Director : Jean Luc Godard
Genre : Drama
Rating : 8.1/10
Country : France
Duration : 85 Minutes
🔸പഴയ കാല ഫ്രഞ്ച് ,നവ തരംഗ ചിത്രങ്ങളുടെ ആരാധകർ കേട്ടിരിക്കാൻ സാധ്യത ഉള്ള ഒന്നാണ് "സംവിധായകൻ ജീൻ ഗൊദാർദ് ആണെങ്കിൽ ക്യാമറ സ്വയം കറങ്ങിയിട്ടാണെങ്കിലും കൃത്യമായി ഒരു പെർഫെക്റ്റ് ഷോട്ട് കരസ്ഥമാക്കിയിരിക്കും" എന്ന തമാശ രൂപേണയുള്ള അഭിപ്രായം. പിഴവ് ഒരു രീതിയിലും പൊറുക്കാത്ത ,അതിന് ഇട നൽകാത്ത തന്റെ സിനിമയെ അതിന്റെ പരിപൂര്ണതയിൽ എത്തിക്കാൻ എന്തിനും തയ്യാറാവുന്ന സംവിധായകൻ എന്ന ഖ്യാതി ഗൊദാർദ് തന്റെ അധ്വാനം ഒന്ന് കൊണ്ട് മാത്രം നേടിയെടുത്തതാണ്.
🔸ഒരുവിധത്തിലും തന്റെ ചിത്രം മറ്റ് ചിത്രങ്ങളുടെ ആവർത്തനം ആവരുതെന്നും അവ മറ്റെല്ലാത്തിൽ നിന്നും മാറിനിൽക്കണം എന്നുമുള്ള ഗൊദാർദിന്റെ നിർബന്ധം ആദ്യ രംഗത്തിൽ നിന്ന് തന്നെ കാണാനാവും. കേന്ദ്ര കഥാപാത്രമായ നായിക അത്യന്തം വികാരം ഉളവാക്കുന്ന വസ്തുതകൾ ആണ് സംസാരിക്കുന്നതെങ്കിലും ഒരിടത്ത് പോലും മുഖം കാണിക്കുന്നില്ല ,ഇടതും വലതും പിൻഭാഗവും കാണിച്ചിട്ടും മുൻഭാഗം പ്രേക്ഷകന് കാണിച്ച് കൊടുക്കുന്നേയില്ല ഗൊദാർദ്.
🔸തെറ്റുകളുടെ ഒരു കൂമ്പാരമാണ് നായികയായ നാനയുടെ ജീവിതം. സിനിമ എന്ന സ്വപ്നം മനസ്സിൽ കേറിക്കൂടിയിട്ട് വർഷങ്ങളായി. ഒരവസരം കിട്ടിയാൽ ശോഭിക്കാനാവും എന്ന് നാനയ്ക്ക് ഉറപ്പുണ്ട് ,പോരാതെ അതിനാവശ്യമായ കഴിവും സൗന്ദര്യവും വേണ്ടുവോളം ഉണ്ട് താനും. എന്നാൽ ഇന്ന് ഒരു വലിയ തെറ്റിൽ നിന്നുമാണ് നാന യാത്ര ആരംഭിച്ചിരിക്കുന്നത് ,സിനിമയ്ക്ക് വേണ്ടി കുടുംബം ഉപേക്ഷിച്ചിരിക്കുന്നു.
🔸ലക്ഷക്കണക്കിന് ആളുകൾ പ്രതീക്ഷകളും പ്രത്യാശകളുമായി കടന്ന് വന്ന് ,അതിൽ വളരെ ചുരുക്കം മാത്രം രക്ഷപ്പെടുന്ന സിനിമാ മേഖല നാനയെ പോലെയുള്ള ഗ്രാമീണ യുവതിക്ക് അന്യമായിരുന്നു. തോൽക്കാൻ തയ്യാറാവാത്ത മനസ്സും ,ആർജവവും ഉള്ളതിനാൽ തന്നെ പൊരുതി നിൽക്കാനായിരുന്നു നാനയുടെ പദ്ധതി. ഒരുപാട് വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവന്ന നാന എത്തിപ്പെടുന്നത് വേശ്യാവൃത്തിയിലേക്കാണ്.
🔸തെറ്റുകളിൽ നിന്നും തെറ്റുകളിലേക്ക് കടന്ന് പോവുന്ന നാനയുടെ കഥ പന്ത്രണ്ട് ഭാഗങ്ങളായാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. എൺപത്തഞ്ച് മിനുട്ട് ദൈർഖ്യം ഉള്ള ചിത്രത്തിൽ പന്ത്രണ്ട് ഭാഗങ്ങൾ കൂട്ടി ചേർക്കുമ്പോൾ കാണുന്ന കഥയിൽ നിരാശയുണ്ട് ,വേദനയുണ്ട് ,ചതിയുണ്ട് ,പശ്ചാത്താപമുണ്ട് ,ദേഷ്യമുണ്ട് ,സർവോപരി ഒരുപാട് നാൾ മനസ്സിൽ നിറഞ്ഞു നിന്നേക്കാവുന്ന ഒരു സിനിമയുണ്ട്.
Verdict : Must Watch
No comments:
Post a Comment