Director : Kimberly Peirce
Genre : Drama
Rating : 7.6/10
Country : USA
Duration : 118 Minutes
🔸ഈ അടുത്ത ദിവസങ്ങളിൽ പത്രങ്ങളിലും വാർത്തകളിലും നിറഞ്ഞ് നിന്നൊരു സംഭവമായിരുന്നു ഭിന്നലിംഗരായ രണ്ട് പേർ തമ്മിലുള്ള വിവാഹം. പഴയ കാലഘട്ടത്തെ അപേക്ഷിച്ച് നല്ല പ്രതികരണമാണ് എല്ലായിടത്ത് നിന്നും കേൾക്കാനിടയായത് ,ഒറ്റപ്പെട്ട ചില മുറുമുറുപ്പുകൾ ഒഴിച്ചാൽ പ്രതീക്ഷാവഹമായ പ്രതികരണങ്ങൾ. ആ സംഭവങ്ങളുടെ പിറകെ പോയപ്പോഴാണ് പണ്ടെങ്ങോ കണ്ട് മറന്ന ഈ ചിത്രം ഓർമയിലേക്ക് വന്നത് ,ഒരു ഓർമപ്പെടുത്തൽ തന്നെ.
🔸പെണ്ണായി ജനിച്ചെങ്കിലും ആണായി മാറിയവളാണ് ടീന ബ്രാൻഡോൺ അഥവാ ഇന്നത്തെ ബ്രണ്ടൻ ടീന. പെണ്ണായി ജനിച്ചതിന് വിഷമമോ പശ്ചാത്താപമോ നിരാശയോ ഒന്നും തന്നെ ഒരുകാലത്തും ബ്രാൻഡണിന് ഉണ്ടായിട്ടില്ല ,അഭിമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്തിരുന്നാലും ഒരു പുരുഷനായി ജീവിക്കാനുള്ള ആഗ്രഹം അവന് അടക്കാൻ ആവാത്തതായിരുന്നു. അതിനാൽ തന്നെയാണ് ആ തീരുമാനത്തിൽ എത്തിച്ചേർന്നതും.
🔸ഒന്ന് പരീക്ഷിച്ച് നോക്കാം എന്ന ഉദ്ദേശത്തോട് കൂടിയാണ് മുടി പറ്റെ വെട്ടി ,വസ്ത്രങ്ങൾ എല്ലാം പുരുഷന്മാരുടേത് പോലെ ധരിച്ച് ആ ബാറിലേക്ക് കയറി ചെന്നത്. ആ നിമിഷങ്ങളിലെ ആഗ്രഹ സാഫല്യത്തിൽ അനുഭവിച്ച സ്വാതന്ത്ര്യവും മറ്റും അവനെ മാനസികമായും ശാരീരികമായും ഒരു പുരുഷനായി മാറ്റുകയായിരുന്നു. ജീവിച്ചുവളർന്ന പശ്ചാത്തലങ്ങൾ വിട്ടകന്ന് പുതിയൊരു ജീവിതം ആരംഭിക്കാനായാണ് ബ്രണ്ടൻ ഫാൾ സിറ്റിയിലേക്ക് എത്തുന്നത്.
🔸വേഷം മാറാം ,സ്വയം വിശ്വസിക്കാം ,മറച്ച് പിടിക്കാം എന്നാൽ ചുറ്റുമുള്ളവരെ പറഞ്ഞ് മനസിലാക്കാനും വിശദീകരിച്ച് കൊടുക്കാനും ഒട്ടും എളുപ്പമല്ലായിരുന്നു. പ്രത്യേകിച്ചും പോയകാലം നിലനിന്നിരുന്ന സമൂഹത്തിനും ആളുകൾക്കും ഒരു രീതിയിലും ന്യായീകരിക്കാൻ കഴിയാത്ത ഒരു പാതകമായിരുന്നു ബ്രാൻഡനിന്റെ ജീവിതം ,അതിനുള്ള മറുപടി പുച്ഛവും പരിഹാസവും അവഗണനയും എല്ലാം ചേർത്ത് സർവരും ചൊരിഞ്ഞ് കൊടുക്കുകയും ചെയ്തു ,വേണ്ടുവോളം.
🔸ചില ചിത്രങ്ങൾ കണ്ട് കഴിയുമ്പോൾ അവ യഥാർത്ഥ സംഭവങ്ങൾ ആധാരമാക്കിയുള്ളവ ആയിരുന്നു എന്നറിയുമ്പോഴാണ് ഞെട്ടൽ ഉളവാക്കുന്നത് ,ഷിൻഡ്‌ലേഴ്‌സ് ലിസ്റ്റ് പോലെ. ആ പട്ടികയിൽ നിസ്സംശയം ഉൾപ്പെടുത്താം ഈ ചിത്രത്തെയും. ചിത്രത്തിൽ പറഞ്ഞ കഥാപാത്രങ്ങൾ യഥാർത്ഥത്തിൽ ഭൂമിയിൽ ജീവിച്ചവരാണെന്നും ,പ്രതിപാദിച്ച സംഭവങ്ങൾ യാഥാർഥ്യത്തോട് നൂറ് ശതമാനം യോജിച്ച് നിൽക്കുന്നതാണെന്നും തിരിച്ചറിയുന്ന നിമിഷം ഒരു ഞെട്ടലല്ലാതെ മറ്റൊന്നും മനസിലുണ്ടാവില്ല ,ഒരു ശൂന്യത മാത്രം.
Verdict : Very Good
No comments:
Post a Comment