Thursday, May 13, 2021

1099. News Of The World (2020)



Director : Paul Greengrass

Genre : Western

Rating : 6.8/10

Country : USA

Duration : 119 Minutes


🔸വെസ്റ്റേണുകളുടെ കാലം പൊതുവെ കഴിഞ്ഞു എന്നൊരു വിശ്വാസം പലരിലും കണ്ടിട്ടുണ്ട്, ശെരിയാണ് മുൻ കാലങ്ങളിൽ പുറത്തിറങ്ങിയവയുടെ എണ്ണം വെച്ച് തട്ടിച്ച് നോക്കുക ആണെങ്കിൽ വളരെ കുറച്ച് സിനിമകൾ മാത്രമേ ആ വിഭാഗത്തിൽ പുറത്തിറങ്ങുന്നുള്ളൂ. പക്ഷെ നിലവാരം കീപ്പ് ചെയ്യുന്ന വെസ്റ്റേൺ സിനിമകൾ, പ്രത്യേകിച്ചും സ്ലോ ബർണർ ആയവ തരുന്ന ഒരു വേറിട്ട അനുഭവം ഉണ്ട്, അത് എത്രത്തോളം മിസ് ചെയ്തിരുന്നു എന്നത് ന്യുസ് ഓഫ് ദി വേൾഡ് കണ്ടപ്പോഴാണ് മനസിലായത്. ചുരുക്കി പറഞ്ഞാൽ ഈ ജോണറിൽ പെട്ട സിനിമകളുടെ ആരാധകർക്ക് ആസ്വദിക്കാൻ ഉള്ളതെല്ലാം ഈ ചിത്രത്തിലുണ്ട് എന്ന് തന്നെ.

🔸ടോം ഹാങ്ക്‌സിനെ ലോൺ ഔട്ട്ലോ ശൈലിയിൽ കാണുക എന്നതിന് അപ്പുറം ജോണർ ക്ലാസ്സിക്കുകളിൽ ഒന്നായ ജോൺ വെയ്നിന്റെ സെർച്ചേഴ്‌സ് എന്ന ചിത്രത്തിന്റെ ഒരു സ്വാധീനം കഥയിലും ദൃശ്യങ്ങളിലും എല്ലാം കാണാൻ കഴിഞ്ഞതാണ് ഈ ചിത്രം മോസ്റ്റ് ആന്റിസിപ്പേറ്റഡ് സിനിമകളിൽ ഒന്നായി മാറാൻ ഉള്ള കാരണം. പഴയ ചിത്രം പോലെ തന്നെ ഒരു പെൺകുട്ടിയെ അവളുടെ വീട്ടിലേക്ക് തിരികെ കൊണ്ട് വരാനുള്ള ഒരു ഔട്ട്ലോയുടെ ശ്രമമാണ് ഈ ചിത്രം. എന്നാൽ ഈ സാമ്യം ഒരു ബാധ്യതയാക്കി മാറ്റിയില്ല എന്നത് എടുത്ത് പറയേണ്ട കാര്യം തന്നെയാണ്.

🔸അമേരിക്കൻ സിവിൽ വാറിൽ സേവനം അനുഷ്ഠിച്ച വ്യക്തിയാണ് നമ്മുടെ കേന്ദ്ര കഥാപാത്രമായ ക്യാപ്റ്റൻ കിഡ്. യുദ്ധം കഴിഞ്ഞ് ഉദ്ദേശം അഞ്ച് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു, ഇന്ന് അയാൾ നാട് നീളെ യാത്ര ചെയ്ത്, ആളുകൾക്ക് വാർത്ത വായിച്ച് കൊടുത്താണ് ജീവിക്കാൻ ഉള്ള വക കണ്ടെത്തുന്നത്. പ്രായവും ഓർമകളും എല്ലാം അയാളെ തളർത്തി കളഞ്ഞിട്ടുണ്ട്, ബന്ധുക്കൾ എന്ന് പറയാൻ അയാൾക്ക് ആരും അവശേഷിക്കുന്നില്ല, ഉണ്ടായിരുന്ന ഒരു ഭാര്യയും മരിച്ചിട്ട് കാലം കുറെ ആയി. ഈ യാത്രയ്ക്ക് ഇടയിലാണ് അയാൾ ജോഹാന എന്ന പെൺകുട്ടിയെ കണ്ട് മുട്ടുന്നത്.

🔸അമേരിക്കയുടെ തെക്ക് കിഴക്കെ ഭാഗത്ത് ജനിച്ചവളാണ് അവൾ എങ്കിലും കിയാവോ വിഭാഗക്കാർ എടുത്ത് വളർത്തിയതാണ് അവളെ. ഉറ്റവർ എല്ലാം മരിച്ച് പോയ അവളെ തിരികെ നാട്ടിൽ എത്തിക്കാൻ ഉള്ള ദൗത്യം ക്യാപ്റ്റന്റെ മേൽ വന്ന് പതിക്കുകയാണ്. പിന്നീട് അമേരിക്കൻ ഗ്രാമ പ്രദേശങ്ങളിലൂടെ ഉള്ള ഒരു നീണ്ട യാത്ര ആരംഭിക്കുകയാണ്, ഈ യാത്രയ്ക്കിടയിൽ മറക്കാനാവാത്ത ഒരുപാട് സംഭവങ്ങളും കഥാപാത്രങ്ങളും എല്ലാം കടന്ന് വരുന്നുമുണ്ട്. നല്ല ചിത്രമാണ് ന്യുസ് ഓഫ് ദി വേൾഡ്, പ്രത്യേകിച്ചും വെസ്റ്റേൺ സിനിമകൾ ഇഷ്ട്ടം ഉള്ളവർക്ക് നല്ലൊരു അനുഭവം തന്നെ ലഭിച്ചേക്കും.

Verdict : Very Good

DC Rating : 4/5 

No comments:

Post a Comment

1329. The Burmese Harp (1956)

Director : Kon Ichikawa Cinematographer : Minoru Yokoyama Genre : War Country : Japan Duration : 116 Minutes 🔸രണ്ടാം ലോക മഹായുദ്ധത്തോളം സിന...