്ത്യൻ സിനിമകൾ റഡാറിൽ പതിയാത്ത പോയതായി പല വേളകളിൽ തോന്നിയിട്ടുണ്ട്. അലിഗർ എന്ന ഹിന്ദി സിനിമ ഒരുപാട് വൈകി കണ്ടതും, മുൽക് എന്ന ചിത്രം അപ്രതീക്ഷിതമായി കണ്ടതും എല്ലാം മേല്പറഞ്ഞ കാര്യത്തിന്റെ ഉദാഹരണങ്ങളായി എടുക്കാവുന്നതാണ്, ഇത്തരത്തിൽ ഒന്നാണ് മെർക്കു തുടർചി മലയ് എന്ന ചിത്രവും. പശ്ചിമ ഘട്ട മലനിരകൾക്ക് താഴെ ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ റഫ് ആയ ജീവിതം വരച്ച് കാട്ടുന്ന ചിത്രം സത്യത്തിൽ ഞെട്ടിച്ച് കളഞ്ഞു എന്ന് തന്നെ പറയാം.
🔸രംഗസാമി അഥവാ രങ്കു എന്ന നായക കഥാപാത്രം അതിരാവിലെ ഉറക്കം ഉണരുന്നിടത്ത് നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്. പിന്നീടങ്ങോട്ട് കുറെ സമയം നമ്മൾ ദിവസ വേതനക്കാരനായ രംഗസാമിയോടൊപ്പം ആങ് സഞ്ചരിക്കുകയാണ്. ജോലി എന്ന് പറയുമ്പോൾ കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത്, മലയിൽ നിന്നും ലോഡ് ഗ്രാമത്തിലേക്ക് എത്തിക്കുക പോലുള്ള കഠിനമായ ജോലിയാണ് അയാളുടേത്. തമിഴ് നാടിനോടും കേരളത്തോടും അതിർത്തി പങ്കിടുന്ന ഒരു മലയോര ഗ്രാമമാണ് നമ്മുടെ കഥാപശ്ചാത്തലം.
🔸കഥാപാത്ര വികസനത്തിനും മറ്റും അത്യാവശ്യം നല്ല തോതിൽ സമയം കൊടുത്ത്, സ്ലോ ആയ രീതിയിലാണ് ചിത്രം പുരോഗമിക്കുന്നത്, ആ ഒരു പെയ്‌സിങ്ങിനോടൊപ്പം നമുക്കും സഞ്ചരിക്കാൻ കഴിയില്ല എങ്കിൽ ആസ്വാദനത്തിന് പ്രശനം അനുഭവപ്പെട്ടേക്കാം. രംഗസാമി എന്ന കഥാപാത്രം അല്ലാതെ കേതര, ചാക്കോ, രവി, കങ്കാണി തുടങ്ങി ഇന്റെരെസ്റ്റിംഗ് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന വേറെയും കഥാപാത്രങ്ങൾ ചിത്രത്തിൽ വന്ന് പോവുന്നുണ്ട്, ഇവർക്കെല്ലാം തന്നെ ആവശ്യമായ സ്പെയ്സും ചിത്രത്തിലുണ്ട്.
🔸കഥ നടക്കുന്ന സ്ഥലത്തെ കഥാപാത്രങ്ങൾക്കും കഥയ്ക്കുമെല്ലാം പ്രാധാന്യം നൽകുന്നതാണ് ആദ്യ പാതി എങ്കിൽ രണ്ടാം പകുതി കുറച്ച് കൂടി പ്ലോട്ട് ഓറിയന്റഡ് ആണ്, ഇവിടെയാണ് കഥ കണ്ടെത്താൻ കഴിയുക, അതിന് മുൻപുള്ളതെല്ലാം പച്ചയായ ജീവിതം പകർത്തി വെച്ചതാണ്. കഥയിലേക്ക് വരികയാണെങ്കിൽ ഈ ഭൂമിയിൽ തന്റേത് എന്ന് പറയാൻ കഴിയുന്ന ഒരല്പം സ്ഥലം വേണം എന്നത് രംഗസാമിയുടെ സ്വപ്നമാണ്, അതിനായി അയാൾ അഹോരാത്രം പ്രയത്നിക്കുന്നുമുണ്ട്. പ്രയത്നത്തിനും ആഗ്രഹങ്ങൾക്കും അപ്പുറം തടസ്സങ്ങൾ അനവധിയാണ് രംഗസ്വാമിയുടെ മുന്നിൽ.
🔸ഇവിടുന്നങ്ങോട്ട് രംഗസ്വാമിയുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്, ചിലത് നല്ലതും മറ്റ് ചിലത് ദുരന്ത സമാനവും. ശക്തമായ ക്ലൈമാക്സ് പോർഷൻ ആണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്, ഒരുപാട് രീതിയിൽ നമുക്ക് അനുമാനിക്കാവുന്ന തരത്തിൽ ഒരു എൻഡിങ് ആണ് ചിത്രത്തിനും കഥാപാത്രങ്ങൾക്കും നൽകിയിരിക്കുന്നത്, അത്യാവശ്യം ഇമോഷണൽ ആയ സ്റ്റോറി ഒട്ടും ഓവർ മെലോഡ്രാമാറ്റിക് ആവാതെ അവതരിപ്പിച്ചതും ഇഷ്ട്ടപ്പെട്ടു, ഇളയരാജയുടെ സ്‌കോർ മികച്ചതായിരുന്നു. അപ്പൊ ധൈര്യമായി കാണാം ഈ ചിത്രം, അല്ല കാണണം.
Verdict : Must Watch
DC Rating : 90/100
No comments:
Post a Comment