Director : Adam Rifkin
Genre : Drama
Rating : 6.9/10
Country : USA
Duration : 103 Minutes
🔸സിനിമ എന്ന ലോകം എന്നും കാഴ്ചക്കാരനെ മോഹിപ്പിച്ചിട്ടേ ഉള്ളൂ. സിനിമ നൽകുന്ന പേര് ,പണം ,പ്രശസ്തി സർവോപരി സമൂഹത്തിൽ ലഭിക്കുന്ന സ്ഥാനം ഇവയൊക്കെ അതിനുള്ള ഘടകങ്ങൾ ആണ്. ഒരിക്കൽ അനുഭവിച്ചാൽ പിന്നീട് ഒരിക്കലും മറക്കാനും ഒഴിവാക്കാനും കഴിയാത്ത അനുഭൂതി ആണ് സിനിമ എന്ന് കേട്ടിട്ടുണ്ട്. എന്നാൽ സിനിമയിൽ ജയിച്ചവരുടെ കഥ മാത്രമേ ആളുകൾ കേൾക്കാറുള്ളൂ ,അതിനും എത്രെയോ മടങ്ങ് തങ്ങളുടെ പ്രതീക്ഷകൾ ചാമ്പലായ ,ജീവിതം നഷ്ടപ്പെട്ടുപോയ ,തോറ്റുപോയവരാണ്. ഈ ചിത്രം അത്തരത്തിൽ ഉള്ള ഒരു പൂർവകാല നടന്റെ കഥയാണ്.
🔸ചിത്രത്തിലെ നായകനായ വിക് എഡ്വേർഡ്‌സിനെ കുറിച്ച് പറയുന്നതിന് മുന്നേ കഥാപാത്രത്തെ അവതരിപ്പിച്ച ബർട്ട് റെനോൾഡ്‌സിനെ പറ്റി പറയണം. എഴുപതുകളിലെ ഹോളിവുഡ് ചരിത്രത്തിൽ ഒഴിച്ച് കൂടാനാവാത്ത പേര് ആണ് റെനോൾഡ്‌സിന്റെത്. താൻ പ്രത്യക്ഷപ്പെട്ട ചിത്രങ്ങളിലെല്ലാം തീക്ഷ്ണവും ദൃഢവുമായ പ്രകടനം കാഴ്ചവെച്ച് പ്രേക്ഷക സ്വീകാര്യത നേടിയ നടൻ ആയിരുന്നു ബർട്ട് റെനോൾഡ്‌സ്.
🔸വർഷങ്ങൾ കഴിഞ്ഞുപോകവേ ഒരേ രീതിയിലുള്ള കഥാപാത്രങ്ങളുടെയും മോശം ചിത്രങ്ങളുടെയും ഭാഗമാവുന്നത് റെനോൾഡ്‌സ് ഒരു തുടർക്കഥ ആക്കിയപ്പോൾ പ്രേക്ഷകർ അയാളെ കൈവിടുക ആയിരുന്നു. ലാസ്റ്റ് മൂവി സ്റ്റാർ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ വിക്ക് എഡ്വേർഡ്‌സ് റെനോൾഡ്‌സിന്റെ ഒരു പതിപ്പാണെന്ന് പറയാം. പ്രതാപ കാലത്തിന്റെ ഒരു നിഴൽ മാത്രമാണ് എഡ്വേർഡ്‌സ് ഇന്ന്. ബഹളങ്ങളും ആരാധകരും അംഗീകാരങ്ങളും എല്ലാം ഒഴിഞ്ഞു പോയിരിക്കുന്നു.
🔸തന്റെ തന്നെ പഴയ കാല ഓർമകൾ അയവിറക്കിയും ,പഴയ സിനിമകളുടെയും വിഡിയോകളുടെയും കാഴ്ചക്കാരനായും സമയം തള്ളി തള്ളിനീക്കുകയാണ് എഡ്വേർഡ്‌സ്. വടിയുടെ സഹായം കൂടാതെ നടക്കാനാവാത്ത ,തന്നോടൊപ്പം കൂടെ ഉണ്ടായിരുന്ന വയസ്സായ നായയെ കൊല്ലാൻ നിർബന്ധിക്കപ്പെടുന്നിടത്താണ് വിക്കിനെ ചിത്രത്തിന്റെ ആരംഭത്തിൽ കണ്ട് മുട്ടുന്നത്. അവിടെ നിന്നും നാഷ്‌വിൽ ഫിലിം ഫെസ്റ്റിവലിൽ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം വാങ്ങാനുള്ള യാത്ര വിക് ആരംഭിക്കുകയാണ്.
🔸പുരസ്‌കാരം കൈപ്പറ്റാനായി നാഷ്‌വിലിൽ എത്തിയ വിക്കിന് അവിടെയും നിരാശയും അവഗണനകളും ആണ് നേരിടേണ്ടി വന്നെങ്കിലും ഒട്ടും പ്രതീക്ഷിക്കാത്ത മറ്റ് ചില കാര്യങ്ങളുടെ തുടക്കം ആയിരുന്നു അത് .താൻ ചെയ്ത് കൂട്ടിയ ചില തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്യാൻ ഈ വൈകിയ വേളയിൽ അയാൾക്ക് ഒരവസാന അവസരം ലഭിക്കുകയാണ്. റേറ്റിങ്ങിന് പ്രാധാന്യം നൽകാതെ കണ്ടാൽ ഇഷ്ടപ്പെട്ടേക്കാവുന്ന നല്ലൊരു ഇമോഷണൽ ഡ്രാമയാണ് ദി ലാസ്റ്റ് മൂവി സ്റ്റാർ.
Verdict : Good
No comments:
Post a Comment