Director : Ko Myoung-Sung
Genre : Mystery
Rating : 6.1/10
Country : South Korea
Duration : 106 Minutes
🔸രണ്ട് സിനിമകൾ പോലെയുള്ള രണ്ട് പകുതികൾ ആണ് ട്വൽത് സസ്പെക്റ്റ് എന്ന കൊറിയൻ സിനിമയുടെ പ്രത്യേകത. അതായത് ട്വൽവ് ആംഗ്രി മാനിന് മർഡർ ഓൺ ദി ഒരിയെന്റ് എക്സ്പ്രസിൽ ഉണ്ടായത് പോലെയുള്ള ഒരു ഗ്രൗണ്ടഡ് മർഡർ മിസ്റ്ററി ശൈലിയിൽ പോവുന്ന ആദ്യ പകുതിയും, നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു രീതിയിലേക്കും, സ്ഥലത്തേക്കും ഒക്കെ കടന്ന് പോവുന്ന രണ്ടാം പകുതിയും. ടോൺ കൊണ്ടും അവതരണം കൊണ്ടും പെർഫോമൻസ് കൊണ്ടും ഒക്കെ വേറിട്ട് നിൽക്കുന്ന ഈ രണ്ട് പകുതികൾ ചിത്രത്തിന് സഹായമാണോ ബാധ്യതയാണോ എന്ന് ചോദിച്ചാൽ വ്യക്തമായ ഒരുത്തരം തരാൻ കഴിഞ്ഞേക്കില്ല, പക്ഷെ ആസ്വദിക്കാൻ കഴിഞ്ഞിട്ടുമുണ്ട്.
🔸ഒരിയന്റൽ ടീഷോപ്പ് എന്ന കൊറിയയിലെ ഒരു പ്രശസ്ത ചായ കടയിലാണ് കഥ ആരംഭിക്കുന്നത്, ചില്ലറ ഫ്ലാഷ് ബാക്ക് രംഗങ്ങൾ ഒഴിച്ച് നിർത്തിയാൽ കഥയുടെ തൊണ്ണൂറ് ശതമാനം രംഗങ്ങളും ഇവിടെ തന്നെയാണ് അരങ്ങേറുന്നതും. സമൂഹത്തിന്റെ പല വിഭാഗങ്ങളിൽ പെട്ട പതിനൊന്നോളം ആളുകൾ സിനിമയുടെ ആരംഭത്തിൽ അവിടെ ഉണ്ട്, അന്നേ ദിവസത്തിന് ഒരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. പ്രത്യേകത വേറൊന്നുമല്ല, ഒരു കൊലപാതകം തൊട്ട് തലേ ദിവസം ആ ഗ്രാമത്തിൽ അരങ്ങേറിയിരുന്നു എന്നത് തന്നെ.
🔸കൊല്ലപ്പെട്ട വ്യക്തി ഒരു വളരെ പ്രശസ്തനായ കവി ആണ്, ഈ കേസ് അന്വേഷിക്കുന്നതിനായി ഒരു മിലിട്ടറി ഡിറ്റക്ടീവ് അവിടെ എത്തുന്നിടത്ത് നിന്നാണ് കഥ ചൂട് പിടിക്കുന്നത്. ആരംഭത്തിൽ ചായക്കടയിൽ സന്നിഹിതരായവരോട് ചില്ലറ വിശേഷങ്ങളും മറ്റുമൊക്കെ ചോദിച്ച് കൊണ്ട് അയാൾ ആരംഭിക്കുന്നുണ്ട് എങ്കിലും താമസിയാതെ തന്നെ അവർ എല്ലാവരും താൻ അന്വേഷിക്കുന്ന കേസിലെ സസ്പെക്റ്റുകൾ ആണ് എന്ന് അയാൾക്ക് മനസിലാവുകയാണ്. കൊല്ലപ്പെട്ട ആളെ കൊല്ലാൻ എല്ലാവര്ക്കും ഓരോ കാരണങ്ങൾ ഉണ്ടായിരുന്നു, എന്നാൽ ഇവരിൽ ആരാണ് അത് നിർവഹിച്ചത് എന്നത് ഇപ്പോഴും പിടികിട്ടാ ചോദ്യമായി തുടരുകയാണ്.
🔸ഈ കേസ് അന്വേഷണത്തിന്റെ ചുവട് പിടിച്ച് പുരോഗമിക്കുകയാണ് ആദ്യ പകുതി എങ്കിൽ രണ്ടാം പകുതി പൂർണമായും മറ്റൊരു തലത്തിലേക്ക് പോവുകയാണ്. കുറച്ച് ഡാർക്ക്, ഡിപ്രസിങ് ആയ രണ്ടാം പകുതിയോട് കീപ്പ് അപ്പ് ചെയ്യാൻ നിങ്ങൾക്ക് കഴിഞ്ഞാൽ ട്വൽത് സസ്പെക്റ്റ് നല്ലൊരു അനുഭവം ആയി മാറിയേക്കാം, അല്ലാത്ത പക്ഷം നിരാശ ആയിരിക്കും എൻഡ് റിസൾട്ട്. വളരെ പ്രത്യേകതകൾ ഉള്ളൊരു ക്ളൈമാക്സ് ആണ് ചിത്രത്തിന്റേത്, നമ്മൾ പ്രതീക്ഷിക്കുന്നതിൽ നിന്നും ഒരുപാട് അന്തരം പാലിച്ച് നിൽക്കുന്ന ഒന്ന്. നല്ലൊരു വാച്ചിന് ഉള്ളത് ഉണ്ട് ഈ സിനിമ, താല്പര്യം ഉണ്ടെങ്കിൽ കണ്ട് നോക്കുക.
Verdict : Good
DC Rating : 3.5/5
No comments:
Post a Comment